ഇന്നത്തെ മത്സരങ്ങള്‍ നിര്‍ണായകം; പ്രീ ക്വാര്‍ട്ടര്‍ കണക്കുകൂട്ടലുകള്‍ സജീവം

ലോകകപ്പ് റഷ്യന്‍ മണ്ണില്‍ ആവേശത്തിന് തിരികൊളുത്തിയിട്ട് ദിവസങ്ങളായി. ഇതുവരെ ഗ്രൂപ്പ് സിയില്‍ രണ്ട് മത്സരങ്ങള്‍ ജയിച്ച ഫ്രാന്‍സ് മാത്രമാണ് പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചത്. ഗ്രൂപ്പിലെ അവസാന മത്സരങ്ങളില്‍ ഇന്ന് ഫ്രാന്‍സ് ഡെന്‍മാര്‍ക്കിനേയും ഓസ്‌ട്രേലിയ പെറുവിനേയും നേരിടും. ഇന്നത്തെ മത്സരങ്ങളെ ആശ്രയിച്ചാണ് ഡെന്‍മാര്‍ക്കിന്റേയും ഓസ്‌ട്രേലിയയുടേയും നോക്കൗട്ട് സാധ്യത.

കളിച്ച രണ്ട് മത്സരങ്ങളും ജയിച്ചെങ്കിലും ഫേവറൈറ്റുകളായ ഫ്രാന്‍സിന് അവരുടെ പേരിനൊത്ത് ഉയരാന്‍ സാധിച്ചില്ല എന്നത് നിരാശയുളവാക്കുന്ന ഒന്നാണ്. അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഡെന്‍മാര്‍ക്കിനെ കെട്ടുക്കെട്ടിക്കുന്ന പ്രകടനമാണ് ആരാധകര്‍ കാത്തിരിക്കുന്നത്. എന്നാല്‍, ഇത്തരം പരാജയം ഡെന്‍മാര്‍ക്കിന്റെ പ്രീക്വാര്‍ട്ടര്‍ സാധ്യതകളെ തകിടം മറിക്കും.

അതേസമയം, സമനില നേടിയാല്‍ ഡെന്‍മാര്‍ക്കിന് പ്രീക്വാര്‍ട്ടര്‍ പിടിക്കാം. ഫ്രാന്‍സിനോട് തോറ്റാല്‍ ഓസ്‌ട്രേലിയ-പെറു മത്സരഫലം നിര്‍ണായകമാകും. ഡെന്‍മാര്‍ക്ക് തോല്‍ക്കുകയും പെറുവിനെ ഓസ്‌ട്രേലിയ തോല്‍പിക്കുകയും ചെയ്താല്‍ ഡെന്‍മാര്‍ക്കിനും ഓസ്‌ട്രേലിയയ്ക്കും നാലു പോയിന്റ് വീതമാകും. മികച്ച ഗോള്‍ ശരാശരിക്കാര്‍ പ്രീക്വാര്‍ട്ടറിലേക്ക്.

ഓസ്‌ട്രേലിയ തോല്‍ക്കുകയോ പെറുവിനെതിരെ സമനില വഴങ്ങുകയോ ചെയ്താല്‍ രണ്ടാം സ്ഥാനക്കാരായി ഡെന്മാര്‍ക്ക് പ്രീക്വാര്‍ട്ടറിലെത്തും. നിലവിലെ സാഹചര്യത്തില്‍ ഗ്രൂപ്പില്‍ വമ്പന്‍ അട്ടിമറികള്‍ക്ക് സാധ്യതയില്ല. മധ്യനിര താരം രള്‍ പോഗ്ബ ഫോമിലാണെന്നതാണ് ഫ്രഞ്ച് പടയ്ക്ക് ആശ്വാസം നല്‍കുന്നത്.

എന്നാല്‍ കഴിഞ്ഞ മല്‍സരത്തില്‍ പെറുവിന്റെ പ്രതിരോധത്തിന് മുമ്പില്‍ പതറി പോവുകയായിരുന്നു ലോക ചാംപ്യന്‍. അതേസമയം, പെറുവിന്റെ ഇതുവരെയുള്ള ലോകകപ്പ് ചരിത്രമാണ് ഓസ്‌ട്രേലിയയ്ക്ക് ആത്മവിശ്വാസം നല്‍കുന്നത്. കഴിഞ്ഞ എട്ടു ലോകകപ്പിലും അവസാന ഗ്രൂപ്പ് മത്സരത്തില്‍ തോല്‍വി നേരിട്ട ചരിത്രമാണ് പെറുവിനുള്ളത്.