രാജ്യത്തെ മെട്രോ റെയില്‍ സംവിധാനങ്ങളുടെ മാനദണ്ഡങ്ങള്‍ തീരുമാനിക്കാന്‍ പുതിയ കമ്മിറ്റി; ഇ ശ്രീധരന്‍ കമ്മിറ്റി അധ്യക്ഷന്‍

രാജ്യത്തെ മെട്രോ റെയില്‍ സംവിധാനങ്ങളുടെ മാനദണ്ഡങ്ങള്‍ തീരുമാനിക്കാനും വിലയിരുത്താനും പുതിയ കമ്മിറ്റി രൂപീകരിക്കാന്‍ തീരുമാനം. മെട്രോമാന്‍ ഇ ശ്രീധരനാണ് കമ്മിറ്റിയുടെ അധ്യക്ഷന്‍. അതേസമയം, കമ്മിറ്റിയുടെ രൂപീകരണത്തിന് പ്രധാന മന്ത്രിയുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്.

ലൈറ്റ് മെട്രോ പദ്ധതികളില്‍ നിന്ന് ഡിഎംആര്‍സി പിന്‍മാറിയത് സര്‍ക്കാരിന്റെ അനാസ്ഥ മൂലമെന്ന് ഇ.ശ്രീധരന്‍ അറിയിച്ചിരുന്നു. ഡിഎംആര്‍സി സര്‍ക്കാരിനയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പല തവണ കത്തയച്ചിട്ടും സര്‍ക്കാര്‍ പ്രതികരിച്ചില്ലെന്നും ശ്രീധരന്‍ പറഞ്ഞു. നടുക്കത്തോടെയും നിരാശയോടെയുമാണ് പിന്‍മാറുന്നതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനസര്‍ക്കാരിന്റെ മെല്ലെപ്പോക്ക് നയത്തില്‍ മനം മടുത്താണ് ഡിഎംആര്‍സിയുടെ പിന്‍മാറ്റം. പദ്ധതി ഡിഎംആര്‍സി നടപ്പാക്കുമെന്ന് ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയതുമുതല്‍ പറയുന്നുണ്ടെങ്കിലും ഇതുവരെ കരാറൊപ്പിട്ടില്ല. കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാനദണ്ഡങ്ങള്‍ പ്രകാരം കഴിഞ്ഞ നവംബര്‍ 23ന് പുതുക്കിയ ഡിപിആര്‍ നല്‍കി. എന്നാല്‍ ഇത് അംഗീകരിക്കുകയോ കേന്ദ്രസര്‍ക്കാരിന് അയച്ചുകൊടുക്കുകയോ ചെയ്തില്ലെന്ന് കത്തില്‍ ഇ.ശ്രീധരന്‍ ആരോപിച്ചിരുന്നു.

ഒടുവില്‍ ജനുവരി 24നും കരാറൊപ്പിടണമെന്നാവശ്യപ്പെട്ട് ഡിഎംആര്‍സി കത്തയച്ചു. ഇതിനും മറുപടിയുണ്ടായില്ല. ഇതോടെയാണ് ഞെട്ടലോടെയും നിരാശയോടെയും പദ്ധതിയില്‍ നിന്ന് പിന്‍മാറാന്‍ തീരുമാനിച്ചതെന്ന് ഇ.ശ്രീധരന്‍ വ്യക്തമാക്കുന്നു. തിരുവനന്തപുരത്തെയും കോഴിക്കോട്ടെയും പ്രോജക്ട് ഓഫിസുകള്‍ ഉടന്‍ അടച്ചുപൂട്ടും. 7746 കോടിരൂപ വരുന്ന ലൈറ്റ് മെട്രോ പദ്ധതികള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ ഇനി ഏതെങ്കിലും സ്വകാര്യ ഏജന്‍സികളെ കണ്ടെത്തണം. അപ്പോള്‍ പദ്ധതി ചെലവും ഉയരും.