മകന്റെ ജനന തിയതിക്ക് സാമ്യമുള്ള ടിക്കറ്റെടുത്തു; 12 കോടി രൂപ ലോട്ടറി അടിച്ചു; പ്രവാസി മലയാളിക്ക് ഭാഗ്യം

കുവൈത്ത് സിറ്റി: ഇത്തവണത്തെ അബുദാബി ബിഗ് ടിക്കറ്റിന്റെ ഒന്നാം സമ്മാനം പത്തനംതിട്ട സ്വദേശി അനില്‍ വര്‍ഗീസ് തേവേരിലിനാണ്. ഇതോടെ ഗള്‍ഫില്‍ നടക്കുന്ന നറുക്കെടുപ്പുകളില്‍ ഭാഗ്യം പരീക്ഷിച്ച് കോടികള്‍ സ്വന്തമാക്കിയ മലയാളികളുടെ പട്ടികയില്‍ അനിലും സ്ഥാനം പിടിച്ചു. ഏതാണ്ട് 12 കോടി രൂപയാണ് സമ്മാനത്തുക.

സൂപ്പര്‍ സെവന്‍ സീരീസ് 191 നറുക്കെടുപ്പിലായിരുന്നു കോടികളുടെ അവകാശിയായി അനിലിനെ തിരഞ്ഞെടുത്തത്. 11197 എന്ന നമ്പരിനായിരുന്നു നറുക്ക് വീണത്. മകന്‍ രോഹിതിന്റെ ജനന തിയതിയുമായി സാമ്യമുള്ള ടിക്കറ്റാണിത്. 11/ 97 ആണ് മകന്റെ ജനന തിയതി. ഇവന്‍ എന്റെ ഭാഗ്യമാണ് രോഹിത്തിനെ ചേര്‍ത്തു പിടിച്ച് അനില്‍ പറഞ്ഞു. സമ്മാനം ലഭിച്ചുവെന്നത് വളരെ അദ്ഭുതപ്പെടുത്തിയ വാര്‍ത്തയായിരുന്നു. ബിഗ് ടിക്കറ്റിന്റെ ഗ്രാന്‍ഡ് വിജയി ആയതില്‍ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

No automatic alt text available.

ലോട്ടറിയടിച്ചെങ്കിലും നേരത്തെ നിശ്ചയിച്ചതു പോലെ അടുത്തവര്‍ഷം പ്രവാസജീവിതം മതിയാക്കി നാട്ടില്‍ സ്ഥിരതാമസമാക്കാനാണു പരിപാടിയെന്ന് അനില്‍ തോമസ് പറഞ്ഞു. മറ്റുകാര്യങ്ങള്‍ പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 26 വര്‍ഷമായി കുവൈത്തിലുള്ള അനില്‍ വര്‍ഗീസ് ഖറാഫി നാഷനല്‍ കമ്പനി ഉദ്യോഗസ്ഥനാണ്. ഏപ്രില്‍ നാലിന് ഓണ്‍ലൈന്‍ വഴിയാണ് ടിക്കറ്റ് എടുത്തത്. ഇത് രണ്ടാം തവണയായിരുന്നു ഭാഗ്യപരീക്ഷണം. കുവൈത്തില്‍ ബദൂര്‍ ട്രാവല്‍സില്‍ ജോലി ചെയ്യുന്ന രേണുവാണ് ഭാര്യ. മകന്‍ രോഹിത് തേവര കോളജ് ബികോം വിദ്യാര്‍ഥി.