കശ്മീരില്‍ മാധ്യമപ്രവര്‍ത്തകനെ വെടിവെച്ചു കൊന്നു

കശ്മീര്‍ : ജമ്മുകശ്മിരിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഷുജാത്ത് ബുഖാരിയെ വെടിവെച്ചു കൊന്നു. ശ്രീനഗറിലെ പ്രസ് കോളനിയിലെ ബുഖാരിയുടെ ഓഫീസിന് പുറത്തുവെച്ചാണ് ഇദ്ദേഹത്തിന് നേരെ അജ്ഞാതസംഘം വെടിയുതിര്‍ത്തത്. നാലംഗ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. ആക്രമണത്തിന് പിന്നില്‍ തീവ്രവാദികളാണെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. റൈസിങ് കശ്മീര്‍ എന്ന പത്രത്തിന്റെ എഡിറ്ററാണ് ഷുജാത്ത് ബുഖാരി.ഷുജാത്ത് ബുഖാരിയെ അജ്ഞാതസംഘം വെടിവെച്ച കൊലപ്പെടുത്തിയ സംഭവത്തില്‍ ജമ്മുകശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി നടുക്കം രേഖപ്പെടുത്തി.

അക്രമി സംഘം നിരവധി തവണ ബുഖാരിക്ക് നേരെ നിറയൊഴിച്ചതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഗുരുതരമായി പരിക്കേറ്റ ബുഖാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഷുജാത്ത് ബുഖാരിയുടെ സുരക്ഷയ്ക്കായി ഏര്‍പ്പെടുത്തിയിരുന്ന രണ്ട് പോലീസുകാര്‍ക്കും വെടിയേറ്റു. ഇവരൊലാരാള്‍ ആശുപത്രിയില്‍ വെച്ച് മരിച്ചുവെന്നാണ് വിവരം. രണ്ടാമത്തെയാളുടെ നിലയും ഗുരതരമാണ്. 2000 ത്തില്‍ ഇദ്ദേഹത്തിന് നേരെ വധശ്രമമുണ്ടായിരുന്നു. ഇതിന് ശേഷമാണ് രണ്ട് പോലീസുകാരെ സുരക്ഷയ്ക്കായി നിയോഗിച്ചത്.