ജോളി ജോളി 
പി പി തങ്കച്ചൻ പൊട്ടിച്ച് മാറ്റുന്നത് കേരളത്തെ
തങ്കച്ചനും ബന്ധുക്കൾക്കും കൂടി കേരളത്തിലുള്ളത് പന്ത്രണ്ട് പാറമടകൾ .
ഓരോ പാറമടയിലും എട്ട് മുതൽ പത്ത് വരെ സി സി ടി വികളും കളും ഗുണ്ടകളും.പി പി തങ്കച്ചൻ പൊട്ടിച്ച് മാറ്റുന്നത് കേരളത്തെ.
സിംഹവാലൻ കുരങ്ങുകളും മാനും വന്യജീവികളുമെല്ലാം കുടിയൊഴിഞ്ഞു.
ക്വാറിയിലെ അത്യുഗ്ര സ്‌ഫോടനത്തിൽ കോളനികളിലെ വീടുകൾ കുലുങ്ങി ഭിത്തികൾ പിളരുന്നു.പി പി തങ്കച്ചൻ കൊള്ളലാഭം കൊയ്യുമ്പോൾ കുടിയൊഴിഞ്ഞു പോകാനാകാതെ ചെക്ക്യാട്ടെ ആദിവാസികൾ.
കണ്ണൂരിൽ നിന്നും തലശ്ശേരിയിൽ നിന്നും മൈസൂരിലേക്കും മാനന്തവാടിയിലേക്കുമുള്ള സംസ്ഥാന പാതയാണ് ചെക്ക്യാട്ട്.
വലതുവശം കണ്ണവം നിക്ഷിപ്ത വനഭൂമിയാണ്.
പഴശ്ശി രാജയുടെ പടയാളികളായ കുറിച്യർ ഈ വനത്തിൽ ഒളിഞ്ഞും തെളിഞ്ഞും പോരാടിയ ഓർമ്മകൾ പേറുന്ന വനഭൂമി. ആർതർ വെല്ലസ്ലിയുടെ നേതൃത്വത്തിലുള്ള ഇംഗ്ലീഷ് പടയെ അമ്പും വില്ലും ഉപയോഗിച്ച് തുരത്തിയ ഭൂമി. ചരിത്രത്തിൽ സ്ഥാനം പിടിക്കേണ്ടിയിരുന്ന ഇടം.അന്ന് ഇംഗ്ലീഷുകാരന്റെ തോക്കിൻ കുഴലിൽ നിന്നുള്ള വെടിയൊച്ച പോലെ പിന്മുറക്കാർക്ക് ഇന്നും സമാനമായ അനുഭവം. കരിങ്കല്ലിനു വേണ്ടി 12 അടിയോളം താഴ്ചയിൽ കുഴിച്ചെടുത്ത് മരുന്നു നിറച്ച് ഒരേസമയം റിമോട്ട് ഉപയോഗിച്ച് വെടിപൊട്ടിക്കുന്നുവെന്ന് മാത്രം….. !!
യു.ഡി.എഫ്. കൺവീനർ പി.പി. തങ്കച്ചന്റെ ബിനാമി പാറമടയാണ് ന്യൂ ഭാരത് ക്രെഷേർസ്.കണ്ണൂർ ജില്ലയിലെ വയനാട് അതിർത്തിയിലുള്ള വിവാദ പാറമട ഉടമകളെക്കുറിച്ചുള്ള വിവരങ്ങൾ രഹസ്യമെങ്കിലും തങ്കച്ചന്റെ മകൻ വർഗ്ഗീസ് പി.തങ്കച്ചന് പാറമടയിൽ വ്യക്തമായ ഓഹരിയുണ്ടെന്ന് വിവരം ലഭിച്ചു. സർവ്വെ നമ്പർ 14/11 പ്രകാരം ക്വാറി ഉടമകളിൽ തങ്കച്ചന്റെ മകൻ വർഗ്ഗീസിന്റെ പേരും ഉൾപ്പെടുന്നു. എന്നാൽ വർഗ്ഗീസ് പി.തങ്കച്ചൻ ന്യൂഭാരത് ക്രഷേഴ്‌സ് എന്ന പാറമടയിലേക്ക് അപൂർവ്വമായേ വരാറുള്ളൂ.
