കര്‍ണാടകയിലെ വകുപ്പ് വിഭജനം: കോണ്‍ഗ്രസും ജെഡിഎസും ധാരണയിലെത്തി

ന്യൂഡല്‍ഹി: കര്‍ണാടകയിലെ മന്ത്രിസഭാ വികസനം സംബന്ധിച്ച് കോണ്‍ഗ്രസും ജെ.ഡി.എസും ധാരണയിലെത്തി. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒന്നിച്ച് മത്സരിക്കുമെന്നും ഇരുപാര്‍ട്ടികളും പ്രഖ്യാപിച്ചിട്ടുണ്ട്. ധാരണ പ്രകാരം ധനകാര്യമന്ത്രിസ്ഥാനം ജെ.ഡി.എസിന് ലഭിക്കും. ഇതിന് പകരമായി സുപ്രധാന വകുപ്പായ ആഭ്യന്തരം കോണ്‍ഗ്രസിന് നല്‍കും.

അഞ്ചുതവണ യോഗം ചേര്‍ന്നശേഷമാണ് കോണ്‍ഗ്രസും ജെ.ഡി.എസും തമ്മിലുള്ള മന്ത്രിസഭാ വികസനം സംബന്ധിച്ച തര്‍ക്കങ്ങള്‍ക്ക് പരിഹാരമായത്. ഇരുപാര്‍ട്ടികളിലെയും പ്രതിനിധികള്‍ ഉള്‍പ്പെട്ട കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിക്കും രൂപം നല്‍കിയിട്ടുണ്ട്. മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയാവും സമിതിയുടെ അധ്യക്ഷന്‍. മാസത്തില്‍ ഒരു തവണയെങ്കിലും കമ്മിറ്റി യോഗം ചേരും.

ഇതോടെ വകുപ്പ് വിഭജനം സംബന്ധിച്ച എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെട്ടതായി കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിക്കൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കര്‍ണാടകത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ അറിയിച്ചു. മന്ത്രിസഭാ വികസനം ജൂണ്‍ ആറിന് നടക്കുമെന്ന് കുമാരസ്വാമിയും വ്യക്തമാക്കി.ആഭ്യന്തരം, ജലസേചനം, ആരോഗ്യം, കൃഷി, വനിതാ ശിശുക്ഷേമം എന്നിവയടക്കം 22 വകുപ്പുകള്‍ കോണ്‍ഗ്രസിന് ലഭിക്കും. ധനകാര്യം, എക്‌സൈസ്, പൊതുമരാമത്ത്, വിദ്യാഭ്യാസം, ടൂറിസം, ഗതാഗതം എന്നിവയടക്കം 12 വകുപ്പുകളാവും ജെ.ഡി.എസിന് ലഭിക്കുക.