പൊതു സമൂഹത്തിന്റെ വികാരം അളക്കുന്നത് മാധ്യമങ്ങള്‍ നല്‍കുന്ന സംഘടിത വാര്‍ത്തകള്‍ മുന്‍ നിര്‍ത്തിയാണോ ?

പൊതു സമൂഹത്തിന്റെ വികാരം അളക്കുന്നത് മാധ്യമങ്ങള്‍ നല്‍കുന്ന സംഘടിത വാര്‍ത്തകള്‍ മുന്‍ നിര്‍ത്തിയാണോ ?

ഒരു സംഘടനക്ക് / പാര്‍ട്ടിക്ക് സ്വതന്ത്രമായി യോഗം ചേര്‍ന്ന് ഒരു തീരുമാനം ഭൂരിപക്ഷ നിലപാട് പ്രകാരം എടുക്കാനുള്ള സ്വാതന്ത്ര്യം ഇല്ലേ ?

ഈ ചോദ്യങ്ങള്‍ക്ക് ഇപ്പോള്‍ ദിലീപ് വിഷയത്തില്‍ താരസംഘടന ‘അമ്മ’ക്കെതിരെ ഉറഞ്ഞു തുള്ളുന്ന രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും മറുപടി പറയണം.

നിഷ്പക്ഷ മാധ്യമ പ്രവര്‍ത്തനം അല്ല ക്വട്ടേഷന്‍ മാധ്യമപ്രവര്‍ത്തനമാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന് പലവട്ടം ആരോപിച്ച് മാധ്യമങ്ങള്‍ക്കെതിരെ ശക്തമായി രംഗത്ത് വന്ന സി.പി.എം നേതാക്കള്‍ ഉള്‍പ്പെടെ ഇപ്പോള്‍ സ്വീകരിച്ച നിലപാട് ഇരട്ടതാപ്പാണ്.

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് കുറ്റക്കാരനാണെന്ന് വിചാരണയില്‍ തെളിയുകയാണെങ്കില്‍ അയാളെ കോടതി തുറങ്കിലടക്കട്ടെ. അതുവരെയെങ്കിലും ദിലീപ് കുറ്റക്കാരനല്ല എന്ന് വിശ്വസിക്കാന്‍ അയാളുടെ സഹപ്രവര്‍ത്തകര്‍ക്ക് അവകാശമുണ്ട്.

mammootty.mohanlal

മാധ്യമ വിചാരണയില്‍ സമ്മര്‍ദ്ദത്തിലായി ഏതാനും എക്‌സിക്യുട്ടീവ് അംഗങ്ങള്‍ മാത്രം ചേര്‍ന്ന് എടുത്ത തീരുമാനം സംഘടനയുടെ നിയമാവലി അനുസരിച്ച് തെറ്റാണെന്ന് മനസ്സിലായാല്‍ അത് തിരുത്താന്‍ ആ സംഘടനയുടെ പരമാധികാര സമിതിയായ ജനറല്‍ ബോഡിക്ക് അധികാരമുണ്ട്.

കേഡര്‍ പാര്‍ട്ടിയായ സി.പി.എംപോലും ഒരംഗത്തെ പുറത്താക്കുന്നതിനു മുന്‍പ് അയാള്‍ക്ക് പറയാനുള്ളത് ബന്ധപ്പെട്ട കമ്മറ്റിയില്‍ പറയാനുള്ള അവസരം നല്‍കാറുണ്ട്.

ഇവിടെ ദിലീപിനോട് വിശദീകരണം ചോദിക്കാതെയാണ് ഒറ്റയടിക്ക് പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയത്. ദിലീപ് അംഗമായ ഫെഫ്ക ഉള്‍പ്പെടെയുള്ള മറ്റു സംഘടനകള്‍ സസ്‌പെന്‍ഷനില്‍ നടപടി ഒതുക്കിയപ്പോയാണ് താരസംഘടന എക്‌സിക്യുട്ടീവ് കമ്മറ്റി യോഗം, പൃഥ്വിരാജ്, രമ്യാ നമ്പീശന്‍, ആസിഫ് അലി ഉള്‍പ്പെടെയുള്ളവരുടെ സമ്മര്‍ദ്ദഫലമായി പുറത്താക്കിയത്.

ഇതിനെതിരെ നിലപാട് സ്വീകരിക്കാന്‍ ആ സംഘടനയിലെ അംഗങ്ങള്‍ക്കുള്ള അവകാശം ചോദ്യം ചെയ്യാന്‍ ആര്‍ക്കാണ് അധികാരം ?

ജനറല്‍ ബോഡിക്ക് എക്‌സിക്യുട്ടീവ് കമ്മറ്റി തീരുമാനം അംഗീകരിച്ചു പ്രമേയം പാസാക്കി കൂടേ എന്നാണ് ചാനല്‍ ചര്‍ച്ചകളില്‍ ചില അവതാരകര്‍ ചോദിക്കുന്നത്.

