ഡെമോക്രാറ്റിക് നാഷണല്‍ കമ്മിറ്റിയുടെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറായി ഇൻഡ്യാക്കാരി

വാഷിങ്ടണ്‍: യു.എസിലെ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഔദ്യോഗിക ഭരണസമിതിയായ ഡെമോക്രാറ്റിക് നാഷണല്‍ കമ്മിറ്റിയുടെ(ഡി.എന്‍.സി.) ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറായി ഇന്ത്യന്‍ വംശജയായ സീമാനന്ദ തിരഞ്ഞെടുക്കപ്പെട്ടു. യു.എസിലെ പ്രധാന രാഷ്ട്രീയപ്പാര്‍ട്ടിയുടെ ഭരണസമിതി സി.ഇ.ഒ.യാകുന്ന ആദ്യ ഇന്ത്യന്‍ വംശജയാണ് സീമ.

2016ല്‍നടന്ന യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിനുപിന്നാലെ ചെയര്‍മാന്‍ ടോം പെരെസിന്റെ നേതൃത്വത്തില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ അഴിച്ചുപണികള്‍ നടത്താന്‍ നിയോഗിക്കപ്പെട്ട സംഘത്തില്‍ സീമയും അംഗമായിരുന്നു. ഇതേത്തുടര്‍ന്ന് 2017ലും 2018ലും നടന്ന പ്രാദേശികതിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് അംഗങ്ങള്‍ വിജയം നേടുകയുംചെയ്തു. ഗണിതശാസ്ത്രവിദഗ്ധയായ സീമയുടെ വിദ്യാഭ്യാസം ബ്രൗണ്‍ സര്‍വകലാശാല, ബോസ്റ്റണ്‍ കോളേജ് ഓഫ് ലോ സ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു.