ദിലീപ് ഇല്ലാതെ അമ്മയുടെ താരനിശ

മലയാളത്തിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് നടക്കുന്ന അമ്മ മഴവില്ല് മെഗാഷോയില്‍ ഇത്തവണ ദിലീപ് ഇല്ല. നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റ് ചെയ്തതോടെ സംഘടനയിലെ അംഗത്വം നടന് നഷ്ടമാകുകയായിരുന്നു. ട്രഷറര്‍ സ്ഥാനമാണ് ദിലീപ് വഹിച്ചിരുന്നത്.

കമ്മാരസംഭവത്തിന്റെ വിദേശ റിലീസിംഗുമായി ബന്ധപ്പെട്ട് ദിലീപ് സിംഗപ്പൂരിലും ദുബൈയിലും പോയിരിക്കുകയാണ്. ഷോ നടക്കുന്നതിന്റെ തലേദിവസമേ കേരളത്തിലെത്തൂ. അതുകൊണ്ട് പങ്കെടുക്കാനാകില്ലെന്ന് അമ്മ പ്രസിഡന്റ് ഇന്നസെന്റ് പറഞ്ഞു. മുമ്പ് നടന്ന ഷോകളെല്ലാം ദിലീപിന്റെ മേല്‍നോട്ടത്തിലായിരുന്നു. ഇത്തവണ ദിലീപുമായി ബന്ധമുള്ള ചില മിമിക്രിതാരങ്ങള്‍ പങ്കെടുക്കില്ലെന്നും റിപ്പോര്‍ട്ട് ഉണ്ട്.

ദിലീപ് സംഘടനയുടെ തലപ്പത്ത് എത്തിയ ശേഷമാണ് അമ്മയ്ക്ക് വരുമാനം കൂടിയത്. ട്വന്റി 20 എന്ന സിനിമ ദിലീപ് നിര്‍മ്മാണ ചെലവ് ഏറ്റെടുക്കുകയായിരുന്നു. അതില്‍ നിന്ന് കിട്ടിയ ലാഭം വലിയ തുകയായിരുന്നു. അതിനാല്‍ ദിലീപിനെ ഒഴിവാക്കിയതിനെതിരെ വ്യാപകമായ പ്രതിഷേധം സംഘടനയ്ക്കുള്ളിലുണ്ട്. അതേസമയം ഷോയുമായി ബന്ധപ്പെട്ട കാര്യങ്ങളിലൊന്നും നടന്‍ ഗണേഷ്‌കുമാര്‍ ഇതുവരെ സഹകരിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

മുന്‍പ് നടന്ന അമ്മയുടെ മെഗാഷോയിലായിരുന്നു ആക്രമിക്കപ്പെട്ട നടിയും ദിലീപും തമ്മില്‍ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടത്. കാവ്യയുമായുള്ള ദിലീപിന്റെ ബന്ധം മഞ്ജുവിനെ അറിയിച്ചത് നടിയായിരുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ സാക്ഷികളുടെ മൊഴികളില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.

മെയ് 6ന് തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫില്‍ഡ് സ്റ്റേഡിയത്തില്‍ വൈകുന്നേരം 5.30നാണ് ഷോ. നൂറോളം താരങ്ങളുടെ കലാപരിപാടികളാണ് അഞ്ച് മണിക്കൂര്‍ നീണ്ട മെഗാഷോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം തുടങ്ങിയ നിരവധി താരങ്ങള്‍ കൊച്ചിയില്‍ റിഹേഴ്‌സലിന്റെ തിരക്കിലാണ്.