ഞണ്ടുകളുടെ നാട്

Surgeon, Dr. Golshan (with headlamp) performing a Breast Surgery at BWH.

പ്രീത ഗോപാൽ

കഴിഞ്ഞ ആഴ്ചയിൽ അടുത്തടുത്ത ദിവസങ്ങളിലായി രണ്ടു മരണവീടുകളിൽ പോവേണ്ടി വന്നു… രണ്ടും വളരെ വേണ്ടപ്പെട്ടവർ തന്നെയായിരുന്നു. രണ്ടിടത്തും വില്ലൻ നമ്മുടെ “ഞണ്ട്” ( കാൻസർ ) തന്നെ.

ഒന്ന് ഒരു ചെറുപ്പക്കാരൻ. 40 ൽ താഴെ പ്രായം.. കുറച്ചു നാളായി ക്യാൻസറിന് ചികിത്സയിലായിരുന്നു.. ലഭ്യമായ എല്ലാ ചികിത്സകളും നൽകിയെങ്കിലും, ഞണ്ട് പിടിമുറുക്കികൊണ്ടിരുന്നു… ഇക്കഴിഞ്ഞ ആഴ്ച, ഈ പിടിമുറുക്കലിൽ നിന്നും രക്ഷപ്പെട്ട് അദ്ദേഹം ഞണ്ടുകൾ ഇല്ലാത്ത നാട്ടിലേക്ക് യാത്ര യായി. “അച്ഛൻ എഴുനേൽക്കാത്തതെന്താ.. ” എന്ന് ചോദിച്ചു നടക്കുന്ന മൂന്ന് വയസുകാരന്റെയും, കരഞ്ഞു തളർന്നിരിക്കുന്ന അവന്റെ അമ്മയുടെയും നഷ്ടത്തിന് പകരം വക്കാൻ മറ്റൊന്നില്ലെങ്കിലും, ഒരു സമാധാനം തോന്നിയത് ചികിത്സക്ക് വേണ്ടി കിടപ്പാടം നഷ്ടപ്പെടുത്തേണ്ടി വന്നില്ല എന്നതാണ്.

രണ്ടാമത്തെ ആൾ ഞങ്ങളുടെ ഒരു കസിൻ ചേട്ടൻ, ഏകദേശം 65 വയസ് പ്രായം. അസുഖം ഏകദേശം മനസ്സിലായി കഴിഞ്ഞപ്പോൾ, നിറയെ ഡോക്ടർമാർ ഉള്ള കുടുംബത്തിലെ എല്ലാ ഡോക്ടർമാരും മാറി മാറി പറഞ്ഞിട്ടും അദ്ദേഹം തുടർപരിശോധനകൾക്കോ ചികിത്സക്കോ തയ്യാറായില്ല… പകരം ഹോമിയോ ചികിത്സ സ്വീകരിച്ചു.. എവിടെ വേണമെങ്കിലും കൊണ്ടു പോകാനും, ചികിത്സക്കായി എത്ര പണം വേണമെങ്കിലും മുടക്കാനും തയ്യാറായി വീട്ടുകാർ ഉണ്ടായിരുന്നെങ്കിലും, അതിനൊന്നും കാത്തു നിൽക്കാതെ, ഇക്കഴിഞ്ഞ ആഴ്ച അദ്ദേഹവും ഞണ്ടുകൾ ഇല്ലാത്ത നാട്ടിലേക്ക് യാത്രയായി.

ആധുനിക വൈദ്യശാസ്ത്രം കാൻസർ ചികിത്സയിൽ വളരെയധികം പുരോഗതി കൈവരിച്ചെങ്കിലും, കാൻസർ എന്ന മഹാവ്യാധി ഉയർത്തുന്ന ഭീഷണി ഇന്നും മാനവരാശിക്കു മേൽ വെല്ലുവിളിയായി നിലനിൽക്കുന്നു.. കിടപ്പാടം ഉൾപ്പെടെ നഷ്ടപ്പെടുത്തി ചികിത്സ നടത്തിയാലും, രോഗത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ കണ്ടുപിടിച്ച് ചികിത്സ ആരംഭിച്ചാൽ മാത്രം പൂർണ ഫലപ്രാപ്തി കിട്ടുന്ന, ഈ മഹാവിപത്തിൽ നിന്നും രക്ഷനേടാനുള്ള ഏക പോംവഴി, രോഗപ്രതിരോധം തന്നെയാണ്.. ആയുർവേദ ശാസ്ത്രം അനുശാസിക്കുന്ന ജീവിതചര്യകൾക്ക് ഇവിടെ പ്രസക്തി ഏറുന്നു.

