ജസ്റ്റിസ് കെഎം ജോസഫിനെ ജഡ്ജിയായി നിയമിക്കാനുള്ള കൊളീജിയം ശുപാര്‍ശയ്‌ക്കെതിരെ കേന്ദ്രം

ന്യൂഡല്‍ഹി: ജസ്റ്റിസ് കെഎം ജോസഫിനെ ജഡ്ജിയായി നിയമിക്കാനുള്ള കൊളീജിയം ശുപാര്‍ശയ്‌ക്കെതിരെ കേന്ദ്രം. ജസ്റ്റിസ് ജോസഫിനേക്കാള്‍ യോഗ്യരായവരെ പരിഗണിച്ചില്ലെന്ന് പരാതി. കേരളത്തിന് അണിത പ്രാധാന്യം നല്‍കേണ്ടതില്ലെന്നും അഭിപ്രായം. കൊളീജിയത്തിന്റെ നിലപാട് തേടി കേന്ദ്രം കത്ത് നല്‍കും.

മൂന്ന് മാസം ഫയല്‍ തടഞ്ഞുവച്ചശേഷമാണ് മുതിര്‍ന്ന അഭിഭാഷക ഇന്ദു മല്‍ഹോത്രയെ സുപ്രീംകോടതി ജഡ്ജിയാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത്. കഴിഞ്ഞ ജനുവരി പത്തിനാണ് ഉത്തരാഖണ്ഡ് ചീഫ്ജസ്റ്റിസ് കെ.എം.ജോസഫിനെയും, മുതിര്‍ന്ന അഭിഭാഷക ഇന്ദു മല്‍ഹോത്രയെയും സുപ്രീംകോടതി ജഡ്ജിമാരായി നിയമിക്കാന്‍ കൊളീജിയം കേന്ദ്രസര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തത്.

മൂന്നു മാസം കഴിഞ്ഞിട്ടും നിയമനം അംഗീകരിക്കാന്‍ തയാറാകാത്ത കേന്ദ്രസര്‍ക്കാരിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ജസ്റ്റിസുമാരായ ജെ. ചെലമേശ്വര്‍, കുര്യന്‍ ജോസഫ് എന്നിവര്‍ കേന്ദ്രത്തിനെതിരെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്ക് കത്ത് നല്‍കിയിരുന്നു. വിശാലബെഞ്ച് രൂപികരിച്ചു ഈ വിഷയം പരിഗണിക്കണമെന്നും കുര്യന്‍ ജോസഫ് ആവശ്യപെട്ടിരുന്നു. ജസ്റ്റിസുമാരായ രഞ്ജന്‍ ഗോഗോയ്, മദന്‍ ബി. ലോക്കൂര്‍ എന്നിവര്‍ ഫുള്‍ കോര്‍ട്ട് വിളിക്കണമെന്നും ആവശ്യപ്പെട്ടു.

ഇതിനു പിന്നാലെയാണ് ഇന്ദു മല്‍ഹോത്രയുടെ നിയമനം മാത്രം കേന്ദ്രം അംഗീകരിച്ചത്. ഇതോടെ സുപ്രീംകോടതിയിലെ വനിതാ ജഡ്ജിമാരുടെ എണ്ണം രണ്ടായി. ആദ്യമായാണ് സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷക നേരിട്ട് ജസ്റ്റിസ് ആകുന്നത്. അതേസമയം,സീനിയോറിറ്റി കാരണം ചൂണ്ടിക്കാട്ടിയാണ് കേന്ദ്രം കെ.എം.ജോസഫിന്റെ നിയമനം തടഞ്ഞുവച്ചിരിക്കുന്നത്. എന്നാല്‍ ഉത്തരാഖണ്ഡില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ കേന്ദ്രനടപടി കെ .എം.ജോസഫ് റദ്ദ് ചെയ്തതാണ് നിയമനം അംഗീകരിക്കാത്തതിന് പിന്നിലെന്ന് ആരോപണമുണ്ട്.