അമേരിക്കൻ യാത്രയ്ക്ക് വിലക്ക്; ജേക്കബ് തോമസിനെ വീണ്ടും കുരുക്കിലാക്കി സര്‍ക്കാര്‍

തിരുവനന്തപുരം: സസ്‌പെന്‍ഷന്‍ കൂടാതെ ഡിജിപി ജേക്കബ് തോമസിനു വിദേശയാത്ര വിലക്കുമായി സര്‍ക്കാര്‍. ഇപ്പോഴത്തെ അച്ചടക്ക നടപടിയുടെ ഭാഗമായുള്ള അന്വേഷണവുമായി സഹകരിക്കാത്തതാണ് അനുമതി നിഷേധിക്കുന്നതിനു കാരണമായി ചീഫ് സെക്രട്ടറി പോള്‍ ആന്റണി ചൂണ്ടികാണിച്ചിരിക്കുന്നത്. വിവിധ സര്‍വകലാശാലകളില്‍ ക്ലാസെടുക്കുന്നതിന് അടക്കം അമേരിക്ക, കാനഡ, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിനുള്ള അനുമതിയാണു ചീഫ് സെക്രട്ടറി നിഷേധിച്ചത്.

കഴിഞ്ഞ ദിവസം ജേക്കബ് തോമസിനെ സര്‍ക്കാര്‍ രണ്ടാമതും സസ്‌പെന്‍ഡ് ചെയ്തിരുന്നു. വിജിലന്‍സ് ഡയറക്ടറായിരുന്ന ജേക്കബ് തോമസ് മന്ത്രിമാരടക്കമുള്ള ഉന്നത നേതാക്കള്‍ക്കെതിരേ അഴിമതിയുമായി ബന്ധപ്പെട്ടു കര്‍ശന നടപടി എടുത്തതായിരുന്നു സര്‍ക്കാരുമായി ഇടയാനുള്ള കാരണം. വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തു നിന്നു മാറ്റിയ ശേഷം പൊതു ചടങ്ങിലും സമൂഹ മാധ്യമങ്ങള്‍ വഴിയും സര്‍ക്കാരിനെ വിമര്‍ശിച്ചതിന്റെ പേരില്‍ തുടര്‍ന്നു അദ്ദേഹത്തെ സര്‍വീസില്‍സസ്‌പെന്‍ഡു ചെയ്യുകയായിരുന്നു.

അതിനു ശേഷമാണ് ഇപ്പോള്‍ ജേക്കബ് തോമസിന്റെ വിദേശ യാത്രക്കുളള അപേക്ഷ തള്ളിയത്. അമേരിക്ക, കാനഡ, സ്വിസര്‍ലന്‍ഡ് എന്നിവിടങ്ങളിലേക്കുള്ള യാത്രാനുമതി നല്‍കണമെന്നാവശ്യപ്പെട്ടാണു ജേക്കബ് തോമസ് കഴിഞ്ഞ മാസം 29 നു സര്‍ക്കാരിനെ സമീപിച്ചത്. ഈ മാസം 25 മുതല്‍ ഒരു മാസത്തെ വിദേശ സന്ദര്‍ശനത്തിനുള്ള അനുമതിയാണു സര്‍ക്കാരിനോടു തേടിയത്.