കെവിന്റെ മരണം: തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച രണ്ടാമത്തെ വാഹനവും കണ്ടെത്തി

പുനലൂര്‍: കെവിനെ തട്ടിക്കൊണ്ടുപോയ ഒരു വാഹനം കൂടി പൊലീസ് കണ്ടെത്തി. പുനലൂരില്‍ നിന്നാണ് ഹ്യൂണ്ടായ് ഐ20 കാര്‍ കണ്ടെത്തിയത്. പുനലൂര്‍ സ്വദേശി ടിറ്റുവാണ് കാറിന്റെ ഉടമ.

കെവിനെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ചതാണ് ഇതെന്ന് കരുതുന്നു. ഫോറന്‍സിക് വിദഗ്ദ്ധര്‍ വാഹനം പരിശോധിച്ചുവരികയാണ്.

തട്ടിക്കൊണ്ടുപോകലിന് സഹായം ചെയ്‌തെന്ന് കണ്ടെത്തിയ രണ്ട് പൊലീസുകാരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എഎസ്‌ഐ ബിജു, ഡ്രൈവര്‍ എന്നിവരാണ് ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലുള്ളതെന്ന് ഐജി വിജയ് സാഖറെ പറഞ്ഞു. കസ്റ്റഡിയിലുള്ള ഇരുവരെയും ചോദ്യം ചെയ്തുവരികയാണ്. ഇവര്‍ കൈക്കൂലി വാങ്ങിയത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷിച്ചുവരികയാണ്.

ഇവര്‍ക്കെതിരായി തെളിവുകളുമുണ്ട്. മുഖ്യപ്രതി ഷാനുവിനോട് ഫോണില്‍ സംസാരിക്കുന്നത് എഎസ്‌ഐ ബിജുവാണെന്നാണ് ഐജി സ്ഥിരീകരിച്ചു. ഇവരെ പ്രതിചേര്‍ക്കുന്ന കാര്യത്തില്‍ ഇന്ന് വൈകുന്നേരത്തോടെ തീരുമാനമാകുമെന്നും ഐജി പറഞ്ഞു. കെവിന്റെ മരണവുമായി ബന്ധപ്പെട്ട് തട്ടിക്കൊണ്ടുപോകല്‍, കൊലപാതകം, ഗൂഢാലോചന എന്നീ വകുപ്പുകളിലാണ് കേസെടുത്തിരിക്കുന്നത്.

കെവിന്‍ തങ്ങളുടെ കയ്യില്‍ നിന്ന് രക്ഷപ്പെട്ടുപോയെന്നാണ് പ്രതികളുടെ മൊഴി. എല്ലാ പ്രതികളുടെയും മൊഴികള്‍ തമ്മില്‍ വൈരുദ്ധ്യമില്ല. അനീഷിന്റെ മൊഴിയുമായും ഇത് ഒത്തുപോകുന്നുണ്ട്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്താണെന്നത് സംബന്ധിച്ച് എല്ലാ വശങ്ങളും അന്വേഷിച്ചുവരികയാണെന്നും സാഖറെ പറഞ്ഞു. പ്രതികള്‍ക്കെതിരെ കൊലപാതക കുറ്റം ചുമത്തിയെന്നും ഐജി വ്യക്തമാക്കി.