അസമിലെ പൗരത്വ രജിസ്റ്റര്‍ : കരട് പട്ടികയുടെ അടിസ്ഥാനത്തില്‍ ആര്‍ക്കെതിരെയും നടപടി പാടില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: അസമിലെ ജനങ്ങളുടെ പൗരത്വം സ്ഥിരീകരിക്കുന്നതു സംബന്ധിച്ച ദേശീയ പൗരത്വ റജിസ്റ്ററിന്റെ (എൻആർസി) കരട് മാത്രമാണു പ്രസിദ്ധീകരിച്ചതെന്നും ഇതിന്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കരുതെന്നും സുപ്രീംകോടതി. ഒഴിവാക്കപ്പെട്ടവരുടെ അവകാശങ്ങളും വാദങ്ങളും പരിഗണിക്കണം. പ്രശ്നപരിഹാരത്തിന് സാധ്യമായ എല്ലാ മാർഗങ്ങളും പരിശോധിച്ച് അടുത്ത വിചാരണ നടക്കുന്ന ഓഗസ്റ്റ് 16ന് സർക്കാർ റിപ്പോർട്ട് നൽകണമെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു.

അസമിലെ എൻആർസി അന്തിമ കരട് പ്രസിദ്ധീകരിച്ചപ്പോൾ 40 ലക്ഷത്തിലേറെപ്പേർ പുറത്തായിരുന്നു. വർഷങ്ങളായി രാജ്യത്തു കഴിയുന്ന ഇത്രയേറെ പേരുടെ പൗരത്വം സംശയത്തിന്റെ നിഴലിലായതു സംസ്ഥാനത്തെ സ്ഫോടനാത്മക സ്ഥിതിയിലാക്കി. 3.29 കോടി അപേക്ഷകരിൽ 2.89 കോടി പേരാണ് ഇതിൽ ഇടംകണ്ടത്. അവശേഷിക്കുന്ന 40.07 ലക്ഷം പേർക്കു പൗരത്വം നഷ്ടപ്പെടാനുള്ള സാധ്യതയാണു സ്ഥിതി ഗുരുതരമാക്കിയത്.

കഴിഞ്ഞ വർഷം ഡിസംബറിൽ പ്ര‌സിദ്ധീകരിച്ച ആദ്യ കരടിൽ 1.90 കോടി പേർ മാത്രമാണ് ഇടം കണ്ടിരുന്നത്. പൗരത്വ റജിസ്റ്റർ പ്രസിദ്ധീകരിച്ചതു സുപ്രീം കോടതി മേൽനോട്ടത്തിലാണെന്നും ഭയാശങ്കകൾ സൃഷ്ടിക്കരുതെന്നും ആഭ്യന്തരമന്ത്രി അഭ്യർഥിച്ചു. റജിസ്റ്ററുമായി ബന്ധപ്പെട്ട തിരുത്തലുകളും എതിർപ്പും അറിയിക്കാൻ ഓഗസ്റ്റ് 30 മുതൽ ഒരു മാസം നൽകുമെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ അറിയിപ്പ്. ആവ‌ശ്യമെങ്കിൽ സമയപരിധി ഒക്ടോബർ 30 വരെ നീട്ടും. അന്തിമ പട്ടിക ഡിസംബറോടെ പ്രസിദ്ധീകരിക്കും.