നഴ്‌സ്മാരുടെ സമരം ഒഴിവാക്കാന്‍ സര്‍ക്കാര്‍ ശമ്പള വിജ്ഞാപനം ഇറക്കി; ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം 20,000 രൂപ

തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെയും ജീവനക്കാരുടെയും ശമ്പളം പരിഷ്‌കരിച്ചുകൊണ്ട് ലേബര്‍ കമ്മിഷണര്‍ എ.അലക്‌സാണ്ടര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. സുപ്രീംകോടതി നിര്‍ദേശിച്ച ശമ്പളം ഉറപ്പാക്കിയില്ലെങ്കില്‍ സമരത്തില്‍നിന്നു പിന്മാറില്ലെന്നു യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ മുന്നറിയിപ്പു നല്‍കിയ പശ്ചാത്തലത്തിലാണു സര്‍ക്കാര്‍ ഇന്നുതന്നെ വിജ്ഞാപനമിറക്കിയത്. വിജ്ഞാപനം പരിശോധിച്ചശേഷം നാളത്തെ പണിമുടക്കു പിന്‍വലിക്കുന്നതിനെക്കുറിച്ചു തീരുമാനിക്കുമെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

50 കിടക്കകള്‍ വരെയുള്ള ആശുപത്രികളിലെ നഴ്‌സുമാര്‍ക്ക് 20000 രൂപ ശമ്പളമെന്ന സുപ്രീംകോടി സമിതിയുടെ നിര്‍ദേശം അട്ടിമറിച്ചതാണു സമരത്തിനു കാരണമായത്. പണിമുടക്കിക്കൊണ്ടു ചേര്‍ത്തലയില്‍നിന്നു നാളെ രാവിലെ 10ന് ലോങ് മാര്‍ച്ച് ആരംഭിക്കാനായിരുന്നു തീരുമാനം. ഇതേ തുടര്‍ന്നാണ് വിജ്ഞാപനം ഇറക്കി പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സര്‍ക്കാര്‍ തിരക്കിട്ട ശ്രമങ്ങള്‍ നടത്തിയത്.

ആശുപത്രി മാനേജ്‌മെന്റുകളെ നിരാശപ്പെടുത്താതെ നഴ്‌സുമാരെയും ആശുപത്രി ജീവനക്കാരെയും തൃപ്തരാക്കാനുള്ള മാര്‍ഗങ്ങളെക്കുറിച്ചു തൊഴില്‍ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ചര്‍ച്ചകള്‍ തുടരുകയാണ്.

നഴ്‌സുമാരുടെ ശമ്പളത്തില്‍ സുപ്രീംകോടതി നിയോഗിച്ച സമിതിയുടെ നിര്‍ദേശം ഇങ്ങനെ: 50 കിടക്കകള്‍വരെ-20000 രൂപ, 50 മുതല്‍ 100 കിടക്കകള്‍വരെ- 24400 രൂപ, 100 മുതല്‍ 200 കിടക്കകള്‍വരെ: 29400 രൂപ, 200ല്‍ കൂടുതല്‍ കിടക്കകളുണ്ടെങ്കില്‍-32400 രൂപ. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയില്‍ ഇതു ധാരണയായിരുന്നു.

ചട്ടപ്രകാരം വിഷയം മിനിമം വേജസ് ഉപദേശക സമിതിക്കുവിടണം. സുപ്രീംകോടതി നിര്‍ദേശത്തെ പാടെ അട്ടിമറിച്ചുകൊണ്ട് സമിതി ശുപാര്‍ശ ചെയ്തത് 100 കിടക്കകള്‍വരെ- 20000 രൂപ, 100 മുതല്‍ 300 കിടക്കകള്‍വരെ- 22000 രൂപ, 300 കിടക്കകള്‍ക്കു മുകളിലുള്ള ആശുപത്രികളില്‍ ഓരോ നൂറു കിടക്കയ്ക്കും 2000 രൂപ ശമ്പളമായി നല്‍കണം എന്നായിരുന്നു.