സിയോള്‍: ഉപരോധങ്ങളോ സമ്മര്‍ദ്ദങ്ങളോ കണ്ടു ഭയന്നല്ല അണ്വായുധ പരീക്ഷണങ്ങള്‍ ഉള്‍പ്പെടെയുള്ളവ നിര്‍ത്തിവെച്ചതെന്ന് ഉത്തരകൊറിയ. ഇക്കാര്യത്തില്‍ മറ്റുള്ളവരെ യുഎസ് തെറ്റിദ്ധരിപ്പിക്കരുതെന്നും ഉത്തരകൊറിയ ആവശ്യപ്പെട്ടു. ഉത്തര-ദക്ഷിണ കൊറിയന്‍ നേതാക്കള്‍ നടത്തിയ കൂടിക്കാഴ്ചയുടെ ഭാഗമായിട്ടായിരുന്നു അണ്വായുധ പരീക്ഷണങ്ങള്‍ നിര്‍ത്തി കേന്ദ്രങ്ങള്‍ അടച്ചുപൂട്ടുമെന്നു ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ പ്രഖ്യാപിച്ചത്.
ഉത്തരകൊറിയയുടെ ആണവ, മിസൈല്‍ പരീക്ഷണങ്ങളെത്തുടര്‍ന്നു നിരവധി ഉപരോധങ്ങളാണ് യുഎസ് ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങളാണ് യുഎസ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് ഉത്തരകൊറിയയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ കെസിഎന്‍എ പ്രതികരിച്ചു. ‘മനുഷ്യാവകാശ പ്രശ്‌നങ്ങളും ദക്ഷിണകൊറിയയിലെ സൈനിക വിന്യാസങ്ങളും കാട്ടി ഉത്തരകൊറിയയെ യുഎസ് പ്രകോപിപ്പിച്ചിട്ടില്ല. സമാധാനം ആഗ്രഹിക്കുന്ന ഉത്തരകൊറിയുടെ നീക്കത്തെ അവരുടെ ദൗര്‍ബല്യമായി കാണരുത്’- വിദേശ്യകാര്യ വക്താവിനെ ഉദ്ധരിച്ച് കെസിഎന്‍എ വ്യക്തമാക്കി.
ദക്ഷിണകൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്നുമായുള്ള ചരിത്ര സന്ദര്‍ശനത്തിനു ശേഷം ആഴ്ചകള്‍ക്കുള്ളില്‍ യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്താന്‍ കിം ജോങ് ഉന്‍ ഒരുങ്ങുകയാണ്. അതിനിടെയാണ് യുഎസിനെതിരെ ഉത്തരകൊറിയ രംഗത്തെത്തിയിരിക്കുന്നത്.
അതേസമയം തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഉത്തരകൊറിയയ്ക്കു മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ തുടരാനാണു ട്രംപിന്റെ തീരുമാനം. ഉത്തരകൊറിയയുമായുള്ള സമാധാന നീക്കങ്ങളുടെ പേരില്‍ ഡൊണള്‍ഡ് ട്രംപിനു നൊബേല്‍ സമ്മാനം നല്‍കണമെന്ന് മൂണ്‍ ജെ ഇന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
 
            


























 
				
















