കൊച്ചി: കുമ്പസാരം നിരോധിക്കണമെന്ന പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതി തള്ളി. ഏത് മതത്തിലും വിശ്വസിക്കാനുള്ള അവകാശം ഇന്ത്യന്‍ ഭരണഘടന നല്‍കുന്നുണ്ടെന്ന് കോടതി പറഞ്ഞു. മതവിശ്വാസം വ്യക്തിയെ ഹനിക്കുന്നെങ്കില്‍ അത് ഉപേക്ഷിക്കാനുള്ള അവകാശവുമുണ്ടെന്ന് കോടതി പറഞ്ഞു.
കുമ്പസാരിക്കണമെന്നത് നിയമപരമായ നിര്‍ബന്ധമല്ല. കുമ്പസാരം വ്യക്തി സ്വാതന്ത്യത്തെ ഹനിക്കുന്നുവെന്ന് പറയാന്‍ പറ്റില്ല. കുമ്പസാരിക്കുമ്പോള്‍ എന്ത് പറയണം എന്നത് വിശ്വാസികളുടെ സ്വാതന്ത്ര്യമാണെന്നും കോടതി പറഞ്ഞു.
അതേസമയം, കുമ്പസാരം നിര്‍ത്തണമെന്ന് ദേശീയ വനിതാകമ്മിഷന്‍ ശുപാര്‍ശ ചെയ്തിരുന്നു. കുമ്പസാരത്തിലൂടെ സ്ത്രീകള്‍ ബ്ലാക്മെയിലിങ്ങിന് ഇരകളാകുന്നുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നായിരുന്നു നടപടി. ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനും ശുപാര്‍ശകളടങ്ങിയ റിപ്പോര്‍ട്ട് കമ്മിഷന്‍ സമര്‍പ്പിച്ചിരുന്നു.
സ്ത്രീകള്‍ ലൈംഗിക ചൂഷണത്തിനും പുരുഷന്മാര്‍ സാമ്പത്തികതട്ടിപ്പിനും കുമ്പസാരത്തിലൂടെ ഇരകളാകുന്നു. ഇങ്ങനെ ഒട്ടേറെ പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണ് കുമ്പസാരം നിരോധിക്കണമെന്ന് ശുപാര്‍ശ ചെയ്തതെന്ന് കമ്മിഷന്‍ അധ്യക്ഷ രേഖാശര്‍മ പറഞ്ഞിരുന്നു.
എന്നാല്‍, ഇതിനെതിരെ ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയും കെ.സി.ബി.സി പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് സൂസൈപാക്യവും രംഗത്തെത്തിയിരുന്നു.
ഭരണഘടന ഉറപ്പു നല്‍കുന്ന മതസ്വാതന്ത്ര്യത്തിന്റെ ലംഘനമാണിതെന്നും ഒരു വ്യക്തി ചില വൈദികരുടെമേല്‍ ഉന്നയിച്ചിട്ടുളള ‘കുമ്പസാരം ദുരുപയോഗപ്പെടുത്തി’ എന്ന ആരോപണം തെളിയിക്കപ്പെട്ടാല്‍ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണമെന്നും നിരപരാധികള്‍ ശിക്ഷിക്കപ്പെടരുതെന്നും തന്നെയാണു സഭയുടെ ആദ്യം മുതലുളള നിലപാടെന്നും കാതോലിക്കാ ബാവാ പറഞ്ഞു.
ലക്ഷക്കണക്കിനു വിശ്വാസികള്‍ക്ക് ആശ്വാസപ്രദമാണെന്നു തെളിഞ്ഞിട്ടുളള മതാനുഷ്ഠാനം നിരോധിക്കണമെന്ന് വാദിക്കുന്നത് അംഗീകരിക്കാനാവില്ലെന്നാണ് സൂസൈപാക്യം പറഞ്ഞത്. കുമ്പസാരം തെറ്റുകള്‍ക്കുള്ള മനശാസ്ത്ര പരിഹാരമാണ്. ജീവന് ബലി കഴിച്ചും മരണം വരെ കുമ്പസാര രഹസ്യം സൂക്ഷിക്കാന്‍ വിധിക്കപ്പെട്ടവരാണ് പുരോഹിതന്‍മാര്‍. എന്നാല്‍ മനുഷ്യരുടെ കൂട്ടമായ സഭയില്‍ പുഴുക്കുത്തുകള്‍ ഉണ്ടെന്ന് താന്‍ സമ്മതിക്കുന്നു. സഭയെ പിടിച്ചുകുലുക്കിയ ലൈംഗിക വിവാദത്തില്‍ പുരോഹിതന്മാര്‍ തെറ്റ് ചെയ്‌തെന്ന് ബോധ്യപ്പെട്ടാല്‍ തിരുത്തല്‍, ശിക്ഷാനടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.
 
            


























 
				
















