കോഴിക്കോട്: ബിജെപി സംസ്ഥാന അധ്യക്ഷനെ കണ്ടെത്തുന്നതിനായി ഡല്‍ഹിയില്‍ ചര്‍ച്ച. പി.കെ.കൃഷ്ണദാസും പി.എസ്.ശ്രീധരന്‍ പിള്ളയും ദേശീയ നേതാക്കളെ കാണും. പി.എസ്.ശ്രീധരന്‍ പിള്ള അധ്യക്ഷനായേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ബിജെപി സംസ്ഥാന ഘടകത്തിലെ ഇരു വിഭാഗങ്ങള്‍ തമ്മില്‍ സമവായത്തിലെത്താന്‍ സാധിക്കാതെവന്നതോടെയാണ് അധ്യക്ഷനെ നിശ്ചയിക്കുന്നത് ഏറെ നീണ്ടത്. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍, പി.കെ കൃഷ്ണദാസ്, എ എന്‍ രാധാകൃഷ്ണന്‍, എം.ടി. രമേശ് തുടങ്ങിയവര്‍ സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നെങ്കിലും അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് തീരുമാനത്തിലെത്താന്‍ സാധിച്ചിരുന്നില്ല.
കുമ്മനം രാജശേഖരന്‍ മിസോറം ഗവര്‍ണറായ ഒഴിവില്‍ പുതിയ അധ്യക്ഷനെ കണ്ടെത്താന്‍ സംസ്ഥാനത്തെ നേതാക്കളുമായി കേന്ദ്ര നേതൃത്വം നടത്തിയ ചര്‍ച്ചയില്‍ ഏകാഭിപ്രായമുണ്ടായിരുന്നില്ല. ഈ സാഹചര്യത്തില്‍ ദേശീയനേതൃത്വം സമാന്തരമായി നടത്തിയ വിലയിരുത്തലിലാണ് ശ്രീധരന്‍ പിള്ളയ്ക്ക് മുന്‍തൂക്കം ലഭിച്ചത്. ഇതുമായി ബന്ധപ്പെട്ട് സംഘടനാചുമതലയുള്ള ജനറല്‍ സെക്രട്ടറി രാംലാല്‍ ഉള്‍പ്പെടെയുള്ളവരുമായി ദേശീയാധ്യക്ഷന്‍ അമിത്ഷാ ചര്‍ച്ച നടത്തിയിരുന്നു.
2003 2006 കാലത്ത് ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്നു ശ്രീധരന്‍പിള്ള. പൊതുസ്വീകാര്യതയുള്ള ലിബറല്‍ നേതാവെന്നതാണ് ശ്രീധരന്‍പിള്ളയ്ക്ക് അനുകൂലമായ ഘടകം. വിവിധ ഹിന്ദു സമുദായ സംഘടനകളുമായും ന്യൂനപക്ഷ സമുദായ സംഘടനകളുമായുള്ള ബന്ധവും അദ്ദേഹത്തിന് ഗുണമായി.
 
            


























 
				
















