രാഷ്ട്രപതിയുടെ പരിപാടി അലങ്കോലമാക്കി പണിവാങ്ങി: വാര്‍ത്താവിതരണ മന്ത്രിസ്ഥാനത്തു നിന്ന് സ്മൃതി ഇറാനിയെ മാറ്റി, ഇനി ടെക്‌സ്റ്റൈല്‍ മന്ത്രി

ന്യൂഡല്‍ഹി: ദേശീയ ചലച്ചിത്ര പുരസ്‌കാര ചടങ്ങ് ‘കുളമാക്കി’യതിന്റെ പശ്ചാത്തലത്തില്‍ വാര്‍ത്താവിതരണ മന്ത്രിസ്ഥാനത്തു നിന്ന് സ്മൃതി ഇറാനിയെ മാറ്റി. പകരം രാജ്യവര്‍ധന്‍ രാത്തോറിനെ സ്വതന്ത്ര ചുമതലയോടെ നിയമിച്ചു.

റെയില്‍വ്വേ മന്ത്രി പിയൂഷ് ഗോയലിന് അരുണ്‍ ജയ്റ്റ്‌ലിയുടെ ധനമന്ത്രാലയത്തിന്റെ കൂടി അധിക ചുമതല നല്‍കി. അസുഖത്തെത്തുടര്‍ന്നാണ് ജയ്റ്റ്‌ലിയുടെ ധനമന്ത്രാലയം പിയൂഷ് ഗോയലിനെ ഏല്‍പ്പിച്ചത്. എയിംസില്‍ കിഡ്‌നി മാറ്റിവയ്ക്കലിന് വിധേയമായ അദ്ദേഹം ചികിത്സയിലാണ്. ജയ്റ്റ്‌ലി തിരിച്ചുവരുന്നതു വരെ പിയൂഷിനായിരിക്കും ചുമതല.

സ്മൃതി ഇറാനിക്ക് ഇനി ടെക്‌സ്‌റ്റൈല്‍ മന്ത്രാലയത്തിന്റെ ചുമതലയായിരിക്കും. നേരത്തെയും വിവാദങ്ങളെത്തുടര്‍ന്ന് സ്മൃതിക്ക് മാറ്റം കിട്ടിയിരുന്നു. മാനവവിഭവ ശേഷി മന്ത്രിയായിരുന്ന സ്മൃതി, വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദത്തേത്തുടര്‍ന്നാണ് വാര്‍ത്താവിതരണ മന്ത്രാലയത്തിലേക്കു മാറേണ്ടിവന്നത്.

ദേശീയ ചലച്ചിത്ര പുരസ്‌കാര ചടങ്ങ് അലങ്കോലമാക്കിയതില്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് കടുത്ത നീരസം പ്രകടിപ്പിച്ചിരുന്നു. താന്‍ ഒരു മണിക്കൂര്‍ മാത്രമേ പരിപാടിയില്‍ പങ്കെടുക്കൂവെന്ന് മുന്‍കൂട്ടി അറിയിച്ചിട്ടും അത് മറച്ചുവച്ച് അവസാന ഘട്ടത്തില്‍ പുരസ്‌കാരം രാഷ്ട്രപതി നല്‍കില്ലെന്ന തരത്തിലേക്ക് മാറ്റിയത് ശരിയായില്ലെന്നാണ് അദ്ദേഹം പറഞ്ഞു. വാര്‍ത്താവിതരണ മന്ത്രാലയത്തിന്റെ വീഴ്ചയാണിതെന്നറിയിച്ചും ഇക്കാര്യത്തില്‍ അതൃപ്തി അറിയിച്ചും രാഷ്ട്രപതി പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു.