തിരുവനന്തപുരം: ദേശീയ ചലച്ചിത്ര പുരസ്കാര ദാനം ബഹിഷ്കരിച്ച ചലച്ചിത്രപ്രവര്‍ത്തകരുടെ വികാരം ന്യായമെന്ന് സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന്. ഒരു മണിക്കൂറിലധികം പരിപാടിയില്‍ രാഷ്ട്രപതിക്കു പങ്കെടുക്കാനാവുന്നില്ലെങ്കില്‍ പുരസ്കാര വിതരണം രണ്ടു ദിവസമായി നടത്താമായിരുന്നെന്നും ചിത്രാജ്ഞലി സ്റ്റുഡിയോയില്‍ ചലച്ചിത്ര ക്യാംപ് ഉദ്ഘാടനം ചെയ്യാനെത്തിയ അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.
പത്മ പുരസ്കാരങ്ങളൊക്കെ അങ്ങനെയാണ് നല്‍കുന്നത്. അതിനും ബുദ്ധിമുട്ടുണ്ടെങ്കില്‍ ഉപരാഷ്ട്രപതി നല്കട്ടെ. എന്നാല്‍ കലാകാരന്മാര്ക്കും സാങ്കേതിക വിദഗ്ധര്‍ക്കുമൊക്കെ ഈ പുരസ്കാരം രാഷ്ട്രപതിയില്‍ നിന്ന് കിട്ടുന്നത് അഭിമാന പ്രശ്നമാണ്. അതിനെ ചെറുതാക്കുന്നതു ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.











































