കണ്ണൂര്‍: സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്തു സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസില്‍ കോഴിക്കോട് പൊലീസ് അറസ്റ്റ് ചെയ്ത പി. സതീശന് ഉചിതമായ ശിക്ഷ നല്‍കണമെന്നു സഹോദരനും സിപിഎം മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായ പി. ശശി. 30 വര്‍ഷമായി കുടുംബവുമായി ബന്ധമില്ലാതെ ജീവിക്കുന്ന സതീശന്‍ ചെയ്ത കുറ്റങ്ങളുടെ പേരില്‍ കുടുംബാംഗങ്ങളെ വേട്ടയാടാന്‍ ചിലര്‍ നടത്തുന്ന ശ്രമം അപലപനീയമാണെന്നും കുടുംബാംഗങ്ങള്‍ക്ക് അപമാനം വരുത്തിവച്ച ഒട്ടേറെ നടപടികളുടെ പേരിലാണ് സഹോദരനുമായുള്ള ബന്ധം അവസാനിപ്പിച്ചതെന്നും പി. ശശി പറഞ്ഞു.
മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ പേരു പറഞ്ഞു തട്ടിപ്പു നടത്തിയതിനാണു കണ്ണൂര്‍ മാവിലായി ശ്രേയസ് തലാശേരി വീട്ടില്‍ സതീശ(61)നെ കഴിഞ്ഞ ദിവസം കോഴിക്കോട് കസബ പൊലീസ് അറസ്റ്റ് ചെയ്തത്.
എന്‍ജിനീയറിങ്ങ് കഴിഞ്ഞ് ജോലി ഇല്ലാതെ നില്‍ക്കുന്ന വിദ്യാര്‍ത്ഥികളില്‍ നിന്നും കണ്ണൂര്‍ വിമാനത്താവളത്തിലെ ഏഴ് ഒഴിവുകള്‍ സിപിഐഎമ്മിനാണെന്നും ഇതില്‍ രണ്ട് ഒഴിവുകളില്‍ ആളെയെടുക്കാന്‍ തനിക്ക് അധികാരമുണ്ടെന്നും പറഞ്ഞ ആളുകളെ വിശ്വസിപ്പിച്ചാണ് ഇയാള്‍ തട്ടിപ്പുകള്‍ നടത്തിയിരുന്നത്. വിവിധ ജില്ലകളില്‍ ഇയാള്‍ ഇതുപോലെ നിരവധി സാമ്പത്തിക തട്ടിപ്പുകള്‍ നടത്തിയതായും പരാതി ഉയര്‍ന്നിരുന്നു.











