ഇന്ത്യയിൽ മാത്രമല്ല, ലോകത്താകമാനം കാൻസർ ബാധിച്ചു മരിക്കുന്നവരുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നു.. ഇന്ന് നമ്മുടെ നാട്ടിൻപുറങ്ങളിൽ പോലും, മിക്കവാറും എല്ലാ കുടുംബങ്ങളിലും ഒരു കാൻസർരോഗി എന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുന്നു. ഈ മരണങ്ങളിൽ ഭൂരിഭാഗവും പ്രതിരോധിക്കാൻ കഴിയുന്നവ തന്നെയാണ്.. എന്നിട്ടും ഒട്ടേറെ പേർക്ക് കാൻസർ മൂലം ആയുസെത്താതെ ജീവൻ നഷ്ടപ്പെടുന്നു.

ഇന്നത്തെ നമ്മുടെ തിരക്ക് പിടിച്ച ജീവിതത്തിൽ ഭക്ഷണം, വ്യായാമം, ഉറക്കം, മാനസിക സമ്മർദ്ദം തുടങ്ങിയവയിൽ വന്ന വലിയ മാറ്റങ്ങൾ,, കാൻസർ ഉൾപ്പെടെയുള്ള ജീവിതശൈലീ രോഗങ്ങളെ മാടിവിളിക്കുകയാണ്.. കൂടാതെ പുകയില, മദ്യം, മറ്റു ലഹരിവസ്തുക്കൾ എന്നിവയുടെ ഉപയോഗം, പരിസ്ഥിതി മലിനീകരണം തുടങ്ങിയവയൊക്കെ ക്യാൻസറിന് കാരണമാകുന്നു.

തുടക്കത്തിലേ കണ്ടുപിടിച്ചാൽ 90% ക്യാൻസറും ചികിത്സയിലൂടെ ഭേദമാക്കാൻ പറ്റും. ചികിത്സാ ചിലവും ഈ ഘട്ടത്തിൽ കുറവാണ്.

പലപ്പോഴും നമ്മൾ അവഗണിക്കുന്ന ഈ സൂചനകൾ ശ്രദ്ധിക്കൂ.

•ഉണങ്ങാത്ത വ്രണങ്ങൾ ( പ്രത്യേകിച്ച് വായിൽ )
•ശരീരത്തിൽ ഉണ്ടാകുന്ന മുഴകളും തടിപ്പും ( പ്രത്യേകിച്ച് സ്ത്രീകളുടെ സ്തനങ്ങളിൽ )
•മല മൂത്ര വിസർജനങ്ങളിൽ ഉണ്ടാകുന്ന വ്യത്യാസം ( രക്തം, പഴുപ്പ് മുതലായവയുടെ സാന്നിധ്യം )
•തുടർച്ചയായുള്ള ചുമയും ശബ്ദമടപ്പും ( പ്രത്യേകിച്ച് പുകവലിക്കാരിൽ )
•തുടരെ തുടരെയുള്ള ദഹനക്കേട്‌, ഗ്യാസിന്റെ പ്രശ്നം, വയറുവേദന, ആഹാരം ഇറക്കാനുള്ള പ്രയാസം etc
•വിശപ്പില്ലായ്മ, അസാധാരണമായി ശരീരഭാരം കുറയൽ
•ആവർത്തിച്ചുള്ളതും അസാധാരണവുമായ രക്തസ്രാവം
•മറുക്, കാക്കപ്പുള്ളി, അരിമ്പാറ തുടങ്ങിയവയുടെ നിറത്തിലും വലിപ്പത്തിലും ഉള്ള വ്യത്യാസം etc.

