സംസ്ഥാനം കാലവര്‍ഷ കെടുതിയില്‍; ഇതുവരെ തുറന്നത് 22 ഡാമുകള്‍; നിറഞ്ഞ് കവിഞ്ഞ് പുഴകള്‍

തിരുവനന്തപുരം: നാളുകളായി തുടരുന്ന കനത്ത മഴയില്‍ സംസ്ഥാനത്തെ അണക്കെട്ടുകള്‍ ഏറിയ പങ്കും നിറഞ്ഞുകഴിഞ്ഞു. ഇതുവരെ ഇടമലയാറിലെ ഉള്‍പ്പെടെ ഇതുവരെ 22 ഡാമുകള്‍ തുറന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. സംസ്ഥാനത്ത് നിലവില്‍ ഗുരുതരമായ സാഹചര്യമാണ് വന്നുചേര്‍ന്നിട്ടുള്ളതെന്നും ഇത്രയും ഡാമുകള്‍ ഇങ്ങനെ തുറന്നുവിടേണ്ട ഒരു ഘട്ടമുണ്ടായിട്ടില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം കൂടി കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ നീരീക്ഷ കേന്ദ്രം അറിയിച്ചിട്ടുള്ളത്. അണക്കെട്ടുകള്‍ തുറക്കുന്ന ഭാഗത്തേക്ക് ജനങ്ങള്‍ പോകരുതെന്നും വിനോദ സഞ്ചാരികളും വാവുബലിക്ക് പോകുന്നവരും ജാഗ്രത പുലര്‍ത്തണമെന്നും മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. കക്കി ഡാം തുറന്നാല്‍ ആലപ്പുഴയിലും കുട്ടനാട്ടിലും വെള്ളപ്പൊക്ക സാധ്യതയുള്ളതിനാല്‍ നെഹ്‌റു ട്രോഫി വെള്ളംകളിയും മാറ്റിവച്ചു.

കനത്തമഴ വന്‍തോതില്‍ നാശനഷ്ടം വിതച്ച ഇടുക്കി, വയനാട്, കോഴിക്കോട് ജില്ലകടളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് സൈന്യം എത്തും. ദേശീയ ദുരന്തനിവാരണ സേന കോഴിക്കോട്ടെത്തിയിട്ടുണ്ട്.

ഡാമുകള്‍ തുറന്ന് വിട്ടതിനൊപ്പം സംസ്ഥാനത്തുടനീളം ദുരിതം വിതച്ച് കനത്ത പേമാരിയും, ഉരുള്‍പ്പൊട്ടലും ഉണ്ടായി. മലപ്പുറത്ത് അഞ്ചിടത്തും കോഴിക്കോട് മൂന്നിടത്തും ഉരുള്‍പ്പൊട്ടലുണ്ടായി. കൊച്ചിയില്‍ രണ്ടു വിദ്യാര്‍ത്ഥികള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചതടക്കം മഴക്കെടുതിയില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 22 ആയി.

സംസ്ഥാനത്ത് ചെറുതും വലുതുമായി 78 ഡാമുകളാണ് ഉള്ളത്. ഇതില്‍ വൈദ്യുതി വകുപ്പിന് കീഴില്‍ 58 എണ്ണമാണുള്ളത്. വൈദ്യുതി വകുപ്പിന് കീഴിലുള്ള പ്രധാന ഡാമായ ഇടുക്കിയില്‍ 26 വര്‍ഷത്തിന് ശേഷം അണക്കെട്ട് തുറന്ന് ട്രയല്‍ റണ്‍ നടത്തി. 1992ലാണ് മുമ്പ് ഇടുക്കി ഡാം തുറന്നിട്ടുള്ളത്.