എന്ത് അംഗീകരിക്കണം, അംഗീകരിക്കേണ്ട എന്നത് ബന്ധപ്പെട്ട സംഘടനകളിലെ അംഗങ്ങളുടെ അവകാശമല്ലേ ? ‘അവര്‍ ഈ തീരുമാനമെടുക്കണം അത് എടുക്കരുത് ‘ എന്നൊക്കെ പറയാന്‍ മാധ്യമങ്ങള്‍ക്കും രാഷ്ട്രിയ നേതാക്കള്‍ക്കും എന്താണ് അവകാശം ? ഓരോ വ്യക്തിയുടെയും ചിന്തിക്കാനും നിലപാട് സ്വീകരിക്കാനുമുള്ള അവകാശം കവര്‍ന്നെടുക്കാന്‍ ഇവിടെ എന്താ അടിയന്തരാവസ്ഥയാണോ ?

നാല് വനിതകള്‍ രാജിവച്ചത് വലിയ വാര്‍ത്തയാക്കുന്ന മാധ്യമങ്ങള്‍ വനിതകള്‍ ബഹുഭൂരിപക്ഷമുള്ള സ്വന്തം സംഘടനയിലെ സഹപ്രവര്‍ത്തകരെ പോലും ബോധ്യപ്പെടുത്താന്‍ കഴിയാത്ത വാദങ്ങളാണ് മാധ്യമങ്ങളുടെ ‘സഹായ’ത്തോടെ ഇപ്പോള്‍ നിര്‍വ്വഹിച്ചു വരുന്നത്.

ദിലീപ് നിരപരാധിയാണെന്നോ കുറ്റവാളി ആണെന്നോ ഞങ്ങള്‍ പറയുന്നില്ല. അത് കോടതി പറയട്ടെ. മാധ്യമ വിചാരണയിലെ തീരുമാനങ്ങള്‍ പ്രഖ്യാപിക്കാനല്ലല്ലോ ജുഡീഷ്യറി ഇവിടെ പ്രവര്‍ത്തിക്കുന്നത്.

അവിടെ സാക്ഷിമൊഴികളും തെളിവുകളുമാണ് പ്രധാനം. ഇതിനെല്ലാം അപ്പുറം വിചാരണ കോടതി ജഡ്ജിക്ക് സ്വയം ബോധ്യമാകുന്ന കാര്യങ്ങളും വിധിയില്‍ നിര്‍ണ്ണായക ഘടകമാകും. സ്വതന്ത്രമായ ആ വിധിക്കു വേണ്ടിയാണ് കേരളം കാത്തിരിക്കുന്നത്.

ഇനി അഥവാ ദിലീപ് കുറ്റക്കാരനല്ലന്ന് കോടതി വിധിക്കുകയാണെങ്കില്‍ എന്ത് പരിഹാരമാണ് ഇപ്പോള്‍ ആക്രമിക്കുന്നവര്‍ക്ക് ചെയ്യുവാന്‍ കഴിയുക. എന്ത് ചെയ്താലും അതിന് പരിഹാരമാവില്ലന്ന് കൂടി ഓര്‍ക്കണം.

Actress assult case, Dileep

ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ നമ്പി നാരായണന്‍ എന്ന ശാസ്ത്രജ്ഞനോട് ഇവിടുത്തെ മാധ്യമങ്ങളും പൊലീസും ചെയ്തതിന് ഇപ്പോഴും പരിഹാരം ആയിട്ടില്ല. അയാളുടെയും കുടുംബത്തിന്റെയും ജീവിതമാണ് നശിപ്പിച്ചത്.

ഇവിടെ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്ത എസ്.പി എ.വി.ജോര്‍ജ് പറഞ്ഞ് വിട്ട പൊലീസുകാരാണ് വരാപ്പുഴ ശ്രീജിത്ത് വധക്കേസില്‍ അറസ്റ്റിലായത്. ഈ ഉദ്യോഗസ്ഥന് എതിരെ നിരവധി ആരോപണങ്ങള്‍ ഇതിനകം തന്നെ ഉയര്‍ന്നു കഴിഞ്ഞിട്ടുണ്ട്.

ശ്രീജിത്ത് വധക്കേസും നടി ആക്രമിക്കപ്പെട്ട കേസും സി.ബി.ഐ അന്വേഷിക്കണമെന്ന ഹര്‍ജികള്‍ ഹൈക്കോടതിയുടെ പരിഗണനയിലുമാണ്.

ഈ സാഹചര്യത്തില്‍ സത്യസന്ധമായ അന്വേഷണ റിപ്പോര്‍ട്ടും കോടതി വിധിയും പുറത്തു വന്നാല്‍ മാത്രമേ യാഥാര്‍ത്ഥ്യം എന്താണെന്ന് മനസ്സിലാവുകയുള്ളൂ. അതുവരെ വ്യക്തിഹത്യയും കടന്നാക്രമണവും നിര്‍ത്തിവയ്ക്കാനാണ് ബന്ധപ്പെട്ടവര്‍ തയ്യാറാകേണ്ടത്.

ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുത്തതിനെതിരെ ‘അമ്മ’ സംഘടനക്കെതിരെ തെരുവില്‍ ഇറങ്ങിയ മഹിളാ കോണ്‍ഗ്രസ്സുകാരും കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരും ജനശ്രീമിഷന്റെ ചെയര്‍മാനായിരുന്ന കെ.പി.സി.സി അദ്ധ്യക്ഷനെതിരെ ഉയര്‍ന്ന ആരോപണങ്ങളും ഓര്‍ക്കുന്നത് നല്ലതാണ്.

എം.എം ഹസ്സന്‍ ഉന്നത പദവി വാഗ്ദാനം ചെയ്ത് എറണാകുളം ഗസ്റ്റ് ഹൗസില്‍ വിളിച്ചു വരുത്തി അപമര്യാദയായി പെരുമാറിയെന്ന് ചൂണ്ടിക്കാട്ടി സുലേഖ നല്‍കിയ പരാതിയില്‍ കെ.പി.സി.സി നേതൃത്വം ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല.

സ്ത്രീകളോട് മോശമായി പെരുമാറിയ പല നേതാക്കളും ഇപ്പോഴും കോണ്‍ഗ്രസ്സിനുള്ളില്‍ തന്നെയുണ്ട്.( സരിത കേസ് ഉള്‍പ്പെടെ ) ഇവരെ എന്താ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാത്തത് ? അക്കാര്യം എന്താണ് ചാനലുകള്‍ ചര്‍ച്ചയാക്കി വിചാരണ ചെയ്യാതിരിക്കുന്നത് ?

cpm

സി.പി.എമ്മില്‍ നിന്നും സ്ത്രീവിഷയത്തില്‍ പുറത്താക്കപ്പെട്ട നേതാക്കളെ ഇപ്പോള്‍ ആ പാര്‍ട്ടി തിരിച്ചെടുത്തത് എന്തേ മാധ്യമങ്ങള്‍ക്ക് ചര്‍ച്ചക്കുള്ള വിഭവമല്ലേ ?

സംഘടിത പ്രസ്ഥാനങ്ങളെ സംഘടനാ രീതി പഠിപ്പിച്ചാല്‍ വിവരമറിയുമെന്നത് കൊണ്ടാണോ ചാനല്‍ ക്യാമറകള്‍ കണ്ണടച്ചത് ? ഇത്തരം സംഭവങ്ങള്‍ സ്വന്തം പാര്‍ട്ടിയിലും മുന്നണിയിലും നടന്നത് ഓര്‍മ്മിച്ച് വേണം സി പി.എം മന്ത്രിമാരും അഭിപ്രായ പ്രകടനം നടത്താന്‍.

ഇടതുപക്ഷ മുന്നണിയുടെ ഭാഗമായി കേരള കോണ്‍ഗ്രസ്സ് (ജോസഫ്) വിഭാഗം ഉള്ള സമയത്താണ് ജോസഫ് വിമാനത്തില്‍ സ്ത്രീയെ പീഡിപ്പിച്ച കേസ് വന്നത്. അന്ന് ഇടതുപക്ഷ മുന്നണിയില്‍ നിന്നും ജോസഫിനെ പുറത്താക്കിയിരുന്നില്ലല്ലോ ?

ജനതാദള്‍ എസ് നേതാവും മുന്‍ മന്ത്രിയുമായ ജോസ് തെറ്റയിലിനെതിരെ സ്ത്രീ പീഡന പരാതി വരികയും ദൃശ്യം കേരളം മുഴുവന്‍ കാണുകയും ചെയ്തിട്ടും ഇടതുപക്ഷ മുന്നണിയിലും ഘടകകക്ഷിയായ ജനതാദളിലും ജോസ് തെറ്റയില്‍ തുടര്‍ന്നില്ലേ ?

ഇവര്‍ രണ്ടു പേരും ഇടതു മുന്നണി യോഗത്തില്‍ പങ്കെടുക്കുന്നത് പോലും സി.പി.എമ്മും സി.പി.ഐയും വിലക്കിയിരുന്നില്ല എന്നു കൂടി ഓര്‍ക്കണം. ഇതു പോലെ നിരവധി ഉദാഹരണങ്ങളുണ്ട് എം.എ ബേബിയേയും തോമസ് ഐസക്കിന്നെയും ജി.സുധാകരനെയും മേഴ്‌സികുട്ടിയമ്മയേയും ഓര്‍മ്മിപ്പിക്കാന്‍ . .(മന്ത്രി എ.കെ ശശീന്ദ്രന്റെ കാര്യം മനഃപൂര്‍വ്വം പരാമര്‍ശിക്കുന്നില്ല)

സ്വന്തം പാര്‍ട്ടികളിലും മുന്നണികളിലും ‘സ്ത്രീ സുരക്ഷ’ഉറപ്പാക്കിയിട്ടും മാതൃകാ നടപടി സ്വീകരിച്ചിട്ടും വേണം മറ്റു സംഘടനകളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍.