തനിക്ക് ആദരവും ബഹുമാനവുമുള്ള നേതാവാണ് പിജെ കുര്യനെന്ന് ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് പി.ജെ. കുര്യന്‍ എം.പിക്ക് മറുപടിയുമായി ഉമ്മന്‍ചാണ്ടി. തനിക്ക് ആദരവും ബഹുമാനവുമുള്ള നേതാവാണ് കുര്യനെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. കുര്യന്‍ പറഞ്ഞതെന്താണെന്ന് അറിയില്ലെന്നും കൂടുതല്‍ പ്രതികരിക്കാനുണ്ടെങ്കില്‍ പിന്നീട് പ്രതികരിക്കുമെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. രാജ്യസഭാ സീറ്റ് വിഷയത്തില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി പി.ജെ. കുര്യന്‍ രംഗത്തെത്തിയിരുന്നു.

ഉമ്മന്‍ ചാണ്ടി പേഴ്‌സണല്‍ അജണ്ട നടപ്പാക്കുന്നുവെന്ന് കുര്യന്‍ ആരോപിച്ചു. രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തു നിന്നുപോലും നീക്കാന്‍ ശ്രമിച്ചു. അതിനായി യുവ നേതാക്കളെ കൂട്ടുപിടിച്ചുവെന്നും കുര്യന്‍ പറഞ്ഞിരുന്നു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാപ്പു പറഞ്ഞു. എന്നാല്‍, ഉമ്മന്‍ചാണ്ടി ഫോണില്‍ പോലും വിളിച്ച് സംസാരിച്ചില്ലെന്നും കുര്യന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 2005ല്‍ സീറ്റ് നല്‍കാന്‍ ഇടപ്പെട്ടെന്ന ഉമ്മന്‍ചാണ്ടിയുടെ വാദം തെറ്റാണെന്നും കുര്യന്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടി കാര്യങ്ങള്‍ വളച്ചൊടിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും

അതേസമയം രാജ്യസഭാ സീറ്റ് സംബന്ധിച്ച കാര്യങ്ങളില്‍ മുഖ്യ പങ്ക് ചെന്നിത്തലയ്ക്കല്ലെന്ന് കുര്യന്‍ പറഞ്ഞു. സീറ്റ് നല്‍കിയത് ചെന്നിത്തലയുടെ തീരുമാനത്തിലല്ല അത് മറ്റു ചിലരുടെ തീരുമാനമായിരുന്നു. സീറ്റ് കിട്ടാത്തതില്‍ തനിക്ക് പരാതിയില്ലെന്നും പി ജെ കുര്യന്‍ പറഞ്ഞു. ഇപ്പോഴുണ്ടായ കൂടിക്കാഴ്ച വെറും സൗഹൃദ സന്ദര്‍ശനം മാത്രമെന്ന് പി ജെ കുര്യന്‍ വ്യക്തമാക്കി. തിരുവല്ലയിലെ പി ജെ കുര്യന്റെ വസതിയിലായിരുന്നു രമേശ് ചെന്നിത്തലയും പി ജെ കുര്യനും കൂടിക്കാഴ്ച നടത്തിയത്.

ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസ് ഹൈക്കാന്റിനെ തെറ്റിദ്ധരിപ്പിച്ചെന്നും ലോകസഭാ സീറ്റിന് മാണിയുടെ സഹായം വേണമെന്ന് രാഹുലിനെ അറിയിച്ചതായും കുര്യന്‍ വ്യക്തമാക്കി. ഘടകകക്ഷികളെ ഉപയോഗിച്ച് ഉമ്മന്‍ചാണ്ടി ഹൈക്കമാന്റിനെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. വൃദ്ധനെന്ന് വിളിച്ച് രണ്ട് ഗ്രൂപ്പുകാരും അധിക്ഷേപിച്ചു. അതിനായി യുവ നേതാക്കളെ കൂട്ടുപിടിച്ചു. രാഹുല്‍ ഗാന്ധിക്ക് കത്തയച്ചത് സീറ്റ് കിട്ടാനില്ലെന്നും കുര്യന്‍ പറഞ്ഞു. അതേസമയം, യഥാര്‍ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് കത്തെഴുതി വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

രാജീവ് ഗാന്ധി തന്നെ ലോക്‌സഭ ചീഫ് വിപ്പ് ആക്കിയപ്പോള്‍ ഡി.സി.സി അധ്യക്ഷനാക്കാന്‍ ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടെന്നും കുര്യന്‍ ആരോപിച്ചു. സൂര്യ നെല്ലി കേസുമായി ബന്ധപ്പെട്ട മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ക്ഷുഭിതനായിട്ടായിരുന്നു കുര്യന്റെ പ്രതികരണം. തനിക്കെതിരായ ഒരു കേസിലും സഹായം തേടിയിട്ടില്ല. സഹായം ചെയ്‌തെന്ന് പറഞ്ഞത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയതാണ്. അത് ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയ കടമയാണെന്നും പി.ജെ. കുര്യന്‍ കൂട്ടിച്ചേര്‍ത്തു.

കൂടാതെ, വ്യക്തിപരമായ ഒരാവശ്യത്തിനും ഉമ്മന്‍ചാണ്ടിയോട് സഹായം ചോദിച്ചിട്ടില്ല. എന്ത് സഹായമാണ് ചെയ്ത് തന്നതെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.