തെന്‍മലയില്‍ കോണ്‍ഗ്രസ് സിപിഐഎം സംഘര്‍ഷം; കെവിന്റെ മൃതദേഹം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി

കൊല്ലം: വധുവിന്റെ വീട്ടുകാര്‍ തട്ടിക്കൊണ്ടുപോയ കോട്ടയം സ്വദേശി കെവിന്‍ പി.ജോസഫിനെ മരിച്ചനിലയില്‍ കണ്ടെത്തിയ ചാലിയക്കര തോടിനരികില്‍ സംഘര്‍ഷം. കെവിന്റെ മൃതദേഹം ഇന്‍ക്വസ്റ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് സിപിഐഎം, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റമുണ്ടായത്. ആര്‍ഡിഒയുടെയോ മജസിട്രേറ്റിന്റെയോ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് വേണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യമാണ് തര്‍ക്കത്തിന് ഇടയാക്കിയത്. കെവിന്റെ മരണത്തില്‍ കോണ്‍ഗ്രസ് രാഷ്ട്രീയ മുതലെടുപ്പിനു ശ്രമിക്കുകയാണെന്ന ആരോപണവുമായി സിപിഐഎം രംഗത്തെത്തുകയായിരുന്നു. ഇരുകൂട്ടരും കലഹിച്ച നേരമത്രയും കെവിന്റെ മൃതദേഹം മഴയത്ത് കിടന്നു. ഇപ്പോള്‍ കെവിന്റെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയിരിക്കുകയാണ്.

മൃതദേഹം കണ്ടെത്തിയതിനു പിന്നാലെ ഇവിടെയെത്തിയ യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു നേതാക്കള്‍ പ്രതിഷേധം ആരംഭിച്ചിരുന്നു. പൊലീസിന്റെ ഇന്‍ക്വസ്റ്റില്‍ വിശ്വാസമില്ലെന്നും ആര്‍ഡിഒയുടെയോ മജിസ്‌ട്രേറ്റിന്റെയോ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് വേണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. പിന്നാലെ, രാഷ്ട്രീയ മുതലെടുപ്പു നടത്തരുതെന്ന് ആവശ്യപ്പെട്ടു സിപിഐഎം നേതാക്കളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു പ്രവര്‍ത്തകരോടു തട്ടിക്കയറി.

അതിനിടെ, കൊല്ലം റൂറല്‍ എസ്പി പി. അശോകന്‍ സ്ഥലം സന്ദര്‍ശിച്ചു. നിയമപരമായ രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ടുപോകുമെന്ന് അദ്ദേഹം അറിയിച്ചു. ആര്‍ഡിഒ ചുമതലപ്പെടുത്തിയത് അനുസരിച്ച് തഹസില്‍ദാര്‍ ഇന്‍ക്വസ്റ്റ് നടത്താനെത്തി.