കെവിന്‍ കേസ്: ഗാന്ധിനഗര്‍ പൊലീസിന്റെ വീഴ്ച്ച അന്വേഷിക്കുന്ന ഡിവൈഎസ്പിയെ മാറ്റി

കോട്ടയം: കെവിന്‍ കേസില്‍ അറസ്റ്റിലായ ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനിലെ രണ്ട് പൊലീസുകാരുടെ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ മാറ്റി. പൊലീസ് കൈക്കൂലി വാങ്ങിയ കേസ് ചങ്ങനാശേരി ഡിവൈഎസ്പി എസ് ശ്രീകുമാര്‍ അന്വേഷിക്കും. നിലവില്‍ കേസ് അന്വേഷിക്കുന്ന ഡിവൈഎസ്പി ഗിരീഷ് പി സാരഥി പരാതിക്കാരനായതിലാണ് മാറ്റം.

എ.എസ്.ഐ അടക്കം രണ്ട് പൊലീസുകാരെയാണ് കേസില്‍ അറസ്റ്റ് ചെയ്തിരിക്കുന്നത് . കെവിനെ തട്ടിക്കൊണ്ടുപോയ സംഘത്തിന് സര്‍വപിന്തുണയും നല്‍കിയെന്ന് വ്യക്തമായതോടെയാണ് ഗാന്ധിനഗര്‍ സ്റ്റേഷനിലെ എ.എസ്.ഐ ബിജുവിനെയും ഡ്രൈവറെയും കസ്റ്റഡിയിലെടുത്തത്.

കെവിനെ തട്ടിക്കൊണ്ടുപോകാൻ എത്തിയ ഷാനു ചാക്കോയുടെയും സംഘത്തിന്റെയും പക്കൽനിന്നു പട്രോളിങ് ജീപ്പിലെ എഎസ്ഐ ബിജു 2,000 രൂപ കൈക്കൂലി വാങ്ങിയതായി പൊലീസ് കണ്ടെത്തിയിരുന്നു. എന്നാൽ കെവിനെ തട്ടിക്കൊണ്ടു പോകുന്നതിന് വേണ്ടിയായിരുന്നില്ല കൈക്കൂലി വാങ്ങിയതെന്ന് പൊലീസ് പറയുന്നു. ഷാനു യാത്ര ചെയ്ത കാറിന്റെ നമ്പർ പ്ലേറ്റ് ചെളി പറ്റിയതുപോലെ മറച്ചിരുന്നു. മാത്രമല്ല ഷാനുവും കൂടെയുണ്ടായിരുന്ന ഇഷാനും മദ്യപിച്ചിരുന്നു. മദ്യപിച്ച് വാഹനം ഓടിച്ചതിന് കേസ് എടുക്കാതിരിക്കാനും നമ്പർ പ്ലേറ്റിൽ കൃത്രിമം കാണിച്ച വാഹനം കസ്റ്റഡിയിൽ എടുക്കാതിരിക്കാനുമായിരുന്നു കൈക്കൂലി വാങ്ങിയതെന്നാണ് പൊലീസ് ഭാഷ്യം.  എന്നാൽ സംശയകരമായ രീതിയിൽ കാറിന്റെ റജിസ്ട്രേഷൻ നമ്പർ മറച്ചതിന്റെ കാരണം അന്വേഷിച്ച് എഎസ്ഐ ഇവർക്കെതിരെ നടപടി എടുത്തിരുന്നെങ്കിൽ കെവിന്റെ ജീവൻ രക്ഷിക്കാമായിരുന്നുവെന്ന് ഐജി വിജയ് സാഖറെ പറഞ്ഞു.

കൈക്കൂലി വാങ്ങിയതിന്റെ പേരിലാണ് എഎസ്ഐയ്ക്കെതിരെ നടപടി എടുത്തിരിക്കുന്നത്. എന്നാൽ കെവിനെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ പ്രതികൾക്ക് എന്തെങ്കിലും തരത്തിലുളള സഹായം ലഭിച്ചിട്ടുണ്ടോയെന്ന കാര്യവും പരിശോധിക്കും. എഎസ്ഐ ബിജുവും സിവിൽ പൊലീസ് ഓഫിസർ അജയകുമാറും  ഞായാറാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് ഷാനുവിന്റെ വാഹനം പരിശോധിച്ചത്. അൽപസമയത്തിനകം തട്ടിക്കൊണ്ടുപോകൽ സംബന്ധിച്ചു പരാതി പട്രോളിങ് സംഘത്തിനു ലഭിച്ചു. തങ്ങൾ നേരത്തേ പരിശോധിച്ച വാഹനത്തിലുള്ളവരാണ് തട്ടിക്കൊണ്ടുപോകലിനു നേതൃത്വം നൽകിയതെന്ന് എഎസ്ഐ ബിജുവിന് അപ്പോഴാണ് മനസ്സിലായതെന്നും തുടർന്ന് എഎസ്ഐ ബിജു തെന്മല സ്റ്റേഷനിൽ ബന്ധപ്പെട്ടു വിവരങ്ങൾ കൈമാറിയെന്നും വിജയ് സാഖറെ പറഞ്ഞു. ഷാനുവിനെയും വീട്ടിലുള്ള പിതാവ് ചാക്കോയെയും ഫോണിൽ വിളിച്ച എഎസ്ഐ ബിജു കെവിനെ തിരികെ എത്തിക്കാൻ പറഞ്ഞെന്നും വിജയ് സാഖറെ പറയുന്നു. കൃത്യവിലോപത്തിനും പണം വാങ്ങിയതിനുമാണു എഎസ്ഐ ബിജുവിനെയും സിവിൽ പൊലീസ് ഓഫിസർ അജയകുമാറിനെയും അറസ്റ്റ് ചെയ്തത്.

