കെവിന്റെ മരണം: കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി; ജാഗ്രത കാണിക്കേണ്ടത് പൊലീസ്, അതിലേക്ക് മുഖ്യമന്ത്രിയെ വലിച്ചിഴയ്‌ക്കേണ്ട

തിരുവനന്തപുരം:  കെവിന്‍റെ മരണവുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് രോഷാകുലനായി മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കാനുള്ളതുകൊണ്ടാണ് കെവിന്‍റെ ഭാര്യയുടെ പരാതി പരിഗണിക്കാത്തതെന്ന വാർത്തയെക്കുറിച്ചായിരുന്നു ചോദ്യം. അതൊരു ആശ്ചര്യകരമായ വർത്തമാനമാണെന്നും  ചോദ്യം ചോദിച്ചയാൾ ഏത് ചാനലിൽ നിന്നാണെന്നുമായി മുഖ്യമന്ത്രിയുടെ മറുചോദ്യം .

പൊലീസ് വീഴ്ചയ്ക്ക് മുഖ്യമന്ത്രിയുടെ യാത്രയുമായി ബന്ധമില്ലെന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. സാധാരണഗതിയിൽ പൊലീസ് കാണിക്കേണ്ട ജാഗ്രത എല്ലായിപ്പോഴും ഉണ്ടാകണം അതിന് മുഖ്യമന്ത്രിയുടെ യാത്രയോ സുരക്ഷയോ  ഒരു പ്രശ്നമായി വരുന്നില്ല. സുരക്ഷാ കാര്യങ്ങൾ ഒരുക്കുന്നത് പ്രത്യേക ടീമാണ്, അത് സ്ഥലത്തെ എസ്ഐയോ മറ്റുള്ളവരോ അല്ല. അതെങ്കിലും മനസ്സിലാക്കിയിരുന്നെങ്കിൽ ആരോ നിർദ്ദേശിച്ച പോലുള്ള ചോദ്യം ഉണ്ടാകുമായിരുന്നില്ലെന്നും പിണറായി വിജയൻ പറഞ്ഞു.

സംഭവം നിർഭാഗ്യകരമാണ്. സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചത്. വലിയ കാലതാമസമില്ലാതെ പ്രതിയെ പിടിക്കാൻ കഴിയുമെന്നാണു പ്രതീക്ഷ. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേസിന്റെ അന്വേഷണത്തിന് സ്‌പെഷല്‍ ടീമിനെ നിയോഗിക്കാന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കിയതായും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

കുറ്റവാളികളെ വലിയ താമസമില്ലാതെ പിടികൂടാന്‍ കഴിയുമെന്നാണ് ലഭിക്കുന്ന വിവരം. പോലീസിന്റെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചത് അതീവ ഗൗരവത്തോടെ അന്വേഷിക്കും ഇക്കാര്യത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.