നാശം വിതച്ച് മഴ; സംസ്ഥാനത്ത് 12 മരണം

കൊച്ചി: കനത്ത മഴയില്‍ സംസ്ഥാനത്ത് വന്‍ നാശനഷ്ടം. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദവും പശ്ചിമതീരത്തിനു മുകളിലായി നിലനിന്ന അന്തരീക്ഷ ചുഴിയുമാണ് കേരളത്തെ ദുരിതത്തിലാക്കിയത്. ഇന്ന് മഴയുടെ ശക്തി കുറയുമെങ്കിലും 19 നു വീണ്ടും ന്യൂനമര്‍ദം പിറവിയെടുക്കാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നത്. അതിനാല്‍ വാരാന്ത്യത്തോടെ വീണ്ടും മഴയ്ക്കു സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അതേസമയം മഴക്കെടുതിയില്‍ സംസ്ഥാനത്ത് തിങ്കളാഴ്ച 12 പേര്‍ മരിച്ചു.

മൂന്ന് പേരെ കാണാതായി. പത്തനംതിട്ട പമ്പയില്‍ ശബരിമല തീര്‍ത്ഥാടകനെയും കോട്ടയത്ത് മണിമലയാറ്റില്‍ മീന്‍പിടിച്ചുകൊണ്ടിരുന്ന രണ്ട് പേരെയുമാണ് ഒഴുക്കില്‍പ്പെട്ട് കാണാതായത്. സംസ്ഥാനത്ത് എട്ട് കോടി നാശനഷ്ടമുണ്ടായിട്ടുണ്ടെന്ന് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു.

ജൂണ്‍ ഒന്നു മുതല്‍ 16 വരെ സംസ്ഥാനത്ത് ഇതുവരെ 16 ശതമാനം അധികമഴ കൂടി സമ്മാനിച്ചാണ് തല്‍ക്കാലം ന്യൂനമര്‍ദം വേദി വിടുന്നത്. ഈ കാലയളവില്‍ കിട്ടേണ്ട ശരാശരി മഴയായ 105 സെന്റീമീറ്ററിന്റെ സ്ഥാനത്ത് 122 സെന്റീമീറ്റര്‍ മഴ ലഭിച്ചു. തിങ്കളാഴ്ച എറണാകുളത്തും കോട്ടയം ജില്ലയിലെ കുറവിലങ്ങാട് കോഴായിലുമാണ് റെക്കോഡ് മഴ പെയ്തത്- 23 സെന്റീമീറ്റര്‍.

മറ്റിടങ്ങളിലെ മഴ: പിറവം (22 സെമീ), മൂന്നാര്‍ (20), പീരുമേട് (19), കൊച്ചി വിമാനത്താവളം (16), കുമരകം, ആലുവ, ഇടുക്കി, തൊടുപുഴ (15), കോട്ടയം, ചേര്‍ത്തല (14), ആലപ്പുഴ, ചെങ്ങന്നൂര്‍, ആയൂര്‍ കുരുടാമണ്ണില്‍ (12), ചാലക്കുടി, കൊടുങ്ങല്ലൂര്‍ (11), കോന്നി, ഹരിപ്പാട് (10). ശബരിമലയിലെ വനം വകുപ്പിന്റെ മഴമാപിനിയില്‍ 16 സെന്റീമീറ്റര്‍ കനത്ത മഴ രേഖപ്പെടുത്തി.

ഇന്ന് കേരള, ലക്ഷദ്വീപ് തീരമേഖലയില്‍ 3545 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റിന് സാധ്യതയുണ്ട്. ചിലയിടങ്ങളില്‍ മണിക്കൂറില്‍ 70 കിലോമീറ്റര്‍ വരെയാകാം. മത്സ്യത്തൊഴിലാളികള്‍ കടലില്‍ ഇറങ്ങരുതെന്ന് മുന്നറിയിപ്പുണ്ട്.