BREAKING NEWS: മാര്‍ത്തോമ്മ ബിഷപ്പ് നിയമനം സ്റ്റേ ചെയ്യണമെന്ന ഹര്‍ജി തിരുവല്ല മുന്‍സിഫ് കോടതി ഫയലില്‍ സ്വീകരിച്ചു

ഡോ.ജോസഫ് മാര്‍ത്തോമാ മെത്രാപ്പോലീത്ത

ഇതുവരെയുള്ള നടപടിക്രമങ്ങള്‍ സഭാ ഭരണഘടനയ്ക്ക് വിരുദ്ധമെന്ന് ഹര്‍ജിക്കാരന്‍. 

നടപടി ക്രമങ്ങള്‍ പാലിക്കാതെയാണ് രണ്ട് വൈദികരെ നോമിനേഷന്‍ ബോര്‍ഡ് ഒഴിവാക്കിയതെന്ന് ഹര്‍ജി യില്‍ പറയുന്നു.നോമിനേഷ ന്‍ ബോര്‍ഡില്‍ നിന്ന് രാജിവെ ച്ച സാബു അലക്‌സാണ് പരാതിക്കാരന്‍.

ഇന്ന് (ഡിസംബര്‍ 7 ബുധന്‍) വാദം കേള്‍ക്കും.മാര്‍ത്തോമ്മസഭയിലെ പുതിയ നാല് ബിഷപ്പുമാരെ തിരഞ്ഞെടുക്കാനുള്ള നീക്കം വന്‍പൊട്ടിത്തെറിയിലെക്ക്.

സഭയുടെ പരമാദ്ധ്യക്ഷന്‍ ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്തയുടെ ഏകാധിപത്യ പ്രവണതകളെ പരസ്യമായി എതിര്‍ക്കാന്‍ സഫ്രഗന്‍ മെത്രാപ്പൊലീത്തായുടെ നേതൃത്വത്തില്‍ ഒരു കൂട്ടം വൈദികരും ആത്മായരും തയ്യാറെടുക്കുന്നു. സഭ വീണ്ടും ഒരു പിളര്‍പ്പിന്റെ വക്കിലേക്കോ?

 

-നിയാസ് കരീം-

 

തിരുവല്ല: പുതിയതായി നാല് ബിഷപ്പുമാരെ കൂടി നിയമിക്കാനുള്ള മലങ്കര മാര്‍ത്തോമ്മ സഭയുടെ നീക്കം നിയമ യുദ്ധത്തിലേക്ക് നീങ്ങുന്നു. ബിഷപ്പ് നിയമനം സംബന്ധിച്ച എല്ലാ നടപടികളും നിര്‍ത്തിവെയ്ക്കണമെന്നാവശ്യപ്പെട്ട് എപ്പിസ്‌കോപ്പല്‍ നിയമന ബോര്‍ഡംഗമായിരു ന്ന സാബു അലക്‌സാണ് കോടതിയെ സമീപിച്ചത്. തിരുവല്ല മുന്‍സിഫ് കോടതിയിലാണ് ഹര്‍ജി സമര്‍പ്പിച്ചത്. പരാതിഫയലില്‍ സ്വീകരിച്ച കോടതി ഇന്ന് (ബുധന്‍) വാദം കേള്‍ക്കും.
സഭാ ഭരണഘടനയുടെ 19-ാം വകുപ്പ് പ്രകാരമുള്ള നടപടിക്രമങ്ങള്‍ മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്. എന്നാല്‍ 20 വകുപ്പ് പ്രകാരം ബിഷപ്പ് സ്ഥാനത്തേക്ക് നാമ നിര്‍ദ്ദേശം ചെയ്യപ്പെടുന്ന വൈദികരുടെ പേരുകള്‍ പള്ളികളില്‍ പരസ്യമായി വായിക്കുകയും അതെക്കുറിച്ച് ആക്ഷേപമുള്ളവര്‍ക്ക് ആക്ഷേപം സമര്‍പ്പിക്കാന്‍ അവസരം നല്കണമെന്നും ഈ വകുപ്പ് നിഷ്‌കര്‍ഷിക്കുന്നു. എന്നാല്‍ ഇത്തരമൊരു പ്രക്രിയ നടത്താതെയാണ് രാജന്‍ ജോര്‍ജ്, ജേക്കബ് ചെറിയാന്‍ എന്നി വൈദികരെ നോമിനേഷന്‍ ബോര്‍ഡ് ഏകപക്ഷീയമായി ഒഴിവാക്കിയതെന്ന് സാബു അലക്‌സിന്റെ ഹര്‍ജിയില്‍ ആരോപിക്കുന്നു. ബിഷപ്പ് നോമിനേഷന്‍ പട്ടികയിലുണ്ടായിരുന്ന വരെക്കുറിച്ച് ആക്ഷേപം കേള്‍ക്കാനായി ബോര്‍ഡ് യോഗം ചേര്‍ന്നിട്ടുമില്ല. ബിഷപ്പ് സ്ഥാനാര്‍ത്ഥികളായി ചുരുക്കപ്പട്ടികയിലുള്ള നാലു പേരെക്കുറിച്ചുള്ള ആക്ഷേപങ്ങളും ബോര്‍ഡ് കേട്ടിട്ടില്ല. ഈ സാഹചര്യത്തില്‍ നിയമ വിരുദ്ധമായി നടക്കുന്ന ബിഷപ്പ് തിരഞ്ഞെടുപ്പിന്റെ നടപടി ക്രമങ്ങള്‍ പൂര്‍ണമായി സ്റ്റേ ചെയ്യണമെന്നാണ് ഹര്‍ജിക്കാരന്റെ ആവശ്യം. അഡ്വ.പി.കെ.രവിയാണ് വാദി ഭാഗത്തിന് വേണ്ടി ഹാജരാവുന്നത്.
മെത്രാന്‍ സ്ഥാനത്തെക്ക് പരിഗണിക്കപ്പെട്ടിരുന്ന സീനിയര്‍ വൈദികന്‍ ജേക്കബ് ചെറിയാനെതിരെ വ്യാജ റിപ്പോര്‍ട്ട് സ്വീകരിച്ച് സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് ഒഴിവാക്കിയ സംഭവം പുറത്ത് കൊണ്ടുവന്നത് വൈഫൈ റിപ്പോര്‍ട്ടറായിരുന്നു.

ഗീവര്‍ഗ്ഗീസ് മാര്‍ അത്തനേഷ്യസ് സഫ്രഗന്‍ മെത്രാപ്പോലീത്ത
ഗീവര്‍ഗ്ഗീസ് മാര്‍ അത്തനേഷ്യസ് സഫ്രഗന്‍ മെത്രാപ്പോലീത്ത

റവ. ജേക്കബ് ചെറിയാന്‍ കുര്‍ബാനക്കുപ്പായം (കാപ്പ ) ധരിക്കാതെ പത്തനംതിട്ട – നെല്ലിക്കാല മാര്‍ത്തോമ്മാ പള്ളിയില്‍ ഒക്ടോബര്‍ 16 ന് കുര്‍ബാന അര്‍പ്പിച്ചുവെന്ന് അന്നേ ദിവസം പളളിയിലുണ്ടായിരുന്ന എപ്പിസ്‌കോപ്പല്‍ നോമിനേഷന്‍ ബോര്‍ഡിലെ ഒരംഗം റിപ്പോര്‍ട്ട് കൊടുത്തതിന്റെ അടിസ്ഥാനത്തിലാണ് ജേക്കബ് ചെറിയാനെ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് തെറിപ്പിച്ചത്. എന്നാല്‍ ഇതേ പള്ളിയില്‍ അന്നേ ദിവസമുണ്ടായിരുന്ന മറ്റ് രണ്ട് ബോര്‍ഡംഗങ്ങള്‍ ഇങ്ങനെയൊരു സംഭവം നടന്നതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇത്തരമൊരു വ്യാജ റിപ്പോര്‍ട്ട് സ്വീകരിച്ച് സാത്വികനായ ഒരു വൈദികനെ ചതിച്ച് പുറത്താക്കിയതില്‍ പ്രതിഷേധിച്ച് ബോര്‍ഡിലെ അംഗമായിരുന്ന സാബു അലക്‌സ് രാജി വെച്ചിരുന്നു. ഇതിന്റെ ചുവട് പിടിച്ച് നവംബര്‍ 29 ന് തിരുവല്ല പുലാത്തീന്‍ അരമനയില്‍ ചേര്‍ന്ന ബോര്‍ഡ് യോഗത്തില്‍ വെച്ച് സഭയിലെ ബിഷപ്പ് മാരില്‍ രണ്ടാമനും നോമിനേഷന്‍ ബോര്‍ഡ് വൈസ് ചെയര്‍മാനുമായ ഗീവര്‍ഗിസ് മാര്‍ അത്തനേഷ്യസ് സഫ്രഗന്‍ മെത്രാപ്പോലീത്ത ഇതുവരെ നടന്ന നോമിനേഷന്‍ പ്രക്രിയയെക്കുറിച്ച് സമഗ്ര അന്വേഷണം ആവശ്യപ്പെട്ടെങ്കിലും ജോസഫ് മാര്‍ത്തോമ്മ ഈ ആവശ്യം നിഷ്‌കരുണം തള്ളിക്കളഞ്ഞു. ‘നിങ്ങള്‍ ദൈവരാജ്യമല്ല നിര്‍മ്മിക്കാന്‍ ശ്രമിക്കുന്നത്, കള്ളന്മാരുടെ രാജ്യം നിര്‍മ്മിക്കാന്‍ ശ്രമിക്കയാണെന്ന് ജോസഫ് മാര്‍ത്തോമ്മയ്ക്ക് നേരെ ആക്രോശിച്ചു കൊണ്ട് സഫ്രഗന്‍ മെത്രാപ്പോലീത്ത യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. ഡിസംബര്‍ ഒന്നിന് അദ്ദേഹം നോമിനേഷന്‍ ബോര്‍ഡില്‍ നിന്ന് രാജിവെച്ചു കൊണ്ടുള്ള കത്ത് പ്രത്യേക ദൂതന്‍ വഴി മാര്‍ത്തോമ്മ മെത്രാപ്പൊലീത്തയ്ക്ക് കൈമാറിയിരുന്നു. ഇതൊടെ ബിഷപ്പ് നിയമന വിവാദം പുതിയൊരു തലത്തിലേക്ക് നീങ്ങിക്കഴിഞ്ഞു. ജോസഫ് മാര്‍ത്തോമ്മായുടെ നാല് ശിങ്കിടികളെ ബിഷപ്പ് മാരായി അവരോധിക്കാനുള്ള കള്ളക്കളികള്‍ സഭയില്‍ നടക്കയാണെന്ന് വ്യാപകമായ ആക്ഷേപം ഉയര്‍ന്നു കഴിഞ്ഞു. ഇദ്ദേഹത്തിന്റെ ഏകാധിപത്യ നടപടികള്‍ക്കെതിരെ പരസ്യമായി രംഗത്തു വരാന്‍ മാര്‍ അത്താനേഷ്യസിനുമേല്‍ വന്‍ സമ്മര്‍ദ്ദമുള്ളതായി അറിയുന്നു. സ്വന്തക്കാരെയും ഇഷ്ടക്കാരെയും അയോഗ്യരെയും ബിഷപ്പ്മാരാക്കാനുള്ള കള്ളക്കളി കളാണ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത നടത്തുന്നതെന്ന് ഇക്കൂട്ടര്‍ ആരോപിക്കുന്നു. സഭാ പ്രതിനിധി മണ്ഡലത്തിന്റെ കാലാവധി അവസാനിക്കുന്ന 2017 മാര്‍ച്ച് 31 ന് മുമ്പായി നാല് ബിഷപ്പ്മാരുടെ നിയമനത്തിന് അംഗീകാരം നേടിയെടുക്കാനുള്ള ഓപ്പറേഷനിലാണ് ജോസഫ് മാര്‍ത്തോമ്മയും അനുയായികളും. എന്നാല്‍ എന്ത് വില കൊടുത്തും ഈ നീക്കത്തെ തടയുമെന്നാണ് വിമത പക്ഷത്തിന്റെ വാദം. 1970 ല്‍ കെ.എന്‍. ദാനിയേലിന്റെ നേതൃത്വത്തില്‍ ഒരു കൂട്ടര്‍ മാര്‍ത്തോമ്മാ സഭയില്‍ നിന്ന് പിണങ്ങിപ്പിരിഞ്ഞ് ഇവാഞ്ചലിക്കല്‍ സഭ രൂപീകരിച്ചതിന് സമാനമായ അന്തരീക്ഷമാണ് സഭയില്‍ ഇപ്പോള്‍ നില നില്‍ക്കുന്നത്.
ജോസഫ് മാര്‍ത്തോമ്മയുടെ ധാര്‍ഷ്ട്യവും ധിക്കാരവും വെച്ചു പൊറുപ്പിക്കാനാവില്ലെന്നാണ് മാര്‍ അത്തനേഷ്യസിനെ പിന്തുണയ്ക്കുന്നവരുടെ നില പാട്.

മാര്‍ത്തോമ്മാ ബിഷപ്പ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ദി വൈഫൈ റിപ്പോര്‍ട്ടര്‍ വാര്‍ത്തകള്‍ താഴെ വായിക്കാം…. 

മാര്‍ത്തോമ്മാസഭയില്‍ നാല് ബിഷപ്പുമാരെ നിയമിക്കാനുള്ള നടപടികള്‍ വിവാദത്തില്‍

മാര്‍ത്തോമ്മാ സഭയിലെ ബിഷപ്പ് തെരഞ്ഞെടുപ്പില്‍ ഗൂഢാലോചന നടന്നുവെന്ന് ജേക്കബ് ചെറിയാന്‍ അച്ചന്‍

മാര്‍ത്തോമ്മാ ബിഷപ്പ് നിയമനം: സഫ്രഗന്‍ മെത്രാപ്പോലീത്ത രാജിഭീഷണി മുഴക്കി

മാര്‍ത്തോമ്മാ ബിഷപ്പ് നിയമനം; സഫ്രഗന്‍ മെത്രാപ്പോലീത്ത രാജിവെച്ചു