ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2,394.64 അടിയായി ഉയര്‍ന്നു

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2,394.64 അടിയായി ഉയര്‍ന്നു. 2,395 അടിയായാല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കും. ജലനിരപ്പ് പരമാവധി സംഭരണശേഷിയിലേക്ക് അടുത്തതോടെ ആദ്യ മുന്നറിയിപ്പ് പ്രഖ്യാപിക്കാനുള്ള നടപടികള്‍ ഊര്‍ജിതമാക്കി. നീരൊഴുക്ക് തിട്ടപ്പെടുത്തിയ ശേഷമേ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഉയര്‍ത്തൂ.

ഇടുക്കി അണക്കെട്ട് തുറന്നാലുണ്ടാകുന്ന വെള്ളക്കെടുതിയും അനുബന്ധപ്രശ്‌നങ്ങളും നേരിടാന്‍ കര- നാവിക- വ്യോമസേനകളും സജ്ജമാണ്. വ്യോമസേനയുടെ രണ്ടു ഹെലികോപ്റ്ററുകളും കര നാവിക സേനകളുടെ നാല് കോളം സൈന്യവും തയാറായിട്ടുണ്ട്. എറണാകുളം ജില്ലയുടെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയാല്‍ വിന്യസിക്കാന്‍ സജ്ജമായി തീരസംരക്ഷണസേനയുടെ ചെറുബോട്ടുകളും തയാറാണ്. ഷട്ടറുകള്‍ തുറന്നാല്‍ വെള്ളം കയറാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ക്കായി മുന്നറിയിപ്പുകളും ദുരന്തനിവാരണ അതോറിറ്റി പുറത്തിറക്കി.

ഷട്ടറുകള്‍ തുറക്കുന്നത് കാണാന്‍ വിനോദസഞ്ചാരികള്‍ പോകരുത് എന്ന് നിര്‍ദേശമുണ്ട്. ഇടുക്കി വാഴത്തോപ്പ്, മരിയാപുരം, കഞ്ഞിക്കുഴി, വാത്തിക്കുടി, കൊന്നത്തടി എന്നീ പഞ്ചായത്തുകളിലേക്ക് വിനോദസഞ്ചാരം ഒഴിവാക്കണം. പാലങ്ങളിലും നദിക്കരയിലും കൂട്ടം കൂടി നില്‍ക്കരുത്. ഷട്ടര്‍ തുറന്ന ശേഷം നദി മുറിച്ചു കടക്കരുത്. നദിയിലിറങ്ങുന്നത് ഒഴിവാക്കണം. വാഹനങ്ങള്‍ ഉയര്‍ന്ന സ്ഥലങ്ങളിലേക്ക് മാറ്റണം. വെള്ളം കയറാന്‍ സാധ്യതയുള്ള വീടുകളില്‍ സര്‍ട്ടിഫിക്കറ്റുകളും പ്രധാന രേഖകളും പ്ലാസ്റ്റിക് ബാഗിലാക്കാന്‍ ശ്രദ്ധിക്കണം. എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും പരിഭ്രാന്തരാകേണ്ട സാഹചര്യം ഇല്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

നദിക്കരയോട് ചേര്‍ന്ന് താമസിക്കുന്നവരും മുന്‍കാലങ്ങളില്‍ വെള്ളം കയറിയ പ്രദേശങ്ങളില്‍ ഉള്ളവരും പ്രാഥമികമായി ചെയ്യേണ്ടത് ഒരു എമര്‍ജന്‍സി കിറ്റ് ഉണ്ടാക്കി വെക്കുക എന്നതാണ്. പ്രധാനപ്പെട്ട രേഖകള്‍ സര്‍ട്ടിഫിക്കറ്റുകള്‍, ആഭരണങ്ങള്‍ പോലെ വിലപിടിപ്പുള്ള സാധനങ്ങള്‍ തുടങ്ങിയവ പ്ലാസ്റ്റിക് ബാഗുകളില്‍ എളുപ്പം എടുക്കാന്‍ പറ്റുന്ന ഉയര്‍ന്ന സ്ഥലത്തു വീട്ടില്‍ സൂക്ഷിക്കുക. ടിവിയിലും റേഡിയോയിലും വരുന്ന മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കുക. വീട്ടില്‍ അസുഖമുള്ളവരോ, അംഗപരിമിതരോ, ഭിന്നശേഷിക്കാരോ, പ്രായമായവരോ കുട്ടികളോ ഒക്കെയുള്ളവര്‍ അവരെ പ്രത്യേകം ശ്രദ്ധിക്കുക. വെള്ളപ്പൊക്കം ഉണ്ടായാല്‍ അവരെ ആദ്യം മാറ്റാന്‍ ശ്രമിക്കുക. പ്രത്യേക സഹായം ആവശ്യമാണെങ്കില്‍, ഇവരെ സംബന്ധിച്ച വിവരം അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ അറിയിക്കുക.

ഓരോ വില്ലേജിലെയും ആളുകള്‍ക്ക് സുരക്ഷിതമായ സ്ഥാനങ്ങള്‍ അതാതു പ്രാദേശിക ഭരണകൂടങ്ങള്‍ ജനകളെ അറിയിക്കും.അവിടേക്ക് എത്രയും പെട്ടെന്ന് സ്വമേധയാ മാറാന്‍ ശ്രമിക്കുക. സഹായങ്ങള്‍ വേണ്ടവര്‍ അധികൃതരുമായി മടിയൊന്നും കൂടാതെ ബന്ധപ്പെടുക. ജലം കെട്ടിടത്തിനുള്ളില്‍ പ്രവേശിച്ചാല്‍, വൈദ്യുതആഘാതം ഒഴിവാക്കുവാനായി മെയിന്‍ സ്വിച്ച് ഓഫ് ആക്കുക. പഞ്ചായത്ത് അധികാരികളുടെ ഫോണ്‍ നമ്പര്‍ കയ്യില്‍ സൂക്ഷിക്കുക.

വൈദ്യുതോപകരണങ്ങള്‍ വെള്ളം വീട്ടില്‍ കയറിയാലും നശിക്കാത്ത തരത്തില്‍ ഉയരത്തില്‍ വെക്കുക.വളര്‍ത്തു മൃഗങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയോ അതിനു പറ്റാത്ത അവസ്ഥയില്‍ കെട്ടഴിച്ചു വിടുകയോ ചെയ്യുക. മൃഗങ്ങള്‍ക്ക് പൊതുവില്‍ നീന്താന്‍ അറിയുമെന്നോര്‍ക്കുക.

താഴ്ന്ന പ്രദേശത്തെ ഫ്‌ലാറ്റുകളില്‍ ഉള്ളവര്‍ ഫ്‌ലാറ്റിന്റെ സെല്ലാറില്‍ കാര്‍ പാര്‍ക്ക് ചെയ്യാതെ കൂടുതല്‍ ഉയര്‍ന്ന സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്യുക. രക്ഷാപ്രവര്‍ത്തനങ്ങളില്‍ പരിശീലനം ലഭിച്ചവര്‍ മാത്രം ദുരിതാശ്വാസ സഹായം നല്‍കുവാന്‍ പോകുക.