പതിനഞ്ച് കോടിയും മന്ത്രിസ്ഥാനവും നല്‍കാമെന്ന് കോണ്‍ഗ്രസ് എംഎല്‍എയോട് ബിജെപി

ബംഗളൂരു: കൂറുമാറാനായി കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് കോഴ വാഗ്ദാനം ചെയ്യുന്ന കര്‍ണാടക മുഖ്യമന്ത്രി ബിഎസ യെദ്യൂരപ്പയുടെ ഓഡിയോ ക്ലിപ്പ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുകയാണ്. ഇപ്പോഴിതാ വീണ്ടും ശബ്ദരേഖ പുറത്തുവന്നിരിക്കുകയാണ്. ശ്രീരാമലുവിന്റെയും മുരളീധര്‍ റാവുവിന്റെയും ശബ്ദരേഖയാണ് പുറത്തുവന്നിരിക്കുന്നത്.

കോണ്‍ഗ്രസ് എംഎല്‍ ബി.സി പാട്ടീലിന് കോടികളാണ് വാഗ്ദാനം ചെയ്യുന്നത്. പതിനഞ്ച് കോടി രൂപ നല്‍കാമെന്നാണ് ഫോണ്‍ സംഭാഷണത്തില്‍ പറയുന്നത്. പണത്തിന് പുറമെ മന്ത്രിയാക്കാമെന്നും ശബ്ദരേഖയില്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.

യെദ്യൂരപ്പയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയുടെ മകന്‍ വിജയേന്ദ്ര ചില കോണ്‍ഗ്രസ് എംഎല്‍എമാരുടെ ഭാര്യമാരെ വിളിച്ച് പണം വാഗ്ദാനം ചെയ്തുവെന്നാണ് ആരോപണം ഉയര്‍ന്നിരുന്നു. കൂറുമാറാന്‍ ഓരോരുത്തര്‍ക്കും 15 കോടി രൂപ വീതമാണ് വിജയേന്ദ്ര വാഗ്ദാനം ചെയ്തത്. ഇതിന്റെ ശബ്ദരേഖയും കോണ്‍ഗ്രസ് പുറത്തുവിട്ടിരുന്നു.

ശബ്ദരേഖയുടെ ഏകദേശ വിവര്‍ത്തനം ഇങ്ങനെ:

യെദ്യൂരപ്പ: കൊച്ചിയിലേക്ക് പോകരുത്. ഞങ്ങള്‍ക്കൊപ്പം വരൂ. മന്ത്രിയാക്കാം.

അതിനുശേഷം ആവശ്യപ്പെടുന്നതെല്ലാം നല്‍കാം.

പാട്ടീല്‍: ഞാന്‍ ബസിലാണ് അണ്ണാ. പുറത്തിറങ്ങാനാവില്ല.

എനിക്കൊപ്പം മൂന്നുപേര്‍ കൂടിയുണ്ട്. അവരുടെ കാര്യം എങ്ങനെയാണ് ?

യെദ്യൂരപ്പ: അവരുടെ എല്ലാവരുടേയും കാര്യം ഞാന്‍ നോക്കിക്കോളാം.

ഞാന്‍ ഒരു കാര്യം പറഞ്ഞാല്‍ അത് നടപ്പാക്കും എന്നറിയാമല്ലോ. ആദ്യം നിങ്ങള്‍ ഇറങ്ങി വരൂ.

വി.എസ്.ഉഗ്രപ്പയ്ക്ക് 15 കോടിയും മന്ത്രിപദവും വിജയേന്ദ്ര വാഗ്ദാനം ചെയ്യുന്ന ഓഡിയോയും പുറത്തുവന്നു. രണ്ടുപേരുടെയും ശബ്ദരേഖ പുറത്തുവിട്ടാണ് അവസാന നിമിഷത്തിലെ ആരോപണം.

ബിജെപി നേതാവ് ജനാര്‍ദന്‍ റെഡ്ഡി തങ്ങളുടെ എംഎല്‍എമാരെ പണം നല്‍കി വശത്താക്കാന്‍ ശ്രമിച്ചെന്ന ആരോപണവുമായി കോണ്‍ഗ്രസ് ഇന്നലെ രംഗത്തെത്തിയിരുന്നു. റായ്ചൂര്‍ റൂറലില്‍ നിന്നു ജയിച്ച ബസവന ഗൗഡയ്ക്ക് പണവും മന്ത്രിസ്ഥാനവും വാഗ്ദാനം ചെയ്തതെന്നായിരുന്നു ആരോപണം. ഇതു തെളിയിക്കുന്ന ശബ്ദരേഖയും കോണ്‍ഗ്രസ് പുറത്തുവിട്ടു. ഇപ്പോഴുള്ള സ്വത്തിന്റെ നൂറിരട്ടി തരാമെന്നാണ് റെഡ്ഡിയുടെ വാഗ്ദാനം. അമിത് ഷായുമായി നേരിട്ടു സംസാരിക്കാന്‍ അവസരം ലഭ്യമാക്കാമെന്നും റെഡ്ഡി വാക്കു നല്‍കി. വെള്ളിയാഴ്ച വൈകുന്നേരം നടത്തിയ പത്രസമ്മേളനത്തിലാണ് കോണ്‍ഗ്രസ് ശബ്ദരേഖ പുറത്തുവിട്ടത്.

ബിജെപി നേതാവ് ജനാര്‍ദ്ദന്‍ റെഡ്ഡിയാണ് ശബ്ദരേഖയില്‍ സംസാരിക്കുന്നതെന്നും റെയ്ചൂര്‍ റൂറല്‍ എംഎല്‍എയ്ക്കാണ് പണം വാഗ്ദാനം ചെയ്തതെന്നും കോണ്‍ഗ്രസ് പറയുന്നു. ബിജെപിക്ക് അനുകൂല നിലപാട് സ്വീകരിക്കുന്നതിന് 150 കോടി രൂപയാണ് വാഗ്ദാനം ചെയ്യുപ്പെട്ടതെന്നും ശബ്ദരേഖ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് ആരോപിച്ചു.

അതേസമയം വിശ്വാസ വോട്ടെടുപ്പിന്റെ സമയത്ത് സഭയില്‍ സംയമനം പാലിക്കണമെന്ന് എംഎല്‍എമാര്‍ക്ക് കോണ്‍ഗ്രസ് നിര്‍ദേശം നല്‍കി. ബിജെപിയുടെ പ്രകോപനത്തില്‍ വീഴരുതെന്നും സസ്പെന്‍ഷന് ഇടവരുത്തരുതെന്നും കോണ്‍ഗ്രസ് മുന്നറിയിപ്പ് നല്‍കി.