കെവിനെ പിടിക്കാനും പൊലീസ് പെട്രോളിങ് സംഘത്തിന്റെ സഹായമുണ്ടായെന്ന്  സൂചനകൾ ഉണ്ടായിരുന്നു‍.   ഞായറാഴ്ച പുലര്‍ച്ചെ ഒരു മണി വരെ കെവിന്‍റെ താമസസ്ഥലത്ത് സുഹൃത്തുക്കളുണ്ടായിരുന്നു. സുഹൃത്തുക്കള്‍ പോയ വിവരം അക്രമിസംഘത്തെ അറിച്ചത് പൊലീസ് പട്രോളിങ് സംഘമാണെന്നാണ് വിവരം. അക്രമം കഴിഞ്ഞ് മടങ്ങും വരെ പട്രോളിങ് സംഘം കാവല്‍ നില്‍ക്കുകയും ചെയ്തെന്നും അന്വേഷണസംഘത്തിന് സൂചന ലഭിച്ചിട്ടുണ്ട്.  കെവിന്‍ കാണാതായ വിവരം ഞായറാഴ്ച രാവിലെ 9 മണിയോടെ എസ്.ഐ എംഎസ് ഷിബു അറിഞ്ഞിരുന്നു. ഇതറിഞ്ഞുകൊണ്ടാണ് നീനുവിന്റെ പരാതി എസ്.ഐ അവഗണിച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്. ചട്ടങ്ങളിലെ വീഴ്ചയെന്നതിനപ്പുറം  എന്നാല്‍ ഷിബുവിനെതിരെ മറ്റ് നടപടികളൊന്നുമെടുക്കാന്‍ പൊലീസ് തയാറായിട്ടില്ല.

കെവിനെ പ്രതികൾ മരണത്തിലേക്ക് ഓടിച്ചുവിട്ടെന്നാണ് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട്. മരണത്തിനു കെവിന്റെ വധു നീനുവിന്റെ സഹോദരൻ സാനു, പിതാവ് ചാക്കോ എന്നിവർ ഉത്തരവാദികളാണെന്നും ഏറ്റുമാനൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

‘കഴിഞ്ഞ ഞായറാഴ്ച മാന്നാനത്തെ അനീഷിന്റെ വീട്ടിൽനിന്ന് സംഘം തട്ടിയെടുത്ത കെവിൻ തെന്മലയ്ക്കു സമീപം ചാലിയേക്കരയിൽവച്ചു കാറിൽനിന്ന് ഇറങ്ങിയോടിയെന്നും,  കെവിൻ ഓടുന്നതു വലിയ കുഴിയും അതിന്റെ അപ്പുറം നല്ല ഒഴുക്കും ആഴവുമുള്ള ചാലിയേക്കര ആറും ഉള്ള സ്ഥലത്തേക്കാണെന്നു ഗുണ്ടാസംഘത്തിന് അറിയാമായിരുന്നുവെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

പ്രാണരക്ഷാർഥം ഓടിയ കെവിൻ പുഴയിൽ വീഴുമെന്നും മരിക്കുമെന്നും അറിഞ്ഞുകൊണ്ട്, ഗുണ്ടാസംഘം കെവിനെ പിന്തുടരുന്നതു നിർത്തി. മുന്നോട്ടോടുന്ന കെവിൻ പുഴയിൽ വീണു മരിക്കുമെന്ന് അറിഞ്ഞു തന്നെയാണു പ്രതികൾ പിൻവാങ്ങിയത്’. കെവിനെ തട്ടിക്കൊണ്ടുപോയ സംഘം പുഴയിൽ മുക്കിക്കൊന്നുവെന്ന സംശയം നിലനിൽക്കേയാണു പൊലീസ് റിപ്പോർട്ട്. രക്ഷപ്പെട്ടു പോകാനുള്ള സാധ്യതയില്ലെന്നു സ്ഥലപരിശോധന നടത്തിയപ്പോഴും പൊലീസ് പറഞ്ഞിരുന്നു.

നീനുവിനെ വിവാഹം കഴിക്കാനുള്ള കെവിന്റ ശ്രമം തടയുന്നതിനാണ് ഒന്നാം പ്രതി സാനുവും അഞ്ചാം പ്രതി ചാക്കോയും കെവിനെ തട്ടിക്കൊണ്ടുപോകാനുള്ള പദ്ധതി ആസൂത്രണം ചെയ്തതെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈഎസ്പി: ഗിരീഷ് പി.സാരഥി കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു. നീനുവിന്റെ പിതാവും ആറാം പ്രതിയുമായ ചാക്കോയാണ് ഈ ക്രൂരകൃത്യത്തിന്റെ സൂത്രധാരൻ.