പി.വി.അന്‍വറിന്റെ പാര്‍ക്ക് ദുരന്തസാധ്യത മേഖലയിലല്ലെന്ന റിപ്പോര്‍ട്ട് നല്‍കിയത് ശാസ്ത്രീയ പഠനം നടത്താതെ

കോഴിക്കോട്: കക്കാടംപൊയിലിലുള്ള പി.വി.അന്‍വറിന്റെ പാര്‍ക്കിന് അനുകൂല റിപ്പോര്‍ട്ട് നല്‍കിയത് പഠനമില്ലാതെ. ദുരന്തസാധ്യത മേഖലയിലല്ലെന്ന റിപ്പോര്‍ട്ട് നല്‍കിയത് ശാസ്ത്രീയ പഠനം നടത്താതെയാണെന്നാണ് ആരോപണം.

അതേസമയം മണ്ണിടിച്ചിലുണ്ടായതിനെ തുടര്‍ന്ന് അന്‍വറിന്റെ ഉടമസ്ഥതയിലുള്ള കക്കടംപൊയിലിലെ വാട്ടര്‍ തീം പാര്‍ക്ക് ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ ദുരന്ത നിവാരണ അതോറിറ്റി ഉത്തരവിട്ടിരുന്നു. പാര്‍ക്കിനകത്ത് മണ്ണിടിച്ചില്‍ ഉണ്ടായ സാഹചര്യത്തിലായിരുന്നു നടപടി. പാര്‍ക്കിലേക്ക് ആവശ്യമായ വെള്ളമെടുക്കുന്ന കുളത്തിന് സമീപത്താണ് മണ്ണിടിച്ചിലുണ്ടായത്. പാര്‍ക്കിന്റെ കീഴ്ഭാഗത്താണ് കുളം സ്ഥിതി ചെയ്യുന്നത്. ജനവാസ കേന്ദ്രമല്ലാത്തതിനാലാണ് ഇവിടെ വന്‍ ദുരന്തം ഒഴിവായത്.

പാര്‍ക്ക് പരിസ്ഥിതി ലോല മേഖലയിലാണെന്ന ആരോപണം നിലനില്‍ക്കെയാണ് കുന്നില്‍ മണ്ണിടിച്ചിലുണ്ടായത്. എന്നാല്‍ പാര്‍ക്കിന്റെ പ്രവര്‍ത്തനം ചട്ടവിരുദ്ധമല്ലെന്നും അതിനാല്‍ തന്നെ പൂട്ടേണ്ടതില്ലെന്നുമായിരുന്നു കൂടരഞ്ഞി പഞ്ചായത്ത് സമിതി വിലയിരുത്തിയത്. ഇതേ തുടര്‍ന്ന് പാര്‍ക്കിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കുകയും ചെയ്തു.