കണിച്യാർ പഞ്ചായത്തിലെ ഒരു പ്രമുഖ കോൺഗ്രസ്സ് നേതാവിന്റെ വസതിയിലേക്ക് പി.പി.തങ്കച്ചനോടൊപ്പം വർഷത്തിൽ മൂന്നോ നാലോ തവണ മാത്രമേ വർഗ്ഗീസ് പി.തങ്കച്ചൻ ഇവിടെ വരാറുള്ളൂ.
വന്നാൽ തന്നെ രണ്ടോ മൂന്നോ ദിവസം തങ്ങി മടങ്ങിപ്പോകാറാണ് പതിവ്. യു.ഡി.എഫ്. കൺവീനർ തങ്കച്ചന്റെ മകൻ എന്ന പേരിൽ ക്വാറി ഉൾപ്പെടുന്ന പൊലീസ് സ്‌റ്റേഷൻ പരിധിയിൽ വർഗ്ഗീസ് പി.തങ്കച്ചന് നല്ല സ്വാധീനമുണ്ട്.
ക്വാറിക്കെതിരെ സമരം നടത്തുന്ന ആദിവാസികൾക്കെതിരെ പൊലീസ് സ്വാധീനം ഉപയോഗിച്ച് കേസിൽ കുടുക്കുന്നതും വർഗ്ഗീസ് തങ്കച്ചനാണ്.
പഴയ തലമുറ മാനാംകുന്ന് എന്ന് വിളിച്ചു പോന്നിരുന്ന മലയാണ് ഇന്നു തങ്കച്ചൻ ടീമിന്റെ ഉടമസ്ഥതയിലുള്ള പാറമട. മാനാംകുന്ന് എന്ന പേര് പുതിയ തലമുറയിലെ ആദിവാസികൾ പോലും കേട്ടിട്ടില്ല.
ഇനി അങ്ങനെ ഒരു കുന്നും ഉണ്ടാകില്ല.എല്ലാം വെട്ടിപ്പൊളിച്ചു മാറ്റിക്കൊണ്ടിരിക്കയാണ്. മാനുകൾ ഇര തേടിയും ഇണ ചേർന്നും വിഹരിച്ച ഒരു കാലമുണ്ടായിരുന്നു. അതുകൊണ്ടാകാം മാനാംകുന്ന് എന്ന് ഇതിനു പേര് ലഭിച്ചത്. ഇന്ന് കുന്നിന്റെ അധികാരികൾ മാത്യു എം.പത്രോസും തങ്കച്ചന്റെ മരുമകൻ എബിൻ ഐസക്കുമാണ്.
അവർക്ക് കൂട്ടായി ഒരു സംഘം പേർ ന്യൂഭാരത് സ്‌റ്റോൺ ക്രഷർ എന്ന സ്ഥാപനത്തിൽ നിലയുറപ്പിച്ചിട്ടുണ്ട്.റോഡരികിലൂടെ ചാരനിറത്തിലുള്ള വെള്ളം ഒഴുകിയതിന്റെ കാരണമന്വേഷിച്ചപ്പോൾ ക്വാറിയിൽ നിന്നുള്ള പൊടിപടലങ്ങൾ സംസ്ഥാന പാതയിൽ പതിക്കുന്നത് ഒഴിവാക്കാൻ റോഡിലേക്ക് വെള്ളം ഒഴുക്കുകയാണെന്ന് അറിഞ്ഞു. അനധികൃതമായി ക്വാറി പ്രവർത്തനം നടത്തുന്നതു മറച്ചുവയ്ക്കാനാണ് ഈ നടപടി.
കാരണം ന്യൂ ഭാരത് ക്രഷർ നെടുംപൊയിൽ – മൈസൂർ റോഡിൽനിന്നും കേവലം 50 മീറ്റർ ദൂരത്തിലാണ് സ്ഥിതി ചെയ്യുന്നത്. 200 മീറ്ററെങ്കിലും ദൂരം വേണം സംസ്ഥാന പാതയിൽ നിന്നും ക്വാറി പ്രവർത്തനം നടത്താൻ.
ഇതു മറച്ചുവയ്ക്കാനുള്ള ശ്രമമാണ് പതിവായുള്ള റോഡ് കഴുകൽ.
റോഡിനു തൊട്ടു ചേർന്ന് വന്മതിൽ കെട്ടിയുയർത്തുന്നതിനാൽ ക്വാറിയിലെ എല്ലാ കാര്യങ്ങളും രഹസ്യമായാണ് നടക്കുന്നത്. അന്യസംസ്ഥാന തൊഴിലാളികൾ ക്വാറിക്കകത്തു മരിച്ചു വീണപ്പോഴും ആരും അറിഞ്ഞില്ല. കേളകം സ്‌റ്റേഷനിലെ പൊലീസുകാർ ഒപ്പമുള്ളപ്പോൾ ഭയപ്പെടേണ്ട കാര്യമില്ലല്ലോ.
നിയമങ്ങളെല്ലാം കാറ്റിൽ പറത്തി യാതൊരു അന്വേഷണവുമില്ലാതെയാണ് ലൈസൻസ് നൽകിയതെന്ന് വ്യക്തം. കണിച്ച്യാർ പഞ്ചായത്ത്, മലിനീകരണനിയന്ത്രണ ബോർഡ്, പരിസ്ഥിതി ആഘാത നിർണയ അഥോറിറ്റിയുടെ എൺവയോൺമെന്റൽ കഌയറൻസ് എന്നിവയും ക്വാറിക്കുണ്ട്. ചുരുക്കത്തിൽ തങ്കച്ചൻ ഗ്രൂപ്പിന്റെ ക്വാറിയും ക്രഷറും പരിസ്ഥിതി സൗഹൃദമെന്ന് സാരം. സംസ്ഥാനത്തെ പഞ്ചായത്ത് മുതൽ പരിസ്ഥിതി വകുപ്പു വരെ തങ്കച്ചന്റെ പോക്കറ്റിലാണെന്ന് ഇതിലൂടെ വ്യക്തമാണ്.
തങ്കച്ചൻ മുന്നിലുണ്ടെങ്കിൽ റോഡിന് അമ്പത് മീററർ പ്രവർത്തിക്കുന്ന ക്വാറി 200 മീറ്റർ പുറത്താകും. റോഡിലേക്ക് പൊടിപടലങ്ങൾ ആഞ്ഞടിച്ചാലും യാത്രികർ അനുഭവിക്കുക തന്നെ.നെടുംപൊയിൽ 24 -ാം മൈലിൽ നിന്നും കണ്ണവം വനം അവസാനിക്കുന്ന റോഡിന്നരികിൽ ക്വാറിയിൽ നിന്ന് എടുത്ത മണ്ണ് കൂട്ടിയിട്ടിരിക്കയാണ്. ഒരു സ്‌റ്റേഡിയത്തോളം വിസ്തൃതിയിൽ സ്വാഭാവിക നീരുറവകളെ അടച്ച് കല്ലും മണ്ണും ഒക്കെ നിരത്തിക്കൊണ്ടിരിക്കുന്നു. 10 മീറ്റർ ഉയരത്തിലുള്ള തെങ്ങുകൾ മണ്ണിൽ മൂടപ്പെട്ടുകൊണ്ടിരിക്കുന്നു.
കരിങ്കൽ ഖനനം മാത്രമല്ല സമീപത്ത് ഭൂമി വാങ്ങിക്കൂട്ടി പ്രകൃതിയെ അമ്മാനമാടുകയാണ്. എതിർക്കുന്നവരുടെ പോക്കറ്റ് നിറച്ചുകൊടുക്കുന്നതിനാൽ പഞ്ചായത്ത് ഭരണസമിതിയും ഉദ്യോഗസ്ഥവൃന്ദവും പരിസ്ഥിതി രാഷ്ട്രീയക്കാരും എന്നും കണ്ടുകൊണ്ടിരിക്കുന്ന സ്ഥലത്ത് എന്തും നിക്ഷേപിക്കാനുള്ള അധികാരം അവർ സ്വയം എടുത്ത് പ്രയോഗിക്കുന്നു.
സാധാരണക്കാരന് ഒരു വീടുണ്ടാക്കാൻ അല്പം മണ്ണ് നീക്കാൻ പോലും അനുവദിക്കാത്ത ഉദ്യോഗസ്ഥരാണ് ഈ പരിസ്ഥിതി ആഘാതത്തിന് കുട ചൂടുന്നത്.
 
            


























 
				
















