ബിഡിജെഎസില്‍ അമര്‍ഷം. വാഗ്ദാനങ്ങള്‍ പാലിക്കുന്നില്ലെന്ന് പരാതി. 

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒപ്പം നിര്‍ത്താന്‍ ബിജെപി കേന്ദ്രനേതൃത്വം നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്തതില്‍ ബിഡിജെഎസിന് കടുത്ത അതൃപ്തി. ആരേയും മോഹിപ്പിക്കുന്ന നിര്‍ദേശങ്ങളാണ് ബിജെപി നല്‍കിയത്. ഏന്നാല്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞ് മാസങ്ങളായിട്ടും ഇവയൊന്നും നടപ്പിലാക്കിയില്ല. കേന്ദ്ര സഹമന്ത്രി സ്ഥാനം, വിവിധ ബോര്‍ഡ് കോര്‍പ്പറേഷനുകളില്‍ ചെയര്‍മാന്‍ സ്ഥാനം എന്നിവയെല്ലാം വാഗ്ദാനങ്ങളില്‍ ഉള്‍പ്പെട്ടിരുന്നതാണ്. ബിഡിജെഎസിന്റെ ജന്‍മദിനസമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ ബിജെപി ദേശിയഅധ്യക്ഷന്‍ അമിത്ഷായെ തുഷാര്‍വെളളാപളളി, സുഭാഷ് വാസു തുടങ്ങിയ നേതാക്കള്‍ ഈ അതൃപ്തി നേരിട്ട് അറിയിക്കുകയും ചെയ്തു. ഇതേ ആവശ്യം ഉന്നയിച്ച് ബിഡിജെഎസ് നേതാക്കള്‍ പലകുറി ഡല്‍ഹിയിലും എത്തിയിരുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന എന്‍ഡിഎ സംസ്ഥാന ഘടകത്തിന്റെ യോഗത്തില്‍ വരുന്ന ലോകസഭാ തരഞ്ഞെടുപ്പില്‍ ഏഴ് സീറ്റുകളാണ് ബിഡിജെഎസ് ആവശ്യപ്പെട്ടത്. എന്നാല്‍ ഇത് പാടെ നിരാകരിക്കപ്പെട്ടു. അര്‍ഹമായ പരിഗണന എന്ന നിര്‍ദ്ദേശമാണ് അമിത്ഷായില്‍ നിന്നും ഉണ്ടായത്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിഡിജെഎസുമായി സഖ്യമുണ്ടാക്കി മത്സരിച്ചപ്പോള്‍ ബിജെപിയുടെ വോട്ട് ശതമാനം ഏറ്റവും ഉയര്‍ന്ന് 10.5 ശതമാനമായിരുന്നു. എന്നിട്ടും പാര്‍ട്ടിയോട് കാണിക്കുന്ന അവഗണനയില്‍ അമര്‍ഷമുണ്ട്. ഇങ്ങനെ മുന്നോട്ട് പോകാനാകില്ലെന്ന തീരുമാനത്തിലാണ് നേതാക്കള്‍. 
 
നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ബിഡിജെഎസുമായി വെള്ളാപ്പള്ളി നടേശന്‍ പുലര്‍ത്തുന്ന അകലത്തിലും അണികള്‍ക്ക് അമര്‍ഷമുണ്ട്. വെള്ളാപള്ളി പാര്‍ട്ടിയോട് കൂടുതല്‍ അടുപ്പം കാണിക്കാത്തതു മൂലം എസ്എന്‍ഡിപ് യോഗത്തിലെ അംഗങ്ങളും പാര്‍ട്ടിയെ സ്വന്തമായി കാണുന്നില്ലെന്നാണ് ഈ വിമര്‍ശകരുടെ വാദം. എന്നാല്‍ ഇതിനെ അച്ഛനും മകനും തമ്മിലുളള അഡ്‌ജെസ്റ്റ്‌മെന്റായാണ് ബിജെപി നേതൃത്വം കാണുന്നത്. തനിക്കെതിരെയുള്ള മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസു വന്നതിനു പിന്നാലെയാണ് വെള്ളാപ്പള്ളി ബിഡിജെഎസുമായി അകലം പാലിച്ച് ഇടതുപക്ഷത്തോട് അടുപ്പം കാണിക്കുന്നതെന്നാണ് ബിജെപി സംസ്ഥാനനേതൃത്വത്തിന്റെ വിലയിരുത്തല്‍.