കൊല്ലത്തെ സിപിഐഎം ലോക്കല്‍ സെക്രട്ടറിയുടെ മരണം; ഡിജിപി അന്വേഷിക്കണമെന്ന് ചെന്നിത്തല

കൊല്ലത്തെ സിപിഐഎം ലോക്കല്‍ സെക്രട്ടറിയുടെ മരണം ഡിജിപി അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് ചെന്നിത്തല. കൊല്ലപ്പെട്ട രവീന്ദ്രന്‍പിള്ളയുടെ ഭാര്യയുടെ പരാതി ഗൗരവമുള്ളതെന്ന് ചെന്നിത്തല പറഞ്ഞു.

സിപിഐഎം ലോക്കല്‍ സെക്രട്ടറിയുടെ കൊലയ്ക്കു പിന്നില്‍ പാര്‍ട്ടിതന്നെയെന്ന് കുടുംബം വെളിപ്പെടുത്തിയിരുന്നു. കൊല്ലം ഇടമുളയ്ക്കല്‍ മുന്‍ ലോക്കല്‍ സെക്രട്ടറി രവീന്ദ്രന്‍പിള്ളയുടെ മരണത്തിലാണ് ഭാര്യ ബിന്ദു വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. കേസ് സിപിഐഎം അട്ടിമറിച്ചുവെന്നും അന്വേഷണം ആവശ്യപ്പെട്ടപ്പോള്‍ മുതല്‍ ഭീഷണിയായിരുന്നുവെന്നും ബിന്ദു പറയുന്നു. ഭീഷണി മുഴക്കിയത് ജില്ലാസെക്രട്ടറിയേറ്റ് അംഗമാമെന്നും കുടുംബത്തിനുമേല്‍ പാര്‍ട്ടി നിരീക്ഷണമെന്നും ഇവര്‍ ആരോപിക്കുന്നു.

രണ്ടായിരത്തി എട്ട് ജനുവരി മൂന്നിനാണ് അഞ്ചല്‍ മേഖലയില്‍ സിപിഐഎമ്മിന്റെ പ്രമുഖനേതാക്കളില്‍ ഒരാളായിരുന്ന ഇടമുളയ്ക്കല്‍ രവീന്ദ്രന്‍ പിള്ളയെ അക്രമിസംഘം വെട്ടിവീഴ്ത്തിയത്. എട്ടുവര്‍ഷത്തോളം ജീവച്ഛവമായി കിടന്നശേഷം 2016 ജനുവരി പതിമൂന്നിന് അദ്ദേഹം മരിച്ചു.

സിപിഐഎം സംസ്ഥാനസെക്രട്ടറിയായിരിക്കേ പിണറായി വിജയനും ആഭ്യന്തരമന്ത്രിയായിരിക്കേ കോടിയേരി ബാലകൃഷ്ണനും രവീന്ദ്രന്‍ പിള്ളയെ വീട്ടിലെത്തി കാണുകയും പ്രതികളെ ദിവസങ്ങള്‍ക്കകം പിടികൂടുമെന്ന് ഉറപ്പുനല്‍കുകയും ചെയ്തിരുന്നു. പക്ഷേ ഒന്നും സംഭവിച്ചില്ല. തുടരന്വേഷണം ആവശ്യപ്പെട്ട് സമ്മര്‍ദം ചെലുത്തിയപ്പോള്‍ പാര്‍ട്ടിനേതാക്കളുടെ മട്ടുമാറി. രവീന്ദ്രന് മാനസിക പ്രശ്‌നമാണെന്നുവരുത്താനും ശ്രമമുണ്ടായതായും ഭാര്യ പറയുന്നു.