കേരളത്തിന്റെ വിവിധ ആവശ്യങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തി; ആവശ്യങ്ങള്‍ അനുഭാവത്തോടെ അംഗീകരിച്ചു: അല്‍ഫോണ്‍സ് കണ്ണന്താനം

ന്യൂഡല്‍ഹി: സര്‍വ്വകക്ഷി യോഗത്തില്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണാന്താനത്തിനെ ഉള്‍പ്പെടുത്താത്തതില്‍ കേന്ദ്രസര്‍ക്കാരിന്റെ അതൃപ്തി. പ്രധാനമന്ത്രി കണ്ണന്താനത്തിനെ നേരിട്ട് വിളിച്ചു വരുത്തി. എന്നാല്‍, തന്നെ ഒപ്പം കൂട്ടാത്തതില്‍ ഖേദമില്ലെന്ന് അല്‍ഫോന്‍സ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ കേരളത്തിന്റെ വിവിധ ആവശ്യങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതായി അല്‍ഫോണ്‍സ് കണ്ണന്താനം മാധ്യമങ്ങളോട് പറഞ്ഞു.

യോഗത്തില്‍ വിളിക്കാത്തതില്‍ പരാതിയില്ല. ഇങ്ങനെയൊക്കെ മതിയെന്നു കേരള സര്‍ക്കാര്‍ തീരുമാനിച്ചതായിരിക്കും. കേരളത്തിന്റെ എല്ലാ കാര്യങ്ങള്‍ക്കും പ്രധാനമന്ത്രി തന്നോട് അഭിപ്രായം ചോദിക്കാറുണ്ട്. എന്നിട്ടും സര്‍വകക്ഷി സംഘത്തോടൊപ്പം എന്തു കൊണ്ട് അല്‍ഫോന്‍സ് വന്നില്ല എന്നായിരുന്നു മോദി ചോദിച്ചത്. കേരളത്തില്‍ നിന്ന് ആരും തന്നെ വിളിച്ചില്ലെന്നാണു മറുപടി നല്‍കിയതെന്നും കണ്ണന്താനം പറഞ്ഞു.

കേരളത്തില്‍ നിന്നുള്ള ഏക കേന്ദ്രമന്ത്രിയെന്ന നിലയില്‍ വിളിക്കാത്തതില്‍ ഖേദമില്ല. കേരളത്തെ സംബന്ധിച്ചിടത്തോളം ഇത്തരം നീക്കങ്ങള്‍ നല്ലതാണോ ചീത്തയാണോ എന്നും പറയുന്നില്ല. ഇക്കാര്യത്തില്‍ ജനങ്ങള്‍ മറുപടി പറയട്ടെയെന്നും അല്‍ഫോന്‍സ് പറഞ്ഞു. കേരളത്തിലെ മഴക്കെടുതിയുടെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു ശനിയാഴ്ച സംസ്ഥാനം സന്ദര്‍ശിക്കുമെന്നും അദ്ദേഹം അറിയിച്ചു. കൂടാതെ, കരിപ്പൂര്‍ വിമാനത്തോവളത്തില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങാനുള്ള നടപടി സ്വീകരിക്കണമെന്ന് കേന്ദ്രത്തെ അറിയിച്ചതായി കണ്ണന്താനം വ്യക്തമാക്കി. കൂടാതെ, റബറിന്റെ താങ്ങുവില കൂട്ടണമെന്ന് ആവശ്യപ്പെട്ടു.

പാലക്കാട് കഞ്ചിക്കോട് കോച്ച് ഫാക്ടറിയുടെ കാര്യം പ്രധാനമന്ത്രിയോടു പറഞ്ഞിട്ടുണ്ട്. കേരളത്തില്‍ നിന്ന് എട്ടു മന്ത്രിമാര്‍ നേരത്തേയുണ്ടായിട്ടും ഒന്നും നടന്നില്ലെന്നായിരുന്നു മറുപടി. അതു ശരിയല്ലേ? പക്ഷേ പദ്ധതി എങ്ങനെയെങ്കിലും ആരംഭിക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കണ്ണന്താനം വ്യക്തമാക്കി. ഈ സര്‍ക്കാരിന് കേന്ദ്രം ആയിരക്കണക്കിനു കോടി രൂപ നല്‍കിയിട്ടുണ്ട്. കേന്ദ്ര നടപടിയില്‍ സന്തോഷവാനാണെന്നു മുഖ്യമന്ത്രി തന്നെ നേരത്തേ പല തവണ പറഞ്ഞിട്ടുണ്ടെന്നും കണ്ണന്താനം കൂട്ടിച്ചേര്‍ത്തു.

കാലവര്‍ഷക്കെടുതി വിലയിരുത്താന്‍ കേരളത്തിലേക്ക് അടിയന്തിരമായി കേന്ദ്ര സംഘത്തെ അയക്കണമെന്ന് കണ്ണന്താനം ഇന്നലെ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്ങിനെ നേരിട്ടു കണ്ട് ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ നിവേദനം ലഭിച്ച ശേഷം നാശനഷ്ടങ്ങള്‍ വിശദമായി വിലയിരുത്തുമെന്നായിരുന്നു ഇതിനുള്ള രാജ്‌നാഥ് സിങ്ങിന്റെ മറുപടി അറിയിച്ചു. കഴിഞ്ഞ ദിവസം കാലവര്‍ഷക്കെടുതി വിലയിരുത്താന്‍ കേന്ദ്രസംഘത്തെ അയയ്ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഔദിയോഗികമായി രാജ്‌നാഥിസിംഗിനെ അറിയിച്ചിരുന്നു.

വിവിധ ആവശ്യങ്ങളുമായി സര്‍വകക്ഷി സംഘം പ്രധാനമന്ത്രിയെ കണ്ടതിലും കനത്ത നിരാശയാണു പിണറായി പ്രകടിപ്പിച്ചത്. റേഷന്‍, റെയില്‍വേ വിഷയങ്ങളിലെല്ലാം ഒന്നും ചെയ്യാനാവില്ലെന്നായിരുന്നു മോദിയുടെ പ്രതികരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. നാലു തവണ അനുമതി നിഷേധിച്ചതിനൊടുവിലാണു പ്രധാനമന്ത്രിയെ കാണാന്‍ സര്‍വകക്ഷി സംഘത്തിന് അവസരം ലഭിച്ചത്. എന്നാല്‍ കേരളത്തിനു പണം നല്‍കിയിട്ടും നടപ്പാക്കാത്ത കേന്ദ്രപദ്ധതികളുടെ പട്ടിക മോദി കൈമാറുകയാണുണ്ടായത്.