രാജിവെക്കുന്നത് ആലോചിക്കും; പരിഹരിക്കാന്‍ പറ്റാത്ത പ്രശ്‌നങ്ങളൊന്നുമില്ലെന്ന് മോഹന്‍ലാല്‍

കൊച്ചി: താരസംഘടന അമ്മയില്‍ പിന്തുണ കിട്ടിയില്ലെങ്കില്‍ സ്ഥാനം രാജിവെക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നു പ്രസിഡന്റ് മോഹന്‍ലാല്‍.

എല്ലാ അംഗങ്ങളുടെയും പിന്തുണയോടെ മുന്നോട്ടു പോകാനാണ് ശ്രമമെന്നും പരിഹരിക്കാന്‍ പറ്റാത്ത സങ്കീര്‍ണമായ പ്രശ്‌നങ്ങളൊന്നും സംഘടനയിലില്ലെന്നും കൊച്ചിയില്‍ ചേര്‍ന്ന സംഘടനയുടെ എക്‌സിക്യൂട്ടീവ് യോഗത്തിനുശേഷം നടത്തിയ പത്രസമ്മേളനത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.

മാത്രമല്ല, സംഘടനയിലെ ഏതൊരു അംഗത്തിനും അവരുടെ ആശയങ്ങള്‍ പങ്കവയ്ക്കാനുള്ള അവസരമുണ്ടെന്നും, ജനറല്‍ ബോഡിയില്‍ അംഗങ്ങളുടെ അഭിപ്രായങ്ങള്‍ നേരിട്ടോ ഒരു വോട്ടിംഗ് മുഖേനയോ പറയാനുള്ള സന്ദര്‍ഭം ഒരുക്കുമെന്നും, പുറത്തുനിന്നുള്ള റിട്ട. ജഡ്ജിയെ ഉള്‍പ്പെടുത്തി അവരുടെ നിയമോപദേശങ്ങള്‍ നേടി സ്ഥിരമായൊരു ഡിസിപ്ലിനറി കമ്മിറ്റി രൂപവത്ക്കരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.

അതേസമയം, നടിയെ ഉപദ്രവിച്ച കേസില്‍ അമ്മ ഭാരവാഹികളായ ഹണിറോസ്, രചന നാരായണന്‍കുട്ടി എന്നിവര്‍ കക്ഷിചേരാനുള്ള തീരുമാനം സംഘടനയുടേതല്ലെന്നു ട്രഷറര്‍ ജഗദീഷ് പറഞ്ഞു. സംഘടന രചനയോടും ഹണിയോടും ആക്രമിക്കപ്പെട്ട നടിക്ക് എന്തൊക്കെ സഹായങ്ങള്‍ ചെയ്യാന്‍ സാധിക്കുമെന്ന് ചര്‍ച്ച ചെയ്തിരുന്നതിനെ തുടര്‍ന്ന് അവര്‍ സ്വയം എടുത്തതാണ് കക്ഷി ചേരാനുള്ള തീരുമാനമെന്നും അദ്ദേഹം അറിയിച്ചു.