അലിഗഢ് സര്‍വകലാശാലയുടെ പേര് മാറ്റി ജാട്ട് രാജാവിന്റെ പേര് നല്‍കണമെന്ന് ഹരിയാന മന്ത്രി

റെവാരി : വിവാദങ്ങള്‍ കത്തിപ്പടരുന്നതിനിടെ അലിഗഢ് മുസ്ലീം സര്‍വകലാശാലയുടെ പേരില്‍ പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്  ഹരിയാന ധനകാര്യ മന്ത്രി ക്യാപ്റ്റന്‍ അഭിമന്യു. അലിഗഢ് സര്‍വകലാശാലയുടെ പേര് മാറ്റി ജാട്ട് രാജാവായ രാജാ മഹേന്ദ്ര പ്രതാപിന്റെ പേര് നല്‍കണമെന്ന് മന്ത്രി പറഞ്ഞു.
‘രാജ്യത്തെ വെട്ടിമുറിച്ച് രണ്ടാക്കിയ വ്യക്തികളുടെ ഫോട്ടോയാണ് സര്‍വകലാശാലയില്‍ പ്രതിഷ്ഠച്ചിരിക്കുന്നത്. എന്നാല്‍ സര്‍വകലാശാലയ്ക്ക് സ്ഥലം വിട്ടു നല്‍കിയ രാജാ മഹേന്ദ്ര പ്രതാപ് സിംഗിന്റെ ചിത്രം ഒരിടത്തും വച്ചിട്ടില്ല. അതുകൊണ്ട് ഞാന്‍ നിങ്ങളോട് ആവശ്യപ്പെടുന്നു അലിഗഢ് സര്‍വകലാശാലയുടെ പേര് രാജാ മഹേന്ദ്ര പ്രതാപ് വിശ്വവിദ്യാലയ എന്നാക്കി മാറ്റണം’ മന്ത്രി പറഞ്ഞു. ഞായറാഴ്ച ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
അലിഗഢ് മുസ്ലീം സര്‍വകലാശാലയില്‍ മുഹമ്മദ് അലി ജിന്നയുടെ ചിത്രം പ്രദര്‍ശിപ്പിച്ചതില്‍ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. ചിത്രം പ്രദര്‍ശിപ്പിച്ചതിനെതിരെ വൈസ് ചാന്‍സലര്‍ താരീക് മന്‍സൂറിനോട് വിശദീകരണം ആവശ്യപ്പെട്ട് ബി.ജെ.പി എം.പി സതീഷ് ഗൗതം കത്തയക്കുകയും ചെയ്തിരുന്നു.