തിരുവനന്തപുരം: തിരുവല്ലം പൂനംതുരുത്തില്‍ വിദേശ വനിതാ കൊല്ലപ്പെട്ട സംഭവത്തില്‍ അധികാരികള്‍ കേസ് മൂടികെട്ടാന്‍ ശ്രമിക്കുന്നതായി കൊല്ലപ്പെട്ട വിദേശ വനിതയുടെ ഭര്‍ത്താവ് ആന്‍ഡ്രൂ. ഈ സാഹചര്യത്തില്‍ പിടിയിലായവര്‍ നിരപരാധികള്‍ ആണോ എന്ന് സംശയമുണ്ടന്ന് ആന്‍ഡ്രൂ നേരത്തെ വ്യക്തമാക്കിയിരുന്നു. തുടര്‍ അന്വേഷണത്തിന് സി.ബി.ഐയുടെ സഹായം ലഭ്യമാക്കുന്നതിനായി കോടതിയെ സമീപിക്കുമെന്നും ആന്‍ഡ്രൂ ഫെയ്‌സ്ബുക്കിലൂടെ വ്യക്തമാക്കി.
സമാന രീതിയില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുമായി ബന്ധപ്പെടുമെന്നും രാജ്യത്തെ നിയമ വ്യവസ്ഥയില്‍ ഭേദഗതി കൊണ്ട് വരാന്‍ ഒരുമിച്ച് സുപ്രീം കോടതിയെ സമീപിക്കുമെന്നും ആന്‍ഡ്രൂ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. ലിഗയെ കണ്ടെത്തുന്നതിനായുള്ള ആവശ്യങ്ങള്‍ക്ക് ലഭിച്ച ഫണ്ട് നിയമപോരാട്ടതിനായി വിനിയോഗിക്കുമെന്നും ആന്‍ഡ്രൂ പറഞ്ഞു. ലിഗയുടെ കേസില്‍ നീതി ലഭിക്കാന്‍ ഉണ്ടായ അശ്രദ്ധയും, തടസങ്ങളും ഒറ്റപ്പെട്ട സംഭവങ്ങളല്ല.
മുഖം രക്ഷിക്കാന്‍ കൊല്ലപ്പെടുന്നവരുടെ മരണം ആത്മഹത്യയോ അപകട മരണമോ എന്ന് വരുത്തി തീര്‍ക്കാനുള്ള അധികൃതരുടെ തന്ത്രം വ്യവസ്ഥവിധവും സാധാരണവുമായി മാറിയിരിക്കുകയാണ്. ഇതിനെതിരെ ജനശ്രദ്ധ കൊണ്ട് വരാന്‍ തങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്യുമെന്നും ആന്‍ഡ്രൂ പറയുന്നു. ഇത് ഇത്തരത്തിലുള്ള തുടര്‍ സംഭവങ്ങള്‍ ഒഴിവാക്കാന്‍ സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആന്‍ഡ്രൂ വ്യക്തമാക്കി











































