ചുമതല കൈമാറ്റവുമായി ബന്ധപ്പെട്ട കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ സര്‍ക്കുലര്‍ പള്ളികള്‍ തള്ളി. മാര്‍ ജേക്കബ് മാനത്തോടത്തും ജോര്‍ജ് ആലഞ്ചേരിയും സര്‍ക്കുലര്‍ ഇറക്കിയിരുന്നു. എന്നാല്‍, മാര്‍ ജേക്കബ് മാനത്തോടത്തിന്റെ സര്‍ക്കുലര്‍ മാത്രമാണ് ചില പള്ളികള്‍ വായിച്ചത്. ഒരു വിഭാഗം പള്ളികള്‍ ആലഞ്ചേരിയുടെ സര്‍ക്കുകലര്‍ വായിക്കാതെ തള്ളികളയുകയായിരുന്നു.
കര്‍ദിനാള്‍ എറണാകുളം അങ്കമാലി അതിരൂപത അഡ്മിനിസ്‌ട്രേറ്റര്‍ സ്ഥാനം കഴിഞ്ഞ ദിവസം ഒഴിഞ്ഞിരുന്നു. പകരം മാര്‍ ജേക്കബ് മനത്തോടത്ത് ആണ് പുതിയ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍. സീറോ മലബാര്‍ സഭ പാലക്കാട് രൂപത ബീഷപ്പാണ് മാര്‍ ജേക്കബ് മനത്തോടത്ത്. അതേസമയം, എറണാകുളം-അങ്കമാലി അതിരൂപതയുടെ അധ്യക്ഷനായി മാര്‍ ജോര്‍ജ് ആലഞ്ചേരി തുടരും.അങ്കമാലി അതിരൂപത ഭൂമിയിടപാടില്‍ കര്‍ദിനാളിനെതിരെ ആരോപണം ഉയര്‍ന്നിരുന്നു.ഇതേതുര്‍ന്ന് പ്രതികൂട്ടില്‍ നില്‍ക്കുന്ന സാഹചര്യത്തിലാണ് കര്‍ദിനാള്‍ അഡ്മിനിസ്‌ട്രേറ്റര്‍ സ്ഥാനം ഒഴിഞ്ഞത്.
വത്തിക്കാനില്‍ നിന്നും ഫ്രാന്‍സിസ് മാര്‍പാപ്പയാണ് ഇതുസംബന്ധിച്ച ഉത്തരവ് ഇറക്കിയത്. വത്തിക്കാനില്‍ നിന്നും പ്രദേശിക സമയം 1.25നാണ് (ഇന്ത്യന്‍ സമയം 3.30) ഇതുസംബന്ധിച്ച ഉത്തരവ് വന്നത്. ഭൂരിപക്ഷം വൈദികരും അതിരൂപത ട്രാന്‍സ്പരന്‍സി മൂവ്‌മെന്റ് എന്ന പ്രസ്ഥാനത്തിന്റെ കീഴില്‍ വിശ്വാസികളും കര്‍ദ്ദിനാള്‍ അതിരുപത ചുമതല ഒഴിയണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ഇതേതുടര്‍ന്ന് അതിരൂപതയുടെ ഭരണപരമായ കാര്യങ്ങള്‍ സഹായ മെത്രാന്‍ മാര്‍ സെബാസ്റ്റിന്‍ എടയന്ത്രത്തിനേയും ഇടവക ചുമതല മാര്‍ ജോസ് പുത്തന്‍വീട്ടിലിനേയും താല്‍ക്കാലികമായി ഏല്‍പ്പിച്ചിരുന്നു. ഇതില്‍ മാര്‍ സെബാസ്റ്റിയന്‍ എടയന്ത്രത്തിന്റെ പക്കലുള്ള ചുമതലയാണ് അതിരൂപതയ്ക്ക് പുറത്തുനിന്നുള്ള ഒരു ബിഷപ്പിന് കൈമാറിയത്.











































