SPECIAL STORY: മാര്‍ത്തോമ്മാ ബിഷപ്പ് തെരഞ്ഞെടുപ്പ് പൊട്ടിത്തെറിയിലേക്ക്; ചേരിതിരിഞ്ഞ് ആരോപണ പ്രത്യാരോപണങ്ങള്‍

വൈഫൈ റിപ്പോര്‍ട്ടര്‍ വാര്‍ത്ത ശരിവെച്ച് മാര്‍ത്തോമ്മാ സഭ; എപ്പിസ്‌കോപ്പല്‍ തെരെഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുവെന്നും സഭാനേത്യത്വം: മാര്‍ അത്തനേഷ്യസ് സഫഗ്രന്‍ മെത്രാപ്പോലീത്തായ്ക് എതിരെ ഗുരുതരമായ ആരോപണങ്ങളുമായി ഔദ്യോഗിക പക്ഷം.

ഭക്ഷണം കഴിക്കുക, ഉറങ്ങുക, ഗീര്‍വ്വാണ പ്രസംഗം നടത്തുക ഇതാണ് സഫ്രഗന്‍ മെത്രാപ്പോലീത്തയുടെ സ്ഥിരം പരിപാടിയെന്ന് ഔദ്യോഗിക പക്ഷം

-ഹരി ഇലന്തൂര്‍-

തിരുവല്ല : മാര്‍ത്തോമ്മ സഭ പുതിയ നാല് മെത്രാന്‍മാരെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് വൈഫൈ റിപ്പോര്‍ട്ടര്‍ പുറത്തുവിട്ട വാര്‍ത്തകള്‍ മുഴുവന്‍ ശരിയാണന്ന് സഭാനേത്യത്വം ശരിവെച്ചു. പുതിയ മെത്രാന്‍മാരെ തെരഞ്ഞെടുക്കാനുള്ള എപ്പിസ്‌കോപ്പല്‍ നോമിനേഷന്‍ ബോര്‍ഡില്‍ നിന്നും സഫ്രഗന്‍ മെത്രാപ്പോലീത്ത രാജിവെച്ചത് സഭാനേത്യത്വം ശരിവെച്ചു.

മാര്‍ത്തോമ്മാ സഭയില്‍ മെത്രാന്‍മാരായി നാലുപേരെയാണ് പുതുതായി തെരഞ്ഞെടുക്കേണ്ടത്. ആറ് പേരാണ് അവസാന റൗണ്ടില്‍ ഉണ്ടായിരുന്നത്.ഇവരെപ്പറ്റി അന്വേഷണം നടത്താന്‍ സഭ ഒരു സമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതി റിപ്പോര്‍ട്ടു പ്രകാരം രാജന്‍ ജോര്‍ജ്, ജേക്കബ് ചെറിയാന്‍ എന്നീ വൈദികര്‍ ലിസ്റ്റില്‍ നിന്നും പുറത്തായി.. ഇതിനു മുമ്പ് നാലു തവണ ഒഴിവാക്കപ്പെട്ട ജേക്കബ് ചെറിയാനെതിരെ നീരീക്ഷകനായ അഡ്വ. റോയി മുട്ടത്തില്‍ നല്‍കിയ റിപ്പോര്‍ട്ടാണ് വിവാദത്തിന് കാരണമായത്. നെല്ലിക്കാലാ മാര്‍ത്തോമ്മാ പള്ളിയിലെ കുടുംബ പ്രതിഷ്ഠാദിനത്തില്‍ കുര്‍ബാന നടത്തിയപ്പോള്‍ കാപ്പ (ളോഹയ്ക് മുകളില്‍ ഇടുന്ന കറുത്ത വസ്ത്രം) ധരിച്ചില്ലന്നായിരുന്നു ആരോപണം. ഈ റിപ്പോര്‍ട്ടിന്റെ കൂടി വെളിച്ചത്തില്‍. ജേക്കബ് ചെറിയാന്‍ മെത്രാന്‍ പാനലില്‍ ഉള്‍പ്പെട്ടില്ല.

