മാണിയല്ല, വിലപേശിയത് ലീഗ്; മുസ്ലീംലീഗും കേരളാ കോണ്‍ഗ്രസും ചേര്‍ന്ന് കോണ്‍ഗ്രസിനെ പൂട്ടിയത് ഇങ്ങനെ

തിരുവനന്തപുരം: രാജ്യസഭാ സീറ്റിന് വേണ്ടിയുള്ള തര്‍ക്കത്തില്‍ കോണ്‍ഗ്രസിനെ പൂട്ടിയത് മുസ്ലീം ലീഗും കേരളാ കോണ്‍ഗ്രസും ഒത്ത് ചേര്‍ന്നായിരുന്നു. മാണിയെ മുന്നണിയിലേക്കു അന്തസ്സായി മടക്കിക്കൊണ്ടുവരുമെന്ന ലീഗിന്റെ തീരുമാനമാണ് ഡല്‍ഹിയില്‍ നടപ്പായത്.കേരള കോണ്‍ഗ്രസ് വിചാരിച്ച പോലെ കാര്യങ്ങള്‍ നീങ്ങിയത് നിയമസഭയില്‍ 22 പേരുടെ അംഗബലമേയുള്ളൂവെന്ന യാഥാര്‍ഥ്യം കോണ്‍ഗ്രസിന് ഉള്‍ക്കൊള്ളേണ്ടി വന്നതോടെയാണ്. കേരള കോണ്‍ഗ്രസിനുവേണ്ടി ഉറച്ച നിലപാടിലായിരുന്നു ലീഗും പി.കെ.കുഞ്ഞാലിക്കുട്ടിയും. അതേസമയം മുന്നണിയിലില്ലാത്ത ഘടകകക്ഷിക്കു രാജ്യസഭാ സീറ്റ് അടിയറവച്ചതിനെതിരെ ഗ്രൂപ്പ് ഭേദമെന്യേ കോണ്‍ഗ്രസില്‍ പ്രതിഷേധം ശക്തമായിരിക്കുകയാണ്.

യഥാര്‍ഥത്തില്‍ മാണിയായിരുന്നില്ല, മറിച്ച് ലീഗാണ് വിലപേശിയത്. 18 പേരാണ് ലീഗിനുള്ളത്. മാണിയുടെ ആറ് പേരും കൂടി ചേര്‍ന്നാല്‍ കോണ്‍ഗ്രസിനെ നിഷ്പ്രയാസം മറികടക്കാനാകും. 140 പേരുള്ള നിയമസഭയില്‍ മൂന്ന് ഒഴിവുകളിലേക്കു തെരഞ്ഞെടുപ്പു നടക്കുമ്പോള്‍ വിജയിക്കാന്‍ ഓരോരുത്തര്‍ക്കും 36 ഒന്നാം വോട്ട് വീതം വേണം. സിപിഐഎം, സിപിഐ സ്ഥാനാര്‍ഥികളെ ജയിപ്പിക്കാന്‍ ഇടതുമുന്നണിക്ക് 72 പേരുടെ പിന്തുണ മതി. ആകെ 91 പേരുള്ള അവര്‍ക്ക് ബാക്കി 19 വോട്ടുണ്ട്. യുഡിഎഫിലെ ഭിന്നത മുതലെടുക്കാന്‍ സിപിഐഎം തീരുമാനിച്ചാല്‍ മുന്നണിയുടെ സ്ഥിതി വഷളാകും. കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും രണ്ടു സ്ഥാനാര്‍ഥികളെ നിര്‍ത്തുകയും കേരള കോണ്‍ഗ്രസ് നോമിനിക്കു ലീഗിന്റെയും ആ 19 പേരുടെയും പിന്തുണ കിട്ടുകയും ചെയ്താല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രാജ്യസഭ കാണില്ല. ഇത് യുഡിഎഫിന്റെ തകര്‍ച്ചയ്ക്ക് വഴിവെക്കും. ഈ മുന്നറിയിപ്പ് കോണ്‍ഗ്രസ് നേതൃത്വത്തിനു നിസ്സാരമായി കാണാന്‍ കഴിഞ്ഞില്ല.

ചെങ്ങന്നൂര്‍ തോല്‍വി കൂടി ആയതോടെ മാണിയെ മടക്കിക്കൊണ്ടുവരുന്ന കാര്യം നീട്ടിക്കൊണ്ടുപോകാന്‍ കഴിയില്ലെന്ന് ലീഗ് കോണ്‍ഗ്രസിനോട് തീര്‍ത്തുപറഞ്ഞു. അതിന് വേണ്ടി രാജ്യസഭാ സീറ്റ് നല്‍കണമെങ്കില്‍ അതും ചെയ്യണമെന്നും മറിച്ചെങ്കില്‍ തങ്ങളും കൂടെയുണ്ടാകില്ലെന്നും ലീഗ് മുന്നറിയിപ്പ് നല്‍കി. കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്തി വേണോ മുന്നണിയെ ലീഗ് ശക്തിപ്പെടുത്തേണ്ടതെന്ന് പാര്‍ട്ടിയില്‍ ചോദ്യമുയര്‍ന്നു. എന്നാല്‍ മാണിയെ മടക്കിക്കൊണ്ടുവരാനുള്ള ഈയവസരം കൂടി പാഴായാല്‍ പിന്നെ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്നാണു ലീഗ് ചൂണ്ടിക്കാട്ടിയത്. സീറ്റിനായി മാണി അവകാശവാദം ഉന്നയിച്ചപ്പോള്‍ അടുത്ത ഊഴം ഉറപ്പുനല്‍കി അദ്ദേഹത്തെ തൃപ്തിപ്പെടുത്താമെന്ന കോണ്‍ഗ്രസിന്റെ കണക്കുകൂട്ടലാണ് പാളിപോയത്. യുഡിഎഫ് പ്രവേശനത്തിനുള്ള ഉപാധി തന്നെ രാജ്യസഭാ സീറ്റായി മാറുന്നത് ഞെട്ടലോടെയാണ് കോണ്‍ഗ്രസ് നോക്കിക്കണ്ടത്. നേതൃത്വത്തിനെതിരെ പരസ്യമായി പറയാത്തവരും 11നു കോണ്‍ഗ്രസ് രാഷ്ട്രീയകാര്യസമിതി ചേരുമ്പോള്‍ പൊട്ടിത്തെറിക്കാനിരിക്കുന്നു.

അഞ്ചംഗ സംഘമായിരുന്നു യുഡിഎഫ് നടപ്പാക്കിയ ഏറ്റവും നിര്‍ണായക നീക്കത്തിനു ചുക്കാന്‍ പിടിച്ചത്. കോണ്‍ഗ്രസിലെ ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, എം.എം. ഹസന്‍, മുസ്‌ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, കേരള കോണ്‍ഗ്രസ് (എം) വൈസ് ചെയര്‍മാന്‍ ജോസ് കെ. മാണി എന്നിവരായിരുന്നു അവര്‍. മാസങ്ങളായി നടത്തിയ അണിയറനീക്കങ്ങളാണു ഡല്‍ഹിയില്‍ രാജ്യസഭാ സീറ്റ് സംബന്ധിച്ച അപ്രതീക്ഷിത തീരുമാനത്തില്‍ കലാശിച്ചത്.

ഒഴിവു വരുന്ന രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് കൂടി അവകാശപ്പെട്ടതാണെന്ന കുഞ്ഞാലിക്കുട്ടിയുടെ പ്രഖ്യാപനം പാര്‍ട്ടിയെ അനിശ്ചിതത്വത്തിലാക്കുന്നതായിരുന്നു. കോണ്‍ഗ്രസിന്റെ രാജ്യസഭാ സീറ്റ് ചര്‍ച്ചകള്‍ക്കായി ഉമ്മന്‍ ചാണ്ടിയും രമേശും ഹസനും ഡല്‍ഹിയിലെത്തിയതിനു പിന്നാലെയായിരുന്നു കേരളത്തില്‍ കുഞ്ഞാലിക്കുട്ടിയുടെ പ്രഖ്യാപനം എന്നതും ശ്രദ്ധേയമാണ്. ഇതോടെ ചര്‍ച്ചകള്‍ ആ വഴിക്കായി. ബുധനാഴ്ച രാത്രി കേരള ഹൗസില്‍ കുഞ്ഞാലിക്കുട്ടിയുമായി കൂടിക്കാഴ്ച നടത്തിയ കോണ്‍ഗ്രസ് നേതാക്കള്‍ ഇക്കാര്യം വിശദമായി പരിശോധിച്ചു. സീറ്റ് നല്‍കുന്നതാണ് ഉചിതമെന്നു കുഞ്ഞാലിക്കുട്ടി നിലപാടെടുത്തതിനു പിന്നാലെ ജോസ് കെ. മാണിയും കേരള ഹൗസിലെത്തി.

ഉമ്മന്‍ ചാണ്ടിയുടെ 204ാം നമ്പര്‍ മുറിയില്‍ അഞ്ചു പേരും രാത്രി അടിയന്തരയോഗം ചേര്‍ന്നു. എ.കെ. ആന്റണി, പി.ജെ. കുര്യന്‍, വയലാര്‍ രവി എന്നിവര്‍ക്കായി മുന്‍പു മൂന്നുതവണ രാജ്യസഭാ സീറ്റ് വിട്ടുനല്‍കിയിട്ടുള്ള കേരള കോണ്‍ഗ്രസിന്റെ ആവശ്യം ന്യായമാണെന്നായിരുന്നു ജോസ് കെ. മാണിയുടെ വാദം.

ഇന്നലെ സംഭവിച്ചത്

കേരള കോണ്‍ഗ്രസ് സമ്മര്‍ദം ശക്തമാക്കുകയും മുസ്‌ലിം ലീഗ് അതിന് ഉറച്ച പിന്തുണ നല്‍കുകയും ചെയ്തതോടെ കോണ്‍ഗ്രസിന് ശരിക്കും പൂട്ടുവീഴുന്ന കാഴ്ചയായിരുന്നു. കേരളാ കോണ്‍ഗ്രസിലേക്ക് സീറ്റ് എത്തുമെന്ന് സൂചനകള്‍ ലഭിച്ചതോടെ പി.ജെ. കുര്യന്‍ സീറ്റ് കേരള കോണ്‍ഗ്രസിനു നല്‍കരുതെന്നാവശ്യപ്പെട്ടു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കു കത്തയച്ചു.ഒപ്പം സീറ്റിലേക്കു പരിഗണിക്കാവുന്ന കോണ്‍ഗ്രസ് നേതാക്കളുടെ പേരുകളും അറിയിച്ചു.

ഇതിനു പിന്നാലെ ഉമ്മന്‍ ചാണ്ടിയുടെ മുറിയിലേക്കു കുഞ്ഞാലിക്കുട്ടിയും ജോസ് കെ. മാണിയുമെത്തി. വിശദമായ ചര്‍ച്ചയ്‌ക്കൊടുവില്‍ സീറ്റ് വിട്ടുനല്‍കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. പിന്നാലെ ഉമ്മന്‍ ചാണ്ടിയും രമേശും ഹസനും രാഹുലിന്റെ വസതിയിലേക്ക്. അരമണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ ഇത്തവണ സീറ്റ് കേരള കോണ്‍ഗ്രസിനു നല്‍കണമെന്നു മൂവരും അഭ്യര്‍ഥിച്ചു. പിന്നാലെ, കുഞ്ഞാലിക്കുട്ടിയും ജോസ് കെ. മാണിയും വസതിയിലെത്തിയതോടെ, രാഹുല്‍ സമ്മതം മൂളി.

തിരികെ കേരള ഹൗസിലെത്തിയ നേതാക്കള്‍ രമേശ് ചെന്നിത്തലയുടെ മുറിയില്‍ അവസാനവട്ട ചര്‍ച്ചകള്‍ നടത്തിയശേഷം വാര്‍ത്താസമ്മേളനത്തിനെത്തി. കേരള കോണ്‍ഗ്രസ് യുഡിഎഫിലേക്കു തിരികെയെത്തുന്നതിന്റെ രാഷ്ട്രീയ സാഹചര്യം രമേശ് വിശദീകരിച്ചു; രണ്ടാമത് സംസാരിച്ച ഉമ്മന്‍ ചാണ്ടി പ്രഖ്യാപനവും നടത്തി.