അനാദിയായൊരു കാലത്ത്… ഞാൻ മാത്രമോ?

സജി വെച്ചൂർ

ഞാനിപ്പോൾ ഞങ്ങളുടെ പാടത്തിന്റെ പുറംബണ്ട് വഴി പോയിട്ട് വരുകയാണ്.

പേടി തോന്നുന്നു…

പുറം ബണ്ടിന്റെ നിയന്ത്രണം വകവക്കാതെ
അകത്തേയ്ക്ക് ഇരച്ചു കയറുന്ന വെള്ളത്തിന്റെ അപരിചിതമായ ശബ്ദം വല്ലാതെ ഭയം ജനിപ്പിക്കുന്നു…
കറണ്ട് പോയത് ഭയാനകതയ്ക്ക്
പശ്ചാത്തലമൊരുക്കാനാണെന്ന് തോന്നിപ്പോകും, അപ്പോൾ.

ഏത് നിമിഷവും മടവീഴാമെന്ന അവസ്ഥയായതുകൊണ്ട്
പുറംബണ്ടിലെ താമസക്കാരെല്ലാം
ഭയചകിതരായ് മഴയെ വകവയ്ക്കാതെ പുറത്തിറങ്ങി നില്പുണ്ട്.

പോരാത്തതിന് അങ്ങേക്കരയിലെ 300 ഏക്കർ വരുന്ന മിഷ്യൻ പാടം തൊട്ട് മുമ്പ് മട വീണ വിവരം അവരെല്ലാം അറിഞ്ഞിരിക്കുന്നു.

ഏത് നിമിഷവും മട വീണേക്കാവുന്നത് കൊണ്ട് എല്ലാവരും ഈ രാത്രി ഇവിടെത്തന്നെ കഴിച്ച്കൂട്ടാൻ നിൽക്കണ്ടെന്നും
ക്യാമ്പിലേയ്ക്ക് മാറണമെന്നും ഞാൻ അവരോട് ആവശ്യപ്പെട്ടു.

തൊട്ടപ്പുറത്തെ വീട്ടിൽ,
കന്നുകാലിയെ പുരയ്ക്കകത്ത് കയറ്റി നിർത്തിയിരിക്കുന്ന കാഴ്ച എന്റെ ഹൃദയത്തെ ആർദ്രമാക്കി.

അതിന്റെ ഇത്തിരി കൂടി ചെന്നാണ്
ഞാനിന്ന് പകല് പോയി കണ്ട മങ്കാപ്പച്ചിയുടെ വീട്.(എല്ലാരും അങ്ങനെയാണ് വിളിക്കണതെന്നറിഞ്ഞു.)

രാവിലെ തണ്ണീർമുക്കം ബണ്ടിലെ മൺചിറ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട കാര്യത്തിൽ
കർഷകരെ സംഘടിപ്പിച്ച്,
പ്രോജക്ടിന്റെ എക്സിക്യൂട്ടീവ് എഞ്ചിനിയറുടെ കാര്യാലയത്തിലേയ്ക്ക് ഒരു പ്രക്ഷോഭ പരിപാടി സംഘടിപ്പിച്ച തിരക്കും കഴിഞ്ഞ് ഞാൻ പാടശേഖരത്തിന്റെ ബണ്ട് സംരക്ഷണ പ്രവർത്തനത്തിന് പോകുകയായിരുന്നു.

അപ്പോൾ പിന്നിൽ നിന്നൊരു വിളി.

നോക്കുമ്പോൾ നാട്ടിലെ എനിയ്ക്ക് വേണ്ടപ്പെട്ട പിള്ളേർ…

അണ്ണാ, ഞങ്ങൾ ഓരേന്ന് കഴിയ്ക്കാൻ പോകുകയായിരുന്നു.
അപ്പോഴാണ് ഇവിടെ പ്രായമായൊരു വല്യമ്മ
ആരോരുമില്ലാതെ ഒറ്റയ്ക്ക് കഴിയുന്നത് അറിഞ്ഞത്.

“ഞങ്ങൾ മൂന്ന് പേരും കൂടിയെന്ത് ചെയ്തു:
ആ കാശിന് കുറച്ചരിയും ബ്രഡും ബിസ്ക്കറ്റും മറ്റ് വീട്ടു സാധനങ്ങളുമെല്ലാം വാങ്ങി അവർക്കുകൊണ്ടെ കൊടുത്തു.”

വലിയ… മഹത്തായ കാര്യമാണ് മക്കളെ നിങ്ങൾ ചെയ്തതെന്ന് പറഞ്ഞ് ഞാനും അവരെയൊന്ന് കണ്ടേക്കാമെന്ന് നടന്നു.

