മെറിറ്റിനെ മുന്‍നിര്‍ത്തിയുള്ള നേതൃനിരയാണ് ഡി.സി.സി. തലത്തിലെന്ന് വി.എം.സുധീരന്‍

തിരുവനന്തപുരം: മെറിറ്റിനെ മുന്‍നിര്‍ത്തിയുള്ള ഒരു നേതൃനിരയാണ് ഡി.സി.സി. തലത്തിലേക്ക് എ.ഐ.സി.സി. രൂപം നല്‍കിയെന്ന് കെ.പി.സി.സി. പ്രസിഡന്റ് വി.എം.സുധീരന്‍ പറഞ്ഞു. എ.ഐ.സി.സി. തീരുമാനത്തെ സര്‍വ്വാത്മനാ സ്വാഗതം ചെയ്യുന്നെന്നും സുധീരന്‍ അറിയിച്ചു.തിരുവനന്തപുരത്ത് മാധ്യമങ്ങളെ അഭിമുഖീകരിച്ച് സംസാരിക്കുക ആയിരുന്നു അദ്ദേഹം.

എല്ലാ തലത്തിലുള്ള നേതാക്കളുമായി ചര്‍ച്ച ചെയ്ത് ആശയ വിനിമയം നടത്തിയ ഇതുപോലൊരു പുന:സംഘടന ഇതിന് മുമ്പ് കേരളത്തിലുണ്ടായിട്ടില്ല. പാര്‍ട്ടിയുടെ നട്ടെല്ലാണ് ഡി.സി.സി പ്രസിഡന്റുമാര്‍.യുവനിരയ്ക്ക് അര്‍ഹമായ പ്രധാന്യം നല്‍കി. വനിതാപ്രതിനിത്യവും ഉറപ്പുവരുത്തി.
പുതിയ ജില്ലാ നേതൃത്വം കേരളത്തിലെ കോണ്‍ഗ്രസിന് കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ യുവത്വം നല്‍കുന്നതാണ്.ഇത് കോണ്‍ഗ്രസിന്റെ ജനകീയ അടിത്തറ വിപുലീകരിക്കാന്‍ സഹായകരമാകും.പുതിയ നേതൃനിര പാര്‍ട്ടിയെ പൂര്‍ണ്ണമായും സമരസംഘടനയായി മാറ്റിയെടുക്കും.
കെ.പി.സി.സി തലത്തിലെ പുന:സംഘടന വളരെ വേഗത്തില്‍ എ.ഐ.സി.സി.യുടെ അംഗീകാരത്തോടെ നടപ്പാക്കും.പാര്‍ട്ടിയുടെ കാര്യക്ഷമമല്ലാത്ത തലങ്ങളില്‍ പുന:സംഘടന ഉണ്ടാകും. ഇത് പാര്‍ട്ടിയുടെ അടിത്തട്ട് ശക്തിപ്പെടുത്തുമെന്നും സുധീരന്‍ പറഞ്ഞു.
ഏതെങ്കിലും ഒരു വിഭാഗത്തിന്റെ അടിസ്ഥാനത്തിലല്ല പാര്‍ട്ടിക്ക് പ്രധാന്യം നല്‍കിയാണ് എ.ഐ.സി.സി. സെലക്ഷന്‍ നടത്തിയിരിക്കുന്നത്. മറിച്ചുള്ള ആക്ഷേപം തെറ്റാണ്.
മികച്ച പ്രവര്‍ത്തനം കാഴ്ച വച്ചവരാണ് സ്ഥാനം ഒഴിയുന്ന ഡി.സി.സി. അധ്യക്ഷന്‍മാര്‍.ആരെയും ഒഴിവാക്കുക എന്നതല്ല എല്ലാവരേയും ഉള്‍പ്പെടുത്തുക എന്നതാണ് പാര്‍ട്ടി തീരുമാനം. എല്ലാവരുടേയും സഹകരണം ഉറപ്പ് വരുത്തി പാര്‍ട്ടി ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും സുധീരന്‍ പറഞ്ഞു.