കേരളത്തില്‍ ഇന്ന് ചെറിയ പെരുന്നാള്‍

കോഴിക്കോട്: കേരളത്തില്‍ ഇന്ന് ചെറിയ പെരുന്നാള്‍. പരസ്പരം പെരുന്നാള്‍ ആശംസിച്ചും ഈദ് ഗാഹുകളില്‍ ഒന്നിച്ച് പ്രാര്‍ത്ഥിച്ചും വിശ്വാസികള്‍ പെരുന്നാള്‍ ആഘോഷിക്കും. കോഴിക്കോട് മാസപ്പിറവി കണ്ടതോടെയാണ് വിവിധ ഖാസിമാര്‍ ശവ്വാല്‍ മാസപ്പറിവി സ്ഥിരീകരിച്ചത്. 29 ദിവസത്തെ വ്രതാനുഷ്ഠാനം പൂര്‍ത്തിയാക്കിയാണ് കേരളത്തിലെ മുസ്ലീങ്ങള്‍ ചെറിയ പെരുന്നാളാഘോഷിക്കുന്നത്.

പകല്‍ മുഴുവന്‍ അന്നപാനീയമുപേക്ഷിച്ച് രാത്രി ദീര്‍ഘമായ തറാവിഹ് നമസ്‌കാരം നടത്തി പൂര്‍ണ്ണമായും ദൈവത്തിലേക്ക് മടങ്ങിയ ദിവസങ്ങളായിരുന്നു കടന്നുപോയത്. സ്വത്തിന്റെ ചെറിയ വിഹിതം സക്കാത്തായും സദക്കായായും നല്‍കി ദൈവകല്പനകളനുസരിച്ച് പാവപ്പെട്ടവനോട് കൂറ് പുലര്‍ത്തി.

കോഴിക്കോട് കപ്പക്കലില്‍ മാസപ്പിറവി കണ്ടതായി പാണക്കാട് തങ്ങളും പാളയം ഇമാമമും മറ്റു ഖാസിമാരും അറിയിച്ചു. പെരുന്നാളിന്റെ വരവ് പ്രഖ്യാപിച്ചതോടെ പള്ളികളില്‍ തക്ബീര്‍ വിളികള്‍ മുഴങ്ങി. മഴയായതിനാല്‍ മിക്കയിടത്തും ഈദ്ഗാഹുകള്‍ ഒഴിവാക്കി പള്ളിയിലാണ് ഇത്തവണ നമസ്‌കാരം. നിപയും ഉരുള്‍പൊട്ടലും കാരണം വടക്കന്‍ കേരളത്തില്‍ പതിവ് പോലെ ആഘോഷപൂര്‍ണ്ണമല്ല പെരുന്നാള്‍.