പോകുന്ന വഴിക്ക് അവരുടെ വീട് ചോദിച്ചപ്പോൾ ആ പാടശേഖരത്തിന്റെ പമ്പിംഗ് ഡ്രൈവർ
സജീവാണ് അത് കാണിച്ച് തന്നത്.

പുരയ്ക്കകത്തേയ്ക്ക് കയറാൻ സജീവ് വിളിപ്പോൾ ഞാൻ കയറി.
വളരെ ദയനീയമായിരുന്നു, സ്ഥിതി.

പൊട്ടിയ ഓടിനിടയിലൂടെ പലയിടങ്ങളിലായി ആകാശം കാണാം.

പക്ഷെ ഒരു കാര്യമുണ്ട്…
മേൽവിതാനമാകെ മാറാല പല തട്ടുകളായ് പിടിച്ച് കിടക്കുകയാണ്.

അങ്ങോട്ടേയ്ക്ക് ചൂലൊന്ന് എത്തി നോക്കിയിട്ട് കാലം കുറച്ചായിട്ടുണ്ട്…

പാചകവും കിടപ്പുമെല്ലാം ആ ഒറ്റമുറിയിലിരുന്ന് തന്നെ.

പണ്ടെപ്പോഴോ ഉപയോഗിച്ചിരുന്ന അടുക്കള
വാതിൽ പോലുമില്ലാതെ ആൾപ്പെരുമാറ്റമില്ലാതെ എന്തൊക്കെയോ എപ്പോഴോ കൂട്ടിയിട്ടിട്ട്, പഴകി കിടപ്പുണ്ട്

അവരെ റിലീഫ് ക്യാമ്പിലേയ്ക്ക് മാറ്റാൻ ഞാൻ ശ്രമിച്ചെങ്കിലും അവരതിന് സമ്മതിച്ചില്ല.

“അന്തരീക്ഷമൊക്കെയൊന്ന് തെളിഞ്ഞിട്ട് ഞാൻ വരാം… അപ്പോൾ എന്റെ പിള്ളേരേയും കൂട്ടാം.
അന്നേരം ഓടൊക്കെയൊന്ന് പൊളിച്ചിടാം നമുക്ക്.” എന്നും പറഞ്ഞാണ് ഞാൻ മടങ്ങി പോന്നതാണ്.

ഇപ്പോൾ വാതിൽ അടച്ചിട്ടിരിക്കുന്നു!

വെള്ളത്തിന്റെ തള്ളിക്കയറ്റത്തിൽ പേടിച്ച് പുറത്തിറങ്ങി നിൽക്കുന്ന അയൽക്കാരോട് ഞാൻ മങ്കമ്മയെക്കുറിച്ച് അന്വേഷിച്ചു:

“മങ്കാപ്പച്ചിയുണ്ടോ ഇവിടെ?”

“മകനേ അവരവിടെയുണ്ട്!”

“അവര് ദുരിതാശ്വാസ ക്യാമ്പിലേയ്ക്ക് ഇതുവരെ പോയില്ലേ?”

“അങ്ങനെ പോയിയേല മകനെ, അവര് !”

സംഭാഷണം അവസാനിപ്പിച്ച് അവിടുന്ന് മുന്നോട്ട് നീങ്ങിയെങ്കിലും, പിന്നങ്ങോട്ട് പോകാൻ എനിയ്ക്ക് തോന്നിയില്ല; എന്തോ! ഉള്ളിലെവിടെയോ ഒരു ഭയം ഉടലെടുത്തു, അപ്പോൾ.

ചുറ്റും, ഒരു പ്രളയം എന്നെ വലയം ചെയ്യുകയാണോ?

അനാദിയായൊരു കാലത്ത്… ഞാൻ മാത്രമോ?

തിരികെ പോരുന്നതാണ് യുക്തിയെന്ന് തോന്നി.

ബൈക്ക് ബാറിന്റെ ഗെയിറ്റിലെത്തിയപ്പോൾ,
രണ്ട് സെക്യുരിറ്റി ജീവനക്കാരും അകന്നുകിടന്ന ഗെയിറ്റിന്റെ ഇരു പാളികളും ഒരേ സ്ഥാനത്തേയ്ക്ക് വലിച്ചടുപ്പിക്കുന്നു…

ഒരു നിമിഷത്തിന്റെ അനുവാദവും വാങ്ങി ഞാൻ അകത്ത് പോയിട്ട് വരുമ്പോൾ മഴ വീണ്ടും ശക്തി പ്രാപിച്ചു.

ആകെ നനഞ്ഞാൽ പിന്നെയെന്ത് കുളിര്?
പോരാത്തതിന് അകത്ത് ചൂടുപിടിപ്പിക്കുന്ന
ഇത്തിരി ഔഷധവും…

മഴ കാര്യമാക്കാതെ ഞാൻ ബൈക്കോടിച്ച് പോന്നു….