കാമുകന്റെ ഭാര്യയെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയ മലയാളി യുവതിക്കെതിരേ വധശ്രമത്തിന് കേസ്

പത്തനംതിട്ട: മലയാളി നഴ്‌സ് കാമുകന്റെ ഭാര്യയെ കൊല്ലാന്‍ ക്വട്ടേഷന്‍ കൊടുത്തത് പ്രണയ തകര്‍ച്ചയെത്തുടര്‍ന്നെന്ന് പോലീസ്. ടീന ജോലി ചെയ്യുന്ന ആശുപത്രിയിലെ അനസ്‌തേഷ്യാ വിഭാഗം ഡോക്ടറുമായി 2015 മുതല്‍ പ്രണയത്തിലായിരുന്നു. ഡോക്ടര്‍ ടീനയോട് പ്രണയാഭ്യര്‍ഥന നടത്തുന്ന വീഡിയോ ഏതാനും വര്ഷം മുന്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

പ്രണയം നടിച്ച് വഞ്ചിച്ച കാമുകനോട് പ്രതികാരം ചെയ്യാനായി തിരുവല്ല സ്വദേശിനിയായ ടീന തെരഞ്ഞെടുത്ത വഴിയായിരുന്നു കാമുകന്‍റെ ഭാര്യയെ കൊല്ലുക എന്നത്. ഇതിനായി ഡാര്‍ക്ക്‌നെറ്റ് എന്ന ഇന്‍റര്‍നെറ്റ് ശൃംഖലയ്ക്ക് ജനുവരിയില്‍ ക്വട്ടേഷന്‍ നല്കുകയും തുടര്‍ന്ന് ഡിജിറ്റല്‍ കറന്‍സിയായ ബീറ്റ്‌കോയിന്‍ വഴി പണം കൈമാറുകയും ചെയ്തു.

ക്വട്ടേഷന്‍ ടീമിന് 10,000 ഡോളര്‍ (ഏകദേശം 6.5 ലക്ഷം രൂപ) നല്കുകയും ചെയ്തു. ഡോക്ടര്‍ വീട്ടില്‍ ഇല്ലാത്ത സമയവും മറ്റു വിശദാംശങ്ങളും ഇന്‍റര്‍നെറ്റിലൂടെ തന്നെ ടീന നല്‍കി. അപകട മരണമാണെന്ന് തോന്നുന്ന വിധത്തില്‍ കൊലപാതകം നടത്തണമെന്നായിരുന്നു ടീനയുടെ ആവശ്യം.

ഇത്തരത്തിലുള്ള ഇന്‍റര്‍നെറ്റ് ക്വട്ടേഷനുകളെ കുറിച്ച് അന്വേഷണം നടത്തുന്ന സിബിഎസ് ചാനലിന്‍റെ 48 മണിക്കൂര്‍ പരിപാടിയാണ് ടീനയെ കുടുക്കിയത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വഷണത്തിനൊടുവില്‍ പിടിയിലാവുകയും. ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിക്കുകയും ചെയ്തു. ഷിക്കാഗൊ ഡ്യൂപേജ് കൗണ്ടി കോടതിയില്‍ ഹാജരാക്കിയ ടീനയ്‌ക്കെതിരെ വധശ്രമത്തിനാണ് കേസ് ചാര്‍ജ് ചെയ്തിരിക്കുന്നത്.

കേസ് അടുത്തമാസം 15 ന് ഇനി പരിഗണിക്കും. ജാമ്യം ലഭിക്കാനുള്ള സാധ്യത കുറവാണെന്നാണ് നിയമ വിദഗ്ധര്‍ പറയുന്നത്. ജാമ്യം നല്‍കിയാല്‍ 1.65 കോടി രൂപ കെട്ടിവയ്‌ക്കേണ്ടതായും വരും. ശിക്ഷിച്ചാല്‍ 20 വര്‍ഷം തടവ് അനുഭവിക്കുകയും പിഴ ഒടുക്കുകയും വേണ്ടി വരും. പാസ്‌പോര്‍ട്ട് സറണ്ടര്‍ ചെയ്യാനും ഭര്‍ത്താവുമായും ഇരയുമായി യാതൊരു വിധത്തിലും ബന്ധപ്പെടാന്‍ പാടില്ലെന്നും പോലീസ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. അറസ്റ്റിലായ ടീനയെ ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.