കര്‍ണാടക തെരഞ്ഞെടുപ്പ് ഫലം ചെങ്ങന്നൂരില്‍ ബാധിക്കില്ല: ചെന്നിത്തല

തിരുവനന്തപുരം: കര്‍ണാടക തെരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസ് പരിശോധിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കര്‍ണാടകയില്‍ നേരിട്ട വീഴ്ച പഠിക്കും. ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പിനെ ഫലം ബാധിക്കില്ലെന്നും ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു. കേരളം ബിജെപിയെയും സിപിഐഎമ്മിനേയും തള്ളികളയും.

കര്‍ണാടകയില്‍ ഭരണ വിരുദ്ധ വികാരം ഉണ്ടെന്ന് കരുതുന്നില്ല. തെരഞ്ഞെടുപ്പ് ചുമതല ഉണ്ടായിരുന്ന കേരളാ നേതാക്കള്‍ നല്ല പ്രകടനം കാഴ്ചവെച്ചു. സാമുദായിക ധ്രുവീകരണം ശക്തമായിരുന്നു. സോളാര്‍ കേസില്‍ കൂടുതല്‍ വസ്തുതകള്‍ പുറത്തു വരുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

കര്‍ണാടക തിരഞ്ഞെടുപ്പു ഫലം ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞിരുന്നു. കോണ്‍ഗ്രസ്- കമ്മ്യൂണിസ്റ്റ് വിരുദ്ധ തരംഗം കേരളത്തിലുണ്ടെന്നും കുമ്മനം പറഞ്ഞു.