പൊലിസിലെ അടിമപ്പണിയെക്കുറിച്ച് അന്വേഷിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: ഉന്നത പൊലിസ് ഉദ്യോഗസ്ഥരുടെ ക്യാംപ് ഫോളോവര്‍ക്ക് ഡ്യൂട്ടിയ്ക്ക് നിയോഗിക്കപ്പെട്ട പൊലിസുകാരെക്കൊണ്ട് വീട്ടുജോലി ചെയ്യിപ്പിച്ച സംഭവം അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അച്ചടക്കത്തിന്റെ പേരില്‍ ഒരു മനുഷ്യാവകാശ ലംഘനവും അനുവദിക്കില്ല. ഏതെങ്കിലും ഉദ്യോഗസ്ഥന്‍ ഇത് ലംഘിച്ചാല്‍ കര്‍ശന നടപടിയുണ്ടാവും. ബ്രിട്ടീഷ് ഭരണകാലത്തെ ജീര്‍ണത തുടരുന്നത് ദൗര്‍ഭാഗ്യകരമെന്നും മുഖ്യമന്ത്രി കെ.എസ്. ശബരീനാഥന്റെ സബ്മിഷനു മറുപടിയായി പറഞ്ഞു.

അതേസമയം, പൊലിസുകാരെ ദുരുപയോഗിക്കുന്നതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നിട്ടുണ്ട്. അടുക്കള മാലിന്യം വഴിയില്‍ തള്ളണമെന്ന് വനിത ഐ.പി.എസ് ട്രെയിനിയുടെ അമ്മ നല്‍കിയ നിര്‍ദ്ദേശം പാലിക്കാത്തതിന് സ്ഥലം മാറ്റിയെന്ന പരാതിയുമായി പൊലിസുകാരന്‍ രംഗത്തെത്തിയിരുന്നു. തൃശൂര്‍ മണ്ണുത്തി സ്റ്റേഷനില്‍ പരിശീലനത്തിലിരിക്കുന്ന ഐ.പി.എസ് ഉദ്യോഗസ്ഥയ്‌ക്കെതിരെയാണ് ആക്ഷേപം.

ഇതിനിടെ, ക്യാംപ് ഫോളോവര്‍മാരെ മടക്കിവിളിക്കാനുള്ള നടപടി തുടങ്ങിയിട്ടുണ്ട്. വീടുകളില്‍നിന്നു ക്യാംപുകളിലേക്കു മടക്കി അയക്കണമെന്ന ഉത്തരവിറക്കാനാണു തീരുമാനം.