പിജെ കുര്യന്റെ പരാമര്‍ശത്തിന് യുവ എംഎല്‍എമാര്‍ മറുപടി നല്‍കട്ടെ; രാഹുലിന് പരാതി നല്‍കാനുള്ള കുര്യന്റെ തീരുമാനം ഉചിതം: ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: രാജ്യസഭ സീറ്റ്​ കേരള കോണ്‍ഗ്രസിന്​ വിട്ടുനല്‍കിയതുമായി ബന്ധപ്പെട്ട്​ കോണ്‍ഗ്രസ്​ നേതാവ്​ പി.ജെ കുര്യന്‍ ഹൈക്കമാന്‍ഡിന്​ പരാതി നല്‍കിയത്​ നന്നായെന്ന്​ എ.​ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി. ഹൈക്കമാന്‍ഡിന്​ പരാതി നല്‍കുമ്പോള്‍ കാര്യങ്ങള്‍ എന്താണെന്ന്​ കുര്യന്​ മനസിലാകുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

രാജ്യസഭ സീറ്റ്​ വിഷയത്തില്‍ യുവ എം.എല്‍.എമാര്‍ ആരുടെ​യെങ്കിലും ചട്ടുകമായി പ്രവര്‍ത്തിച്ചു എന്ന കുര്യ​​ന്റെ ആരോപണത്തിന്​ മറുപടി പറയേണ്ടത്​ അവരാണ്​. രാജ്യസഭ സീറ്റ്​ നല്‍കുന്ന കാര്യത്തില്‍ ഗൂഢാലോചന ഉണ്ടായി എന്ന കുര്യ​​ന്റെ ആരോപണത്തിന്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തലയും കെ.പി.സി.സി പ്രസിഡന്‍റ്​ എം.എം ഹസനും മറുപടി നല്‍ക​ട്ടെ യെന്നും ഉമ്മന്‍ചാണ്ടി വ്യക്​തമാക്കി.

രാജ്യസഭ സീറ്റ്​ താന്‍ ആരോടും ചോദിച്ചിട്ടില്ല. എന്നാലും അതു ലഭിക്കുമെന്ന്​ കരുതിയിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ വ്യക്​തിപരമായ അജണ്ട മറ്റു പാര്‍ട്ടിയുടെ നേതാക്കളെ ഉപയോഗിച്ച്‌​ നടപ്പാക്കുകയാണ്​ ചെയ്​തത്​. ചാണ്ടിക്കെതിരെ കോണ്‍ഗ്രസ്​ ഹൈകമാന്‍ഡിന്​ പരാതി നല്‍കും. വയസ്സനെന്ന്​ പറഞ്ഞ്​ ആക്ഷേപിക്കുമ്പോള്‍ ഉമ്മന്‍ ചാണ്ടിയും താനും തമ്മില്‍ രണ്ടുവയസ്സിന്റെ വ്യത്യാസമേ ഉള്ളൂവെന്ന്​ ഒാര്‍ക്കണമെന്നും കുര്യന്‍ പറഞ്ഞിരുന്നു.