ഇവയൊന്നും എല്ലായ്‌പോഴും ക്യാൻസറിന്റെ സൂചന ആവണമെന്നില്ല.. കൃത്യമായ ചികിത്സയ്ക്ക് ശേഷവും മാറാതെ നിൽക്കുകയാണെങ്കിൽ, വിദഗ്ദ്ധപരിശോധനകൾക്ക് തയ്യാറാവേണ്ടതാണ്. കാരണം എത്രയും പെട്ടെന്നുള്ള രോഗനിർണയം തന്നെയാണ് ഒരു കാൻസർ രോഗിയുടെ വിധി നിർണയിക്കുന്നത്.വീണ്ടും എന്റെ മനസ്സിൽ ആ കസിൻ ചേട്ടന്റെ മുഖം ഓർമ്മ വരുന്നു.. അദ്ദേഹം മരിച്ച ദിവസം ഞങ്ങൾ എല്ലാവരും പറഞ്ഞു. “എത്ര പറഞ്ഞതാണ് നമ്മളൊക്കെ. അനുസരിക്കാത്തതിന് എന്ത് ചെയ്യാൻ പറ്റും ?” എന്ന്.

എന്നാലും എന്റെ മനസ്സിൽ ചില ചിന്തകൾ കടന്നു വരുന്നു. ഒരു ഡോക്ടർ എന്ന നിലയിൽ, ചിലപ്പോൾ ഈ ചിന്തകൾ പാടില്ലാത്തതായിരിക്കും.ഞങ്ങൾ പറഞ്ഞത് പോലെ, അദ്ദേഹം ഒരു കാൻസർ ചികിത്സക്ക് പോയിരുന്നെങ്കിൽ എന്തായിരിക്കും സംഭവിക്കുന്നത്.തീർച്ചയായും കുറച്ചു നാള് കൂടി ജീവിക്കുമായിരിക്കും.. പക്ഷേ അതെങ്ങനെയുള്ള ജീവിതം ആയിരിക്കും.. ?? സർജറി, റേഡിയോ തെറാപ്പി തുടങ്ങിയ ദുരന്തപർവങ്ങളിലൂടെ കുറച്ചു നാൾ കൂടി ആ യാത്ര നീണ്ടു പോയേനെ.അത്തരം ഒരു ദുർവിധി സ്വീകരിക്കാതിരിക്കാൻ ഒരു വ്യക്തിക്ക് അവകാശം ഇല്ലേ.?

ആയുർവ്വേദം, കാൻസർ എന്നീ രണ്ടു വാക്കുകൾ ഒരുമിച്ചു കേൾക്കുമ്പോൾ ഇന്ന് നമ്മുടെ മനസ്സിൽ ഓടിയെത്തുന്ന മറ്റു രണ്ടു പേരുകളാണ് ലക്ഷ്മിതരു, മുള്ളാത്ത എന്നിവ.. ഭ്രാന്ത് പിടിച്ചു പടരുന്ന കാൻസർ കോശങ്ങളെക്കാൾ വേഗത്തിലാണ് ഇത്തരം തെറ്റിധാരണകൾ സമൂഹത്തിൽ പടരുന്നത്. ഇതുപോലുള്ള ഒറ്റമൂലികളുടെ പുറകെ പോകാതെ ആയുർവേദ സിദ്ധാന്തങ്ങളിൽ ഉറച്ചു നിന്നുള്ള ഒരു വീക്ഷണം ആണ് വേണ്ടത്..

അനുനിമിഷം മലീമസമായിക്കൊണ്ടിരിക്കുന്ന ഇന്നത്തെ പരിസരത്തിൽ, അത്യന്തം വിഷലിപ്തമായ ആഹാരങ്ങൾ കഴിച്ച് സുഖലോലുപരായി ജീവിക്കുന്ന മനുഷ്യൻ കൂടുതൽ രോഗബാധിതനാകുകയും, രോഗപ്രതിരോധക്ഷമത നാൾക്കുനാൾ കുറഞ്ഞു വരുകയും ചെയ്യുന്ന ഈ ദുരവസ്ഥയിലാണ് ആയുർവേദത്തിലെ “സ്വസ്ഥവൃത്തം” പ്രസക്തമായിത്തീരുന്നത്.

വ്യക്തികളുടെ ആരോഗ്യം നിലനിർത്താൻ വേണ്ടി നിർദ്ദേശിച്ചിട്ടുള്ള ‘ദിനചര്യ’യും ‘രാത്രിചര്യ’യും, ഋതുക്കൾ മാറുന്നതിനനുസരിച്ച് മനുഷ്യൻ ശീലിക്കേണ്ട ആഹാരവിഹാരങ്ങളെപ്പറ്റി പറയുന്ന ‘ഋതുചര്യ’യും, അവസരോചിതചര്യകളും സദാചാരങ്ങളും നിർദേശിക്കുന്ന, മനസികാരോഗ്യം കൂടി ലക്ഷ്യമിടുന്ന ‘സദ് വൃത്ത’വും എല്ലാം എന്നും പ്രസക്തമാണെന്നും, ഇവയെ അവഗണിച്ചു കൊണ്ട് ആരോഗ്യം നിലനിർത്താൻ സാധ്യമല്ലെന്നും ഇന്നത്തെ ആരോഗ്യ രംഗം സൂചിപ്പിക്കുന്നു.

