തൃശൂര്‍: പൊലീസിന്റെ മനുഷ്യമുഖമാണു പ്രധാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മൂന്നാംമുറ പാടില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. എന്നാല്‍ പലതരം മാനസികാവസ്ഥയുള്ളവര്‍ പോലീസിലുണ്ടാകും. ഒറ്റപ്പെട്ട ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ ഉണ്ടാകുന്നുണ്ട്. അവര്‍ക്കെതിരെ നടപടി കര്‍ക്കശമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ കാര്യാലയത്തിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നുഅദ്ദേഹം.
രാജ്യത്തിനുതന്നെ മാതൃകയാണ് കേരള പോലീസിന്റെ പ്രവര്‍ത്തനം. ജനാധിപത്യ ഭരണസംവിധാനത്തിന് കീഴില്‍ ആരംഭിച്ചതല്ല ഇവിടുത്തെ പോലീസ് സംവിധാനം. ബ്രിട്ടീഷ് സാമ്രാജ്യത്വം നാട്ടുകാരെയും നാടിനേയും അടക്കിഭരിക്കാനുള്ള ഉപാധിയായാണ് പോലീസിനെ കണ്ടത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലും അത് തുടര്‍ന്നു. 1957ലെ ഇ.എം.എസ്. സര്‍ക്കാരാണ് പ്രഖ്യാപിത പോലീസ് നയത്തിലൂടെ പോലീസിന്റെ മുഖച്ഛായ മാറ്റിമറിച്ചത്. തൊഴില്‍ സമരങ്ങളില്‍ പോലീസ് ഇടപെടേണ്ടതില്ല എന്ന തീരുമാനം അതിന്റെ ഭാഗമായുണ്ടായതാണ്. ഇത് വലിയ മാറ്റങ്ങളാണു നാട്ടിലും പോലീസ് സംവിധാനത്തിലും ഉണ്ടാക്കിയത്. പലതരത്തിലുള്ള ഇടപെടലും കാലോചിതമായി ഉണ്ടായി. പുതിയമുഖം പോലീസിനു കൈവന്നുവെങ്കിലും പഴയ അവശിഷ്ടങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. നേരത്തെ തലപ്പത്തിരുന്ന പലര്‍ക്കും പോലീസിന്റെ ഇന്നത്തെ ജനകീയ മുഖത്തില്‍ താല്‍പര്യമില്ല. പഴയ പരമ്പരാഗത പോലീസ് രീതിയോടാണ് അവര്‍ക്ക് താല്‍പര്യം. നാടിനും ലോകത്തിനും പോലീസിനും വന്ന മാറ്റങ്ങള്‍ കാണാതെയാണ് അത്തരക്കാര്‍ വിമര്‍ശനം ഉന്നയിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഉന്നത വിദ്യാഭ്യാസമുള്ളവരാണ് ഇന്ന് പോലീസ് സേനയിലുള്ളവരിലേറെയും. ഇത് വലിയ മാറ്റങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്. നാടിന്റെ മുഖച്ഛായ മാറ്റാന്‍ കെല്‍പ്പുള്ളവരാണവര്‍. കേസന്വേഷണത്തിലും വലിയ മാറ്റങ്ങള്‍ സംഭവിക്കുന്നു. ആധുനിക സാങ്കേതിക സംവിധാനങ്ങളുടെ സഹായത്തോടെ കുറ്റകൃത്യം നടത്തുന്നവരെ അതേ നാണയത്തില്‍ പിടികൂടാന്‍ പോലീസിനു കഴിയുന്നുണ്ട്. സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് പദ്ധതി രാജ്യം ഏറ്റെടുത്തു കഴിഞ്ഞു. പിങ്ക് പോലീസിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പിങ്ക് പോലീസിന് വാഹനങ്ങള്‍ അനുവദിക്കും. കേരളത്തില്‍ നിരീക്ഷണ കാമറാ സംവിധാനം ശക്തിപ്പെടുത്തും. പുതിയ കണ്‍ട്രോള്‍ റൂമുകള്‍ തുടങ്ങും. നിലവിലുള്ള കണ്‍ട്രോള്‍ റൂമുകള്‍ നവീകരിച്ച് ശക്തമാക്കും. ഒറ്റയ്ക്ക് കഴിയേണ്ടിവരുന്നവരുടെ സംരക്ഷണ ചുമതലകൂടി കേരള പോലീസ് ഏറ്റെടുക്കും. ഇതിനു നാടിന്റെ പിന്തുണ ആവശ്യമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.











