ഇതിനെതിരെ ആക്ഷേപം ഉയര്‍ന്നു. തുടര്‍ന്ന് സഭാ ആസ്ഥാനത്ത് എപ്പിസ്‌കോപ്പല്‍ നോമിനേഷന്‍ ബോര്‍ഡ് യോഗം ചേര്‍ന്നപ്പോള്‍ ജേക്കബ് ചെറിയാന്‍ വിഷയത്തില്‍ സഫ്രഗന്‍ മെത്രാപ്പോലീത്ത മാര്‍ അത്തനേഷ്യസ് പൊട്ടിത്തെറിച്ചു. ഈ പണിയും കൊണ്ടു നടക്കരുത്. നിങ്ങള്‍ സ്വര്‍ഗരാജ്യത്തിന്റെ ആളുകളല്ല. കള്ള രാജ്യത്തിന്റെ ആളുകളാണ്. പിന്നെ പറയാനുള്ളതെല്ലാം അത്തനേഷ്യസ് പറഞ്ഞു. ക്ഷിപ്രകോപിയായ ജോസഫ് മാര്‍ത്തോമ്മാ, മെത്രാപ്പോലീത്ത എല്ലാം കേട്ടുകൊണ്ടിരുന്നു. അവസാനം അദ്ദേഹത്തിന്റെ ശബ്ദം ഉയര്‍ന്നു. ‘മെത്രാച്ചന്‍ മര്യാദയ്ക്ക് സംസാരിക്കണം’ അവസാനം അത്തനേഷ്യസ് മെത്രാപ്പോലീത്ത മെത്രാന്‍ തെരഞ്ഞെടുപ്പ് നോമിനേഷന്‍ ബോര്‍ഡില്‍ നിന്നും രാജിവെച്ച് പുറത്തു പോവുകയായിരുന്നു.
ദൈവത്തിനു മുമ്പില്‍ പ്രതിജ്ഞ ചെയ്താണ് നോമിനേഷന്‍ ബോര്‍ഡിലെ അംഗങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. എന്നിട്ടും കാര്യങ്ങള്‍ വൈഫൈ റിപ്പോര്‍ട്ടര്‍ പുറത്തുവിട്ടത് സഭാനേതൃത്വത്തെ ഞെട്ടിച്ചു.

മാര്‍ത്തോമ്മാ സഭയിലെ പല വിഷയങ്ങളിലും ജോസഫ് മാര്‍ത്തോമ്മായും മാര്‍ അത്തനേഷ്യസും രണ്ടു തട്ടിലാണ്. കോഴഞ്ചേരി കോളേജ് പ്രിന്‍സിപ്പല്‍ നിയമനം, ബിഷപ്പ് കൂറിലോസിന്റെ ലൈംഗിക പീഡന വിഷയം എന്നിവയില്‍ ഇരുവരും ഏകാഭിപ്രായക്കാരായിരുന്നില്ല. ഇപ്പോള്‍ മെത്രാന്‍ തെരഞ്ഞെടുപ്പിലും രണ്ടു പേര്‍ക്കും രണ്ടു വഴിയാണ്.

മാര്‍ത്തോമ്മാ സഭയിലെ ഔദ്യോഗിക പക്ഷം അത്തനാസിയോസ് തിരുമേനിക്കെതിരെ കടുത്ത ആക്ഷേപമാണ് ഉന്നയിക്കുന്നത്. മാര്‍ത്തോമ്മാ സഭാകീഴ്‌വഴക്കം അനുസരിച്ചുള്ള കാലാവധി കഴിഞ്ഞിട്ടും റാന്നി- നിലയ്ക്കല്‍ ഭദ്രാസനാധിപനായി തുടരുകയാണ്. ഇത് സഭാചട്ടത്തെ വെല്ലുവിളിച്ചുകൊണ്ടാണ്. ഭദ്രാസനാധിപന്‍ ആയ ശേഷം സഭയുടെ വളര്‍ച്ചയ്ക്കായി ഒന്നും ചെയ്തിട്ടില്ല. ഭക്ഷണം കഴിക്കുക, ഉറങ്ങുക ഗീര്‍വാണ പ്രസംഗം മാത്രം മിച്ചം.ഏറ്റവും കൂടുതല്‍ മാര്‍ത്തോമ്മാ വിശ്വാസികള്‍ താമസിക്കുന്ന റാന്നിയില്‍ കഴിഞ്ഞ 14 വര്‍ഷത്തിനിടെയില്‍ ഒരു സ്ഥാപനം പോലും ഉണ്ടാക്കാന്‍ ഇദ്ദേഹം ശ്രമിച്ചിട്ടില്ല. ഭദ്രാസനത്തിന് കീഴിലുള്ള മിക്ക ഇടവകകള്‍ പോലും ഇതുവരെ സന്ദര്‍ശിച്ചിട്ടുപോലുമില്ല. ഏറ്റവും നിഷ്‌ക്രിയമായ ഭദ്രാസനമാണ് റാന്നി നിലയ്ക്കല്‍ എന്ന് ഔദ്യോഗിക പക്ഷം ആരോപിക്കുന്നു.

മാര്‍ത്തോമ്മാ സഭയുടെ ജനറല്‍ ബോഡിയായ പ്രതിനിധി മണ്ഡലത്തിന്റെ കാലാവധി മാര്‍ച്ച് 31ന് അവസാനിക്കുകയാണ്. ഇതിനു മുമ്പ് പ്രത്യേക മണ്ഡലം വിളിച്ചു ചേര്‍ത്ത് പുതിയ മെത്രാന്‍മാര്‍ക്കുള്ള പിന്തുണ തേടണം. ഇത്തരത്തില്‍ നടക്കേണ്ട മണ്ഡലവും മെത്രാന്‍ തെരഞ്ഞെടുപ്പും അട്ടിമറിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും ഔദ്യോഗീക നേത്യത്വം ആരോപിക്കുന്നു.