ന്യൂഡല്‍ഹി: ഐ.സി.ഐ.സി ബാങ്ക് മേധാവി ചന്ദ കൊച്ചാറിനെതിരെ ബാങ്ക് സ്വതന്ത്ര അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ അമേരിക്കയിലെ ഓഹരി വിപണി റെഗുലേറ്ററായ യു.എസ് സെക്യൂരിറ്റി ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മിഷനും അന്വേഷണം നടത്തും. അതേസമയം, അന്വേഷണത്തിന്റെ ഭാഗമായി ഇന്ത്യന്‍ ഏജന്‍സികള്‍ വിദേശ സഹായവും തേടിയിട്ടുണ്ട്. പ്രധാനമായും മൗറീഷ്യസിന്റെ സഹായമാണ് തേടിയതെന്ന് അന്വേഷണ സംഘത്തോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. ചന്ദ കൊച്ചാറിനെതിരെ മേയില്‍ ബാങ്ക് സ്വതന്ത്രാന്വേഷണം പ്രഖ്യാപിച്ചിരുന്നു.
വീഡിയോകോണ്‍ ഗ്രൂപ്പിന് 3,250 കോടിയുടെ വായ്പ അനുവദിച്ചതുമായി ബന്ധപ്പെട്ട് ചന്ദ കൊച്ചാറിന്റെ ഭര്‍ത്താവ് ദീപക് കൊച്ചാര്‍, സഹോദരന്‍ രാജീവ് കൊച്ചാര്‍ എന്നിവര്‍ക്കെതിരെ സി.ബി.ഐ അന്വേഷണം നടക്കുകയാണ്. ചന്ദയുടെ സ്വാധീനം ഉപയോഗിച്ച് അനര്‍ഹമായി വായ്പ നേടിയെടുത്തു എന്നാണ് ആരോപണം.
2012ല്‍ 20 ബാങ്കുകളുടെ കൂട്ടായ്മ 40,000 കോടി രൂപ വീഡിയോകോണിന് വായ്പ നല്‍കിയിരുന്നു. ഇതില്‍ 3250 കോടി നല്‍കിയത് ഐ.സി.ഐ.സി.ഐ ബാങ്കാണ്. ഇടപാട് നടന്ന് ഏറെ വൈകാതെ ന്യൂപവര്‍ റിന്യുവബിള്‍സില്‍ ദീപക് കൊച്ചാറിന് ഓഹരി പങ്കാളിത്തം കൂടി. 2008 ല്‍ ആണ് ദീപക് കൊച്ചാറും വീഡിയോകോണും ചേര്‍ന്നു ന്യൂ പവര്‍ റിന്യൂവബിള്‍സ് തുടങ്ങിയത്. ഈ സ്ഥാപനത്തിനു മൗറീഷ്യസില്‍ നിന്നുള്ള രണ്ടുസ്ഥാപനങ്ങളില്‍ നിന്നായി 325 കോടി രൂപ വന്നതു സംബന്ധിച്ചും വിവാദം ഉയര്‍ന്നിരുന്നു. 2019 മാര്‍ച്ച് 31 വരെയാണ് ചന്ദാ കൊച്ചാറിന് ബാങ്കിന്റെ തലപ്പത്ത് കാലാവധിയുള്ളത്.