കാൻസർ ചികിത്സയിൽ ആധുനിക വൈദ്യശാസ്ത്രം വളരെയധികം പുരോഗതി കൈവരിച്ചെങ്കിലും പ്രതിരോധം തന്നെയാണ് മികച്ച പരിഹാരം എന്നതിൽ തർക്കമില്ല..

പുകയില ‘വലിച്ച് ‘ ശ്വാസകോശാർബുദം വരുത്തണോ, അതോ പുകയില ‘ചവച്ച്’ വായിൽ കാൻസർ വരുത്തണോ, അതോ ഇത് പൊടിയാക്കി ‘മൂക്കിൽ കേറ്റി’ മൂക്കിനകത്ത് കാൻസർ വരുത്തണോ എന്നൊക്കെയുള്ള ഓപ്ഷൻസ് നമ്മുടെ മുന്നിൽ ഉണ്ട്.. കാൻസർ തടയാനുള്ള മാർഗങ്ങൾ ആലോചിക്കുമ്പോൾ മുന്നിൽ വരുന്ന പ്രധാന കാര്യങ്ങൾ…
1. പുകയിലയുടെ ഉപയോഗം
2. മദ്യപാനം
3. ആഹാര രീതി( പഴങ്ങളുടെയും പച്ചക്കറികളുടെയും കുറവ്, രുചിക്ക് വേണ്ടി ചേർക്കുന്ന രാസപദാർത്ഥങ്ങൾ )
4. വ്യായാമക്കുറവ്, അമിത വണ്ണം
5. ഭദ്രമല്ലാത്ത ലൈംഗികത
6 പരിസ്ഥിതി മലിനീകരണം എന്നിവ തന്നെ.

ആയുർവേദം സ്വസ്ഥവൃത്തത്തിൽ നിർദേശിക്കുന്ന ജീവിതരീതി പിന്തുടർന്നാൽ തീർച്ചയായും അത് നമ്മുടെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നു.. ഒപ്പം, ശരീരബലം വർധിപ്പിക്കുന്ന, രസായന ഗുണമുള്ള ഔഷധങ്ങളുടെ ഉപയോഗം ഈ രോഗം തടയുന്നതിന് സഹായിക്കും എന്ന് മാത്രമല്ല ചികിത്സയുടെ വിവിധ ഘട്ടങ്ങളിലും വളരെയധികം ഗുണം ചെയ്യും.. ഇതിനോടൊപ്പം പ്രാധാന്യമുള്ള മറ്റൊരു കാര്യം ആണ് രോഗിക്ക് ആത്മവിശ്വാസം നൽകുക എന്നത്. മനഃശക്തി കൊണ്ട് കാൻസറിനെ അകറ്റാം എന്നതിന് ജീവിക്കുന്ന ഒരുപാട് ഉദാഹരണങ്ങൾ ഉണ്ട്.. നമ്മുടെ ഇന്നസെന്റ് അവരിലൊരാൾ മാത്രം.

കാൻസർ എന്ന് കേൾക്കുമ്പോൾ തന്നെ ആളുകളുടെ ബോധം പോകാനുള്ള മറ്റൊരു പ്രധാന കാരണം chemotherapy, radiotherapy തുടങ്ങിയവ ചെയ്യുമ്പോൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ ആണ്. സാങ്കേതിക വിദ്യയുടെ മികവും, വൈദ്യശാസ്ത്രത്തിന്റെ പുരോഗതിയും കൊണ്ട്, ഈ ചികിത്സകൾ മുൻപത്തെക്കാൾ ‘സുഖകരം’ ആണെങ്കിലും ചില പാർശ്വഫലങ്ങൾ അനുഭവിച്ചേ മതിയാവൂ.

മുടി കൊഴിച്ചിൽ, ക്ഷീണം, രക്തക്കുറവ്, ഛർദി, വിശപ്പില്ലായ്‌മ, മലബന്ധം, വായിലുണ്ടാവുന്ന അണുബാധ, പ്രതിരോധ ശേഷി കുറയൽ തുടങ്ങിയവ chemotherapy യുടെ ഒഴിവാക്കാനാവാത്ത പാർശ്വഫലങ്ങൾ തന്നെ.. ഈ അവസ്ഥയിൽ ചികിത്സക്ക് തടസ്സമാകാതെ തന്നെ രോഗിയെ സഹായിക്കാൻ ഔഷധങ്ങളിലൂടെ ആയുർവേദത്തിന് കഴിയും.

അതുപോലെ radiotherapy യുടെ പാർശ്വഫലങ്ങളായ skin problems, വായിൽ ഉണ്ടാകുന്ന മുറിവുകൾ, ഛർദി, rectal bleeding തുടങ്ങിയവയിലും ആയുർവേദ മരുന്നുകൾ ഗുണം ചെയ്യുന്നുണ്ട്.

എത്രയും പെട്ടെന്നുള്ള രോഗ നിർണയവും ചികിത്സയും ആണ് കാൻസർ രോഗിയുടെ വിധി നിർണയിക്കുന്നത് എന്ന് നേരത്തെ പറഞ്ഞുവല്ലോ. രോഗം അവസാന ഘട്ടത്തിൽ ആയിക്കഴിഞ്ഞാൽ, ചികിത്സകൾ കൊണ്ട് വലിയ ഫലമില്ലെന്ന് മനസിലായാൽ, പിന്നീടുള്ള പരിചരണമാണ് “സാന്ത്വനചികിത്സ” കൊണ്ട് ഉദ്ദേശിക്കുന്നത്.മരിക്കും വരെ അസ്വസ്ഥതകൾ ഇല്ലാതെ ജീവിക്കാൻ അവസരം ഉണ്ടാക്കിക്കൊടുക്കുകയും, രോഗിയുടെയും കുടുംബത്തിന്റെയും ജീവിത നിലവാരം ഉയർത്തുകയും ആണ് സാന്ത്വന ചികിത്സയിലൂടെ ലക്ഷ്യമിടുന്നത്.. സാന്ത്വന ചികിത്സയിലും, രോഗാവസ്‌ഥ മൂർച്ഛിക്കാതിരിക്കാൻ സർജറി, chemotherapy തുടങ്ങിയവ ചെയ്യുന്നുണ്ട്.

എന്നാൽ ചിലപ്പോഴെങ്കിലും പണലാഭം നോക്കി, സാന്ത്വന ചികിത്സയുടെ പേരിൽ മരുന്നുകൾ കൊടുക്കുകയും, രോഗിക്ക് ഛർദി, വയറു വേദന, ഉറക്കമില്ലായ്‌മ തുടങ്ങിയവ വരുമ്പോൾ, അത് drug reaction ആണെന്ന് പറഞ്ഞ് രോഗിയുടെ ബുദ്ധിമുട്ട് കൂട്ടുകയും ചെയ്യുന്നതിൽ എവിടെയാണ് സാന്ത്വനം.?

സാന്ത്വന ചികിത്സയിൽ പ്രധാനമായും കാണപ്പെടുന്ന അരുചി, വിശപ്പില്ലായ്മ, ഛർദി, മലബന്ധം, വിഷാദം തുടങ്ങിയവയെല്ലാം ആയുർവേദത്തിലൂടെ ഫലപ്രദമായി ചികിത്സിക്കാൻ കഴിയും.. എന്നാൽ കാൻസർ രോഗിയുടെ അവസാന ഘട്ടത്തിൽ ഏറ്റവും പ്രയാസത്തിൽ ആക്കുന്ന വേദന മാറ്റാൻ ബുദ്ധിമുട്ടാണ്.. കാരണം ഇത്തരം അവസ്ഥയിൽ വേദന സംഹാരികൾ ആയി ഉപയോഗിക്കുന്ന മരുന്നുകളിൽ കറുപ്പും കഞ്ചാവും പ്രധാനമാണ്. നിയമപരമായി ഇത് ഇപ്പോൾ ഉപയോഗിക്കാൻ പറ്റുന്നില്ല ( മോർഫിനും മറ്റ് ഓപിയേറ്റ്സും ആധുനിക വൈദ്യ ശാസ്ത്രം ഉപയോഗിക്കുന്നുണ്ടെങ്കിലും. )

ആശുപത്രികളിൽ പോകുന്ന രോഗികളും ബന്ധുക്കളും മനസ്സിലാക്കേണ്ടത്, ചെയ്യാൻ പോകുന്ന ചികിത്സ curative (പൂർണ രോഗ ശമനത്തിനുള്ളത് ) ആണോ, palliative ( സാന്ത്വന ചികിത്സ ) ആണോ എന്നതാണ്.Palliative ആണെങ്കിൽ ആയുർവേദത്തിന് തീർച്ചയായും സഹായിക്കാൻ പറ്റും. ( ആയുർവേദത്തിന്റെ പേരിൽ വ്യാജൻമാർ പൂണ്ടുവിളയാടുന്നതും ഈ മേഖലയിൽ ആണെന്ന് ഓർമ്മിപ്പിക്കുന്നു )

ആയുർവ്വേദം എന്നാൽ ഉഴിച്ചിൽ അല്ലെങ്കിൽ പിഴിച്ചിൽ എന്നാണ് പലരുടെയും ധാരണ.. ആയുർവേദ ശാസ്ത്രത്തിൽ വളരെ potent ആയിട്ടുള്ള, കാൻസർ കോശങ്ങളോട് പൊരുതാൻ കെൽപ്പുള്ള ഒരുപാട് മരുന്നുകൾ ( രസൗഷധികൾ ഉൾപ്പെടെ )സൂചിപ്പിച്ചിട്ടുണ്ട്.. രോഗിയുടെ പ്രായം, ആരോഗ്യ സ്ഥിതി എന്നിവ നോക്കി, തീർച്ചയായും palliative care കൊടുക്കാവുന്നതാണ്.. Surgery, palliative chemo തുടങ്ങിയവയുമായി താരതമ്യം ചെയ്താൽ, തീർച്ചയായും ആയുർവേദത്തിലൂടെ കൂടുതൽ സാന്ത്വനം രോഗിക്ക് നൽകാൻ കഴിയും എന്ന് അനുഭവത്തിന്റെ വെളിച്ചത്തിൽ എനിക്ക് പറയാൻ കഴിയും.

PG പഠനകാലത്തെ ഗവേഷണത്തിന്റെ ഭാഗമായി 50 ഓളം കാൻസർ രോഗികളിൽ നടത്തിയ പഠനത്തിൽ തെളിഞ്ഞ കാര്യമാണിത്.. RCC യിൽ നിന്നും palliative ചികിത്സക്കായി പറഞ്ഞു വിട്ട, വായിൽ കാൻസർ ബാധിച്ച, രോഗം അവസാന ഘട്ടത്തിൽ എത്തിയ രോഗികളിൽ ആണ് പഠനം നടത്തിയത്. എന്നിട്ട് പോലും, ഗവേഷണ ഫലം വളരെ പ്രത്യാശാ വഹമായിരുന്നു.

കാൻസർ ചികിത്സയുടെ ഇടയിൽ രോഗികൾ മരിക്കുന്നത്, മിക്കവാറും മറ്റ് അണുബാധകളെ തുടർന്നാണ്.ചികിത്സയുടെ പാർശ്വ ഫലമായി, രോഗപ്രതിരോധ ശേഷി കുറയുന്നതാണ് ഇതിന്റെ പ്രധാന കാരണം.എന്നാൽ ആയുർവേദ ചികിത്സയിൽ, രോഗിയുടെ ബലത്തിനും പ്രതിരോധശേഷിക്കും പ്രാധാന്യം കൊടുത്തു കൊണ്ടുള്ള മരുന്നുകൾ ആണ് നൽകുന്നത്.അതുകൊണ്ട് തന്നെ ഈ ഘട്ടത്തിൽ കൂടുതൽ ഗുണകരമാകും.

വിവിധ വൈദ്യ ശാഖകൾ തമ്മിൽ പോരടിക്കാതെ, ഒരുമിച്ച് നിന്നാൽ സമൂഹത്തിന് കുറച്ചു കൂടി മെച്ചപ്പെട്ട ആരോഗ്യം പ്രദാനം ചെയ്യാൻ കഴിയും എന്നതിന് യാതൊരു സംശയവുമില്ല.

പ്രിയപ്പെട്ടവരുടെ മരണവും വിരഹവും എല്ലാം, അത് അനുഭവിക്കുന്നവർക്ക് മാത്രം അറിയാവുന്ന പരമാർത്ഥം.

പ്രീത ഗോപാൽ