ചെങ്ങന്നൂര്‍: എല്‍ഡിഎഫിന് ചെങ്ങന്നൂരില്‍ ഭരണ തുടര്‍ച്ചയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചെങ്ങന്നൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വികസന പദ്ധതികള്‍ അതിവേഗമാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. ദേശീയപാത വികസനം സമയബന്ധിതമായി പൂര്‍ത്തിയാക്കും. കണ്ണൂരില്‍ ദേശീയ പാതയ്ക്കായി സ്ഥലമേറ്റെടുക്കുന്നത് സംബന്ധിച്ച പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായിട്ടുണ്ടെന്നും സര്‍ക്കാര്‍ ആശുപത്രികളില്‍ ഇപ്പോള്‍ മികച്ച ചികിത്സാ സൗകര്യങ്ങളുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചെങ്ങന്നൂരില്‍ ത്രികോണ മത്സരമാണെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി സജി ചെറിയാനും പറഞ്ഞു. ബിജെപി ശക്തമായ പ്രചാരണമാണ് കാഴ്ച വയ്ക്കുന്നത്. മണ്ഡലത്തില്‍ ഒരു പക്ഷേ ബിജെപി രണ്ടാം സ്ഥാനത്ത് എത്തിയേക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ സജിയുടെ നിലപാടിനെ സിപിഐഎം നേതാവ് ആനത്തലവട്ടം ആനന്ദന്‍ തള്ളി. ബിജെപി താഴേക്കെത്തുമെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം ചെങ്ങന്നൂരില്‍ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേക്ക് കടക്കുകയാണ്. ബിജെപി പ്രചാരണത്തിനായി ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേവും ചെങ്ങന്നൂരിലെത്തും. യുഡിഎഫിനായി കെഎം മാണിയും പ്രചാരണത്തിനിറങ്ങുന്നുണ്